ആയുസ്സും ആരോഗ്യവും ജീവിത സൗകര്യങ്ങളും എല്ലാം തികഞ്ഞവരാണെങ്കിലും ഈ നിറവുകൾ അനുഭവിക്കാൻ റബ്ബിന്‍റെ അനുഗ്രഹവും സഹായവും ആവശ്യമാണ്. മനുഷ്യരേ, നിങ്ങൾ അല്ലാഹുവിങ്കലേക്ക് ആശ്രിതന്മാരാകുന്നു; അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യർഹനുമാകുന്നു (ഖുർആൻ 35:15). അല്ലാഹുവേ, കണ്ണ് ഇമവെട്ടുന്ന സമയം പോലും എന്‍റെ കാര്യം എന്നിലേക്ക് ഏൽപിക്കരുതേ എന്ന് നബി (സ) പ്രാർഥിക്കാറുണ്ടായിരുന്നു.
ബുദ്ധിയും ശക്തിയും സമ്പത്തുമെല്ലാം തികഞ്ഞിട്ടും പരിഹരിക്കപ്പെടാത്ത എത്രയോ വേവലാതികൾക്കിടയിലാണ് അധികപേരും ജീവിക്കുന്നത്.
ഇവക്കൊക്കെയുള്ള ഏക പരിഹാരമാണ് ആത്മാർഥമായ പ്രാർഥന. പ്രാർഥനയില്ലെങ്കിൽ നിങ്ങളെ അല്ലാഹു പരിഗണിക്കുകയേയില്ല എന്ന് (ഖുർആൻ 25:77) അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്. അപ്പോൾ പ്രാർഥനയാണ് വിശ്വാസിയുടെ രക്ഷാകവചം. പ്രാർഥനയാൽ അല്ലാഹു തന്‍റെ വിധിയെപ്പോലും തടുത്തുനിർത്തുമെന്ന് ഹദീസിൽ കാണാം.
പ്രാർഥനകൾക്ക് അല്ലാഹുവിങ്കൽ പ്രത്യേക പരിഗണന ലഭിക്കുന്ന ദിവസങ്ങളും സമയങ്ങളും നബി പഠിപ്പിച്ചുതന്നിട്ടുണ്ട്. അതിലൊന്നാണ് വിശുദ്ധ റമദാൻ. അതിൽതന്നെ അവസാനത്തെ പത്തു രാത്രികൾ. ആയിരം മാസത്തേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ എന്ന് ഖുർആൻ വിശേഷിപ്പിച്ച ദിനം.
ഈ നാളുകളിൽ നബി (സ) ആരാധനകൾക്കുവേണ്ടി മുണ്ടുമുറുക്കി ഉടുത്തിരുന്നുവെന്നും കുടുംബങ്ങളെ വിളിച്ചുണർത്തി നമസ്കരിക്കാനും പശ്ചാത്തപിക്കാനും കൽപിച്ചിരുന്നുവെന്നും കാണാം. അപ്രകാരം ദാനധർമങ്ങൾ ചെയ്യാനും നബി (സ) അതിജാഗ്രത പുലർത്തിയിരുന്നു.
ആയിരം മാസത്തേക്കാൾ പുണ്യമുള്ള രാവ്, സമാധാനത്തിന്റെ രാവ്, ഖുർആൻ അവതരണം ആരംഭിച്ച രാവ്, കഴിഞ്ഞകാല പാപങ്ങളെല്ലാം പൊറുക്കപ്പെടുന്ന രാവ് എന്നിങ്ങനെ ഖുർആനിലും നബി വചനങ്ങളിലും വിശേഷിപ്പിക്കപ്പെട്ട ഈ നാളുകൾ സൽകർമങ്ങൾ കൊണ്ട് നാം ധന്യമാക്കുക.
ഈ പുണ്യരാവുകളിൽ എന്താണ് പ്രത്യേകമായി പ്രാർഥിക്കേണ്ടത് എന്ന് ആയിശ (റ) നബിയോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു; അല്ലാഹുവേ നീ മാപ്പു ചെയ്യുന്നവനും മാപ്പ് ഇഷ്ടപ്പെടുന്നവനുമാണല്ലോ. എനിക്കു നീ മാപ്പ് തരേണമേ എന്ന് പ്രാർഥിക്കുക.
ദീർഘായുസ്സുള്ള ഒരു വ്യക്തി ജീവിതകാലം മുഴുവൻ ആരാധന കർമങ്ങളിൽ മുഴുകിയാൽപോലും നേടാൻ കഴിയാത്ത പുണ്യം ലൈലത്തുൽ ഖദ്റിലുണ്ടെന്ന് അല്ലാഹു വാക്കുതന്നിട്ടും അതിനുവേണ്ടി മുണ്ടുമുറുക്കിയ നബിയുടെയും അനുചരന്മാരുടെയും ജീവചരിത്രം പഠിച്ചിട്ടും അതൊന്നും മനസ്സിൽ തട്ടാത്ത മനുഷ്യർ എത്ര നിർഭാഗ്യവാന്മാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.