മാ​വൂ​ർ കി​ടാ​പ്പി​ൽ മു​ത്ത​പ്പ​ൻ ഗു​രി​ക്ക​ൾ ക്ഷേ​ത്ര​ത്തി​ൽ അ​ര​ങ്ങേ​റി​യ മു​ത്ത​പ്പ​ൻ-​ഗു​രി​ക്ക​ൾ തി​റ​യി​ൽ​നി​ന്ന്

മുത്തപ്പനും ഗുരിക്കളും നിറഞ്ഞാടി മാവൂരിൽ അപൂർവ മതമൈത്രി തിറ

മാവൂർ: മതങ്ങളുടെ പേരിൽ വേർതിരിവുകൾ അടിച്ചേൽപിക്കുന്ന കാലത്ത് മതമൈത്രി സന്ദേശമേകി അപൂർവ തിറ. മാവൂർ കിടാപ്പിൽ മുത്തപ്പൻ ഗുരിക്കൾ ക്ഷേത്രത്തിലാണ് വർഷന്തോറും അപൂർവ തിറ അരങ്ങേറുന്നത്. കോവിഡിനെ തുടർന്ന് മുടങ്ങിയ തിറ രണ്ടുവർഷത്തിനുശേഷം ബുധനാഴ്ച അരങ്ങേറിയപ്പോൾ ഭക്തജനങ്ങളടക്കം ഒഴുകിയെത്തി. വിവിധ മതവിഭാഗങ്ങളിലുള്ളവരടക്കം എത്തുന്ന ഉത്സവത്തിൽ മുത്തപ്പൻ-ഗുരിക്കൾ വെള്ളാട്ടും തിറയാട്ടവുമാണ് പ്രത്യേകത.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ മുത്തപ്പനും ഗുരിക്കളുമാണ്. ക്ഷേത്രമതിൽകെട്ടിനകത്ത് ഒരു പള്ളിയറയിലാണ് ഹിന്ദുവായ മുത്തപ്പന്റെയും മുസ് ലിമായ ഗുരിക്കളുടെയും പ്രതിഷ്ഠകളുള്ളത്. നൂറ്റാണ്ടുകൾക്കുമുമ്പ് പ്രദേശത്തുണ്ടായിരുന്ന ഹിന്ദുവായ നാട്ടുപ്രമാണിയും കച്ചവടാവശ്യാർഥം ഇവിടെയെത്തിയ ഗുരിക്കളും തമ്മിലുള്ള സൗഹൃദവും സഹോദരതുല്യമായ സ്നേഹവുമാണ് മരണശേഷം ഇവർക്ക് ദൈവിക പരിവേഷം നൽകി ആരാധനാപാത്രങ്ങളാക്കാൻ കാരണം.

ഉത്സവദിവസം വെള്ളാട്ടാണ് ക്ഷേത്രമുറ്റത്ത് ആദ്യം അരങ്ങേറുക. ലളിതവേഷ വിധാനത്തോടെയാണ് ഇരുവരും വെള്ളാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. മുത്തപ്പന് മുഖത്ത് മിനുക്കും തലപ്പാവും തുണികൊണ്ടുള്ള അരയടയും മറ്റുമാണുള്ളത്. കൈലി മുണ്ടും ബനിയനും അരയിൽ അരപ്പട്ടയും ധരിച്ച് രംഗത്തിറങ്ങുന്ന ഗുരിക്കൾക്ക് താടിയും നെറ്റിയിൽ നിസ്കാരത്തഴമ്പും തലയിൽ തൊപ്പിയുമുണ്ടാകും.

ക്ഷേത്രമുറ്റത്തെത്തുന്ന ഗുരിക്കൾ മുത്തപ്പനുമായി പരിചയപ്പെടുകയും തുടർന്ന് സൗഹൃദത്തിലാവുകയും ചെയ്യുന്നതാണ് വെള്ളാട്ടിൽ അരങ്ങേറുന്നത്. തുടർന്ന് ഗുരിക്കൾ തന്റെ അഭ്യാസപാടവം മുത്തപ്പനുമുന്നിൽ പ്രദർശിപ്പിക്കും. ഏറെനേരം നീളുന്ന വെള്ളാട്ടിനിടെ ക്ഷേത്രമുറ്റത്ത് ബാങ്കുവിളിയും നമസ്കരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഗുരിക്കൾ അഭിനയിക്കും. ഈ വെള്ളാട്ടിനുശേഷം അരങ്ങേറുന്ന തിറയാട്ടത്തിൽ ഇരുവേഷങ്ങളും ഏറെ വ്യത്യസ്തമായിരിക്കും. ഈ തിറയാട്ടത്തിൽ ഇരുവർക്കും പുറമെ മറ്റ് പല വേഷക്കാരും എത്തും.

മുത്തപ്പന്റെയും ഗുരിക്കളുടെയും വാസസ്ഥലത്തേക്ക് അതിക്രമിച്ചുവരുന്നവരുമായി രണ്ടുപേരും ചേർന്ന് നടത്തുന്ന പോരാട്ടങ്ങളും യുദ്ധവുമാണ് തിറയാട്ടത്തിന്റെ കഥാതന്തു. ചെണ്ട, ഇലത്താളം, കുറുങ്കുഴൽ എന്നീ വാദ്യങ്ങളുടെ താളത്തിനൊപ്പമാണ് തിറയാട്ടം അരങ്ങേറുന്നത്. ചാത്തമംഗലം തിറയാട്ട കലാസമിതിയാണ് ഇത്തവണ ക്ഷേത്രത്തിൽ തിറയാട്ടം അവതരിപ്പിച്ചത്.

Tags:    
News Summary - Mavoor Muthappan Gurukkal Temple Thira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.