കൊടകര: ആയിരങ്ങളുടെ മനസില്‍ വര്‍ണ-നാദ വിസ്മയങ്ങള്‍ വാരിനിറച്ച് കൊടകര ഷഷ്ഠി ആഘോഷം അവിസ്മരണീയമായി. 21 സെറ്റുകളില്‍ നിന്നുള്ള നൂറുകണക്കിനു കാവടികള്‍ ഒന്നിന് പിറകെ ഒന്നായി പൂനിലാര്‍ക്കാവ് മൈതാനിയിലേക്ക് കടന്നുവരുന്ന മനോഹര കാഴ്ച കാണുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അനേകരാണ് ശനിയാഴ്ച കൊടകരയിലെത്തിയത്. പുലര്‍ച്ചെ നാലരയോടെ പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍നിന്ന് പാല്, പനിനീര്, കളഭം, പഞ്ചാമൃതം തുടങ്ങിയ അഭിഷേകദ്രവ്യങ്ങളുമായി ഊരാളനും ദേവസ്വം അധികൃതരും ആഘോഷകമ്മിറ്റി ഭാരവാഹികളും കുന്നിന് മുകളിലുള്ള സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പുറപ്പെട്ടതോടെയാണ് കൊടകര ഷഷ്ഠിയുടെ ചടങ്ങുകള്‍ ആരംഭിച്ചത്.
കുന്നതൃക്കോവില്‍ ക്ഷേത്രത്തില്‍ പൂനിലാര്‍ക്കാവ് ദേവസ്വം വകയായി ആദ്യ അഭിഷേകം നടന്നു. തുടര്‍ന്ന് ഭക്തജനങ്ങളുടെ വക അഭിഷേകങ്ങളും ആരംഭിച്ചു. പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിന്റെ കീഴേടമായ കുന്നതൃക്കോവില്‍ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലാണ് ഷഷ്ഠി ആഘോഷം നടക്കുന്നതെങ്കിലും കാവടിയാട്ടത്തിന് വേദിയാകുന്നത് പൂനിലാര്‍ക്കാവ് ക്ഷേത്രമൈതാനമാണ്.
രാവിലെ ഒമ്പതോടെ വിവിധ സമാജങ്ങളില്നിന്ന് കാവടി ഘോഷയാത്രകള്‍ പുറപ്പെട്ടു. ഉച്ചയോടെ പൂനിലാര്‍ക്കാവ് ക്ഷേത്രമൈതാനത്തെത്തിയ കാവടിസെറ്റുകളെ ആതിഥേയരായ കാവില്‍ എന്‍.എസ്.എസ് കരയോഗം സെറ്റ് ആചാരപ്രകാരം എതിരേറ്റ് ക്ഷേത്രനടയിലേക്കാനയിച്ചു. വിശ്വബ്രാഹ്മണസമാജം വക കാവടി സെറ്റാണ് ആദ്യം ക്ഷേത്രമൈതാനത്ത് പ്രവേശിച്ചത്. അവസാന ഊഴക്കാരായ കാവടി സെറ്റ് കാവില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് ആട്ടം അവസാനിപ്പിച്ചപ്പോള്‍ ഉച്ചകഴിഞ്ഞ് മൂന്നരകഴിഞ്ഞിരുന്നു.
കവാടി, നാഗസ്വരം എന്നിവക്കു പുറമെ ചെണ്ടുകാവടി, ദേവനൃത്തം, നിശ്ചലദൃശ്യങ്ങള്‍, ചലിക്കുന്ന റൊബോട്ടിക് ആനകള്‍, ബാൻഡ് വാദ്യം, നാസിക് ഡോള്‍ എന്നിവയും ആഘോഷത്തിന് മാറ്റുകൂട്ടി വൈകുന്നേരം പൂനിലാര്ക്കാവില്നിന്ന് ചെട്ടിവാദ്യത്തിന്റെ അകമ്പടിയോടെ കുന്നതൃക്കോവില്‍ ക്ഷേത്രത്തിലേക്ക് ഭസ്മക്കാവടി എഴുന്നള്ളിപ്പും നടന്നു. കാവടി സെറ്റുകളുടെ ഭാരവാഹികള്‍ക്ക് പുറമെ കോഓഡിനേഷന്‍ സമിതി ഭാരവാഹികളും ആഘോഷത്തിന് നേതൃത്വം നല്കി. രാത്രിയിലും കാവടിയാട്ടം ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.