അച്ഛൻ കാണിച്ച വഴിയിൽ...

ഓർമകളിൽ ഒരുപാട് റമദാൻ കാലമുണ്ട്. അതിൽ ഒരിക്കലും മറക്കാൻ കഴിയാത്തത് 1984 ജൂണിലെ നോമ്പുകാലമാണ്. അന്ന് ഞാൻ ദുബൈയിലെ ബാങ്കിൽ മാനേജ്മെന്‍റ് ട്രെയിനിയാണ്. സാധാരണ ബാങ്കിലെ പ്രവൃത്തി ആരംഭിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞാൽ ചായ കൊണ്ടുവരും.

എന്നാൽ, നോമ്പുകാലത്ത് ആ പതിവില്ല. ജൂണിലാണ് എന്‍റെ പിറന്നാൾ. സാധാരണ എന്‍റെ പിറന്നാൾ അച്ഛനും അമ്മയും കേമമായി ആഘോഷിക്കും. 1983 വരെയുള്ള പിറന്നാൾ സമൃദ്ധമായിരുന്നു. ആ ജൂൺ മാസം പതിവ് തെറ്റിച്ചു. എന്നാൽ, പിറന്നാളാണെന്ന് മനസ്സിലാക്കിയ തൃശൂരുകാരനായ സഹപ്രവർത്തകൻ എന്നെ കൂട്ടിക്കൊണ്ടുപോയി കാപ്പിയും റൊട്ടിയും തന്നു. അന്നത്തെ ആ കാപ്പിയും റൊട്ടിയും എന്‍റെ റമദാൻ കാലത്തെ മറക്കാത്ത പിറന്നാൾ ഓർമയായി എന്നും ഉണ്ടാകും. അയാൾ കാണിച്ച സ്നേഹം മറക്കാൻ കഴിയില്ല. ഇപ്പോൾ, ഞാൻ പിറന്നാളിന് വലിയ ഗൗരവമൊന്നും കൊടുക്കാറില്ല. ഭാര്യയാണ് അതൊക്കെ ശ്രദ്ധിക്കുന്നത്.

കേരളത്തിൽ ഈദ് സംഗമം ആദ്യമായി നടത്തിയ രാഷ്ട്രീയക്കാരൻ അച്ഛനാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും മറ്റ്, സ്ഥാനങ്ങളൊന്നും ഇല്ലാത്തപ്പോഴും നോമ്പുതുറ നടത്തി. ഞാനും ആ പതിവ് തുടർന്നു.

ഇന്നത്തെ കാലത്ത്, ഏവരും നോമ്പിന്‍റെയും നോമ്പുതുറയുടെയും ഭാഗമായി നിൽക്കേണ്ടത് സാമൂഹിക ബാധ്യതയാണ്. കാരണം, ജനാധിപത്യം അപകടത്തിൽപെട്ടിരിക്കുകയാണ്. മതസൗഹാർദത്തെ തകർക്കാനുള്ള നീക്കമാണ് രാജ്യത്താകെ കാണുന്നത്. ഇവിടെ, കേരളം മാത്രമാണ് സൗഹാർദത്തിന്‍റെ തനിമ അതിന്‍റെ പ്രതാപത്തോടെ നിലനിർത്തുന്നത്. രണ്ടു വർഷത്തിനുശേഷം വീണ്ടും നാം പഴയ പ്രതാപത്തോടെ റമദാനെ വരവേറ്റിരിക്കുകയാണ്. എല്ലായിടത്തും സന്തോഷത്തോടെയുള്ള ഒത്തുചേരൽ നടക്കുകയാണ്. സന്തോഷമാണുള്ളത്.

അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ ഏക സിവിൽകോഡ് കൊണ്ടുവരാൻ ശ്രമിക്കുന്നതായാണ് മനസ്സിലാക്കുന്നത്. ഏറെ അപകടംപിടിച്ച കാലത്ത്, സഹോദരമതങ്ങളുടെ ആചാരങ്ങളുടെ ഭാഗമായി നിൽക്കേണ്ടത് അനിവാര്യതയാണ്.

Tags:    
News Summary - k muraleedharans ramadan memmories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.