മസ്കത്ത്: നീണ്ട 47 വർഷത്തെ ഇടവേളക്കുശേഷം റൂവിയിലെ മച്ചി മാർക്കറ്റ് മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥന (ജുമുഅ) പുനരാരംഭിച്ചു. മുൻകാലങ്ങളിൽ അക്കാലത്തെ പ്രധാന ജുമാമസ്ജിദായ റൂവി മച്ചി മാർക്കറ്റ് മസ്ജിദിൽ ജുമുഅ പ്രാർഥന നടന്നിരുന്നു. എന്നാൽ, 1975 ജനുവരി 25ന് റൂവിയിൽ വിപുലമായ സൗകര്യത്തോടെ ഖാബൂസ് മസ്ജിദ് ആരംഭിച്ചതോടെ ജുമുഅ അങ്ങോട്ട് മാറ്റുകയായിരുന്നു.
ഇതോടെ മച്ചി മാർക്കറ്റ് മസ്ജിദിൽ മറ്റ് പ്രാർഥനകൾ നടന്നിരുന്നെങ്കിലും ജുമുഅ നിലച്ചു. അസൗകര്യത്തിൽ ഞെരുങ്ങുകയായിരുന്ന മച്ചി മാർക്കറ്റ് മസ്ജിദ് മൂന്നുവർഷം മുമ്പാണ് പുനർ നിർമാണം ആരംഭിച്ചത്. മാസങ്ങൾക്കുമുമ്പാണ് ഇതിന്റെ പുനർ നിർമാണം പൂർത്തിയായത്. ഇതോടെ സാധാരണ പ്രാർഥനകൾ പുനരാരംഭിച്ചെങ്കിലും കഴിഞ്ഞയാഴ്ചയാണ് ജുമുഅ പുനരാരംഭിച്ചത്.
മലയാളികളുടെ പ്രധാന സംഗമകേന്ദ്രം കൂടിയായിരുന്നു മച്ചി മാർക്കറ്റ് മസ്ജിദ്. തിരക്ക് വർധിച്ചതോടെ ഇവിടെ സൗകര്യങ്ങൾക്ക് പരിമിതിവന്നു. കാലപ്പഴക്കത്താൽ മസ്ജിദിന് കേടുപാടുകൾ വരാൻ തുടങ്ങിയപ്പോൾ ഏതാനും വർഷം മുമ്പ് മസ്ജിദ് പുതുക്കിപ്പണിയുകയായിരുന്നു.
നാട്ടിൽ നിന്നെത്തുന്ന നിരവധി മുസ്ലിം നേതാക്കൾക്കുള്ള സ്വീകരണം ഇവിടെ സംഘടിപ്പിച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, എ.പി. അബൂബക്കർ മുസ്ലിയാർ, ടി.കെ. അബ്ദുല്ല മൗലവി, കെ.എ. സിദ്ദീഖ് ഹസൻ തുടങ്ങിയ പ്രമുഖർ ഇവിടെ മലയാളികളുടെ സ്വീകരണം ഏറ്റുവാങ്ങിയിരുന്നു.
1975ൽ നിർമാണം പൂർത്തിയായ റൂവി ഖാബൂസ് മസ്ജിദ് അക്കാലത്തെ ഒമാനിലെ ഏറ്റവും വലിയ മസ്ജിദായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.