കൊടകര: തകിലിന്റെ ദ്രുതതാളത്തിനും നാസിക് ഡോളിന്റെ കാതടപ്പിക്കുന്ന ശബ്ദവീചികള്‍ക്കുമൊപ്പം നൃത്തച്ചുവട് വെച്ച് പീലിക്കാവടികളും പൂക്കാവടികളും ചേര്‍ന്നതോടെ കൊടകര ഷഷ്ഠി വർണാഭം. കോവിഡ് കാലത്തിനുശേഷം വിപുലമായി ആഘോഷിക്കപ്പെട്ട ഷ്ഷഠി അനേകായിരങ്ങള്‍ക്ക് അവിസ്മരണീയമായി.
21 കാവടി സംഘങ്ങളാണ് ചൊവ്വാഴ്ച പകല്‍ കൊടകരയിലെ വഴികളില്‍ നിറഞ്ഞാടിയത്. പുതുമയാര്‍ന്ന കാവടികളും ദേവനൃത്തവും ആകര്‍ഷകമായ േഫ്ലാട്ടുകളും അകമ്പടിയായി. തകില്‍, നാഗസ്വരം എന്നിവക്കുപുറമെ ചെണ്ടമേളവും ബാൻഡ് വാദ്യവും ഒരുക്കിയിരുന്നു.
പുലര്‍ച്ച നാലോടെ പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍നിന്ന് പാല്‍, പനിനീര്, കളഭം, പഞ്ചാമൃതം തുടങ്ങിയ അഭിഷേകദ്രവ്യങ്ങളുമായി ഊരാളനും ദേവസ്വം അധികൃതരും ആഘോഷക്കമ്മിറ്റി ഭാരവാഹികളും കുന്നിന്മുകളിലുള്ള സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പുറപ്പെട്ടതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. കുന്നതൃക്കോവില്‍ ക്ഷേത്രത്തില്‍ ദേവസ്വം വകയായാണ് ആദ്യ അഭിഷേകം നടന്നത്.
തുടര്‍ന്ന് ഭക്തജനങ്ങളുടെ അഭിഷേകങ്ങള്‍ ആരംഭിച്ചു. വിവിധ കാവടി സമാജങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ ഓരോ കാവടിയുമായി ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തിയ ശേഷം വിവിധ സമാജങ്ങളില്‍ കാവടിയാട്ടം തുടങ്ങി. ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി അമൃത് ഭട്ട് എന്നിവര്‍ കാർമികത്വം വഹിച്ചു.
രാവിലെ ഒമ്പതോടെ വിവിധ ദേശക്കാരുടെ കാവടിയാട്ടം ആരംഭിച്ചു. ഊഴമനുസരിച്ച് പൂനിലാര്‍ക്കാവ് ക്ഷേത്രമൈതാനത്തെത്തിയ കാവടി സെറ്റുകളെ ആതിഥേയരായ കാവില്‍ കരയോഗം സെറ്റ് ആചാരപ്രകാരം എതിരേറ്റു. വിശ്വബ്രാഹ്മ്ണ സമാജത്തിന്റെ കാവിടി സെറ്റാണ് ആദ്യം എത്തിയത്. അവസാന ഊഴക്കാരായ കാവില്‍പടിഞ്ഞാറേനട കൂട്ടായ്മയുടെ കാവടി സംഘം വൈകുന്നേരം അഞ്ചരയോടെ ക്ഷേത്രനടയിലെത്തിയപ്പോഴാണ് പകലാട്ടത്തിന് സമാപനമായത്.
വൈകീട്ട് കാവില്‍ കരയോഗം സെറ്റിന്റെ നേതൃത്വത്തില്‍ പൂനിലാര്‍ക്കാവില്‍നിന്ന് ചെട്ടിവാദ്യത്തിന്റെ അകമ്പടിയോടെ നടന്ന ഭസ്മക്കാവടി എഴുന്നള്ളിപ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. കാവടി സെറ്റുകളുടെ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെ കൊടകര ടൗണില്‍ പൊലീസ് ഏര്‍പ്പെടുത്തിയ ഗതാഗാത നിയന്ത്രണം കാവടിയാട്ടം വീക്ഷിക്കാനെത്തിയ ആയിരങ്ങള്‍ക്ക് സഹായമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.