ജിദ്ദ: കഴിഞ്ഞ ഹജ്ജ് സീസണിൽ വിദേശത്തും ആഭ്യന്തരമായും തീർഥാടകർക്കായുള്ള സേവന കമ്പനികളുടെ ഗുണനിലവാര വിലയിരുത്തലിന്റെ ഫലങ്ങൾ ഹജ്ജ്, ഉംറ മന്ത്രാലയം വെളിപ്പെടുത്തി. ആഭ്യന്തര തീർഥാടകർക്കായി ആറ് കമ്പനികൾക്ക് ഉയർന്ന പ്രകടന റേറ്റിങ്ങും അഞ്ച് കമ്പനികൾക്ക് കുറഞ്ഞ പ്രകടന റേറ്റിങ്ങും ലഭിച്ചു. വിദേശ തീർഥാടകരെ സേവിക്കുന്നതിൽ മൂന്ന് കമ്പനികൾ മികച്ച പ്രകടനവും 12 കമ്പനികൾ ശരാശരി പ്രകടനവും മൂന്ന് കമ്പനികൾ കുറഞ്ഞ പ്രകടനവും നേടി.
മൂന്ന് പ്രധാന മൂല്യനിർണയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു കമ്പനികളുടെ വിലയിരുത്തൽ. പ്രതിബദ്ധതയും അനുസരണവും പ്രകടന നിരക്കിന്റെ 50 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. സേവന പ്രകടനത്തിന്റെ ഗുണനിലവാരം 30 ശതമാനവും തീർഥാടകരുടെ സംതൃപ്തി 20 ശതമാനവുമായാണ് വിലയിരുത്തൽ നടത്തിയത്.
രാജ്യത്തിനകത്തും പുറത്തുമുള്ള തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന കമ്പനികൾ നൽകുന്ന താമസം, ഗ്രൗണ്ട് സേവനങ്ങൾ, അറഫയിലെ സേവനങ്ങൾ, മിനയിലെ സേവനങ്ങൾ, മുസ്ദലിഫയിലെ സേവനങ്ങൾ എന്നിങ്ങനെ ആറ് അടിസ്ഥാന കാര്യങ്ങളിൽ നിന്നാണ് മൂല്യനിർണയം കണക്കാക്കിയത്.
ഹജ്ജ് തീർഥാടകരായ അതിഥികളുടെ സേവനത്തെ ബാധിക്കുന്ന ഒരു അശ്രദ്ധയും അനുവദിക്കില്ലെന്നും വെച്ചുപൊറുപ്പിക്കില്ലെന്നും ഹജ്ജ്, ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു. തീർഥാടകരുടെ ആഗ്രഹ പൂർത്തീകരണത്തിനായി അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും പ്രകടനത്തിന്റെ ഗുണനിലവാരം അളക്കുന്നതും സേവന സ്വീകർത്താക്കളുടെ റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതും തുടരുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.