ദോഹ: വിശുദ്ധ റമദാനിൽ ഭക്ഷ്യോൽപന്നങ്ങളുടെ അന്യായ വിലക്കയറ്റം തടയാനുള്ള നടപടികളുമായി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. റമദാനിൽ ഭക്ഷ്യോൽപന്നങ്ങളുടെ ആവശ്യം വർധിക്കുന്നത് ചില ഉപഭോഗ വസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും വിലയിലെ സ്ഥിരത ഉറപ്പാക്കുന്നതിനായി മന്ത്രാലയത്തിനു കീഴിൽ നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയത്തിലെ ക്വാളിറ്റി ലൈസൻസിങ് ആൻഡ് മാർക്കറ്റ് കൺട്രോൾ വിഭാഗം മേധാവി ഡോ. മുഹമ്മദ് അഹ്മദ് അൽ ബൂഹിഷാം അൽ സെയ്ദ് പറഞ്ഞു.
പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ആട്ടിൻ മാംസം വിലയിൽ സബ്സിഡി നൽകുന്നതുൾപ്പെടെയുള്ള സംരംഭങ്ങൾ ഇതിലുൾപ്പെടുമെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഡോ. മുഹമ്മദ് അഹ്മദ് ബൂഹിഷാം അൽസെയ്ദ് കൂട്ടിച്ചേർത്തു.
റമദാന് മുന്നോടിയായി മാർച്ച് 18ന് ആരംഭിച്ച ഈ സംരംഭത്തിന് കീഴിൽ ഇതുവരെയായി 4800 ആടുകളെ വിറ്റഴിച്ചു. ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ കീഴിൽ നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് രാജ്യത്തുടനീളമുള്ള ഭക്ഷണശാലകളിൽ പരിശോധനക്ക് വിദഗ്ധരടങ്ങുന്ന സംഘങ്ങളെ വിന്യസിച്ചതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതോടൊപ്പം വാണിജ്യ ഔട്ട്ലറ്റുകളിൽ എന്തെങ്കിലും രീതിയിലുള്ള ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ വാണിജ്യ വ്യവസായ മന്ത്രാലയവുമായി അതിന്റെ ആശയവിനിമയ മാർഗങ്ങളിലൂടെ അറിയിക്കണമെന്ന് ഉപഭോക്താക്കളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. മുഴുവൻ ഭക്ഷ്യവസ്തുക്കളും സേവനങ്ങളും ന്യായവിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേർത്തു.
വാണിജ്യ വ്യവസായ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, വിദാം ഫുഡ് കമ്പനി എന്നിവർ സംയുക്തമായി പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും സബ്സിഡി നിരക്കിൽ ആട്ടിൻമാംസം വിതരണം ചെയ്യുന്നതിനുമായി ദേശീയ സംരംഭങ്ങൾ ഈയിടെ ആരംഭിച്ചിരുന്നു.
മാർച്ച് 18ന് ആരംഭിച്ച വിതരണം റമദാൻ അവസാനം വരെ തുടരും. സംയുക്തമായ സംരംഭത്തിലൂടെ 30,000 പ്രാദേശിക ആടുകളെയാണ് വിദാം ഫുഡ് കമ്പനി കുറഞ്ഞ വിലക്ക് പൗരന്മാർക്ക് വിൽക്കുന്നത്. നേരത്തേ, മാർച്ച് 12 മുതൽ റമദാൻ അവസാനം വരെ 900ലധികം സാധനങ്ങൾ വിലക്കിഴിവിൽ റമദാനിൽ ലഭ്യമാക്കുന്നതിനുള്ള സംരംഭത്തിനും മന്ത്രാലയം തുടക്കംകുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.