ചെറുവത്തൂർ: പതിനായിരങ്ങൾക്ക് ദർശനസായൂജ്യമേകി ചന്തേരയിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. 22 സംവത്സരങ്ങൾക്കു ശേഷമെത്തിയ ഭഗവതിയുടെ ദർശനത്തിനെത്തുന്നവരുടെ തിരക്ക് സംഘാടകരെപ്പോലും വിസ്മയിപ്പിക്കുന്നതായിരുന്നു.
പെരുമ്പപുഴ കടന്ന് കരിവെള്ളൂരിലെത്തി ആത്മാഹുതിചെയ്ത ബ്രാഹ്മണ കന്യകയുടെ പുരാവൃത്തത്തെ അനുസ്മരിച്ച് ഭഗവതിയുടെ പ്രതിപുരുഷനും വാല്യക്കാരും മേലേരി കൈയേറ്റു. തുടർന്ന് ഉച്ചക്ക് രണ്ടരയോടെയാണ് കൈലാസക്കല്ലിനടുത്ത് തിരുമുടി ഉയർന്നത്. ചെത്തിപ്പൂമാലകൊണ്ട് അലംകൃതമായ വർണമുടിയണിഞ്ഞ ദേവിയെ വിശ്വാസികൾ അരിയെറിഞ്ഞ് സ്വീകരിച്ചു.
ദേവവാദ്യമായ തകിലിന്റെയും ചീനിക്കുഴലിന്റെയും അനന്യസുന്ദരമായ പതിഞ്ഞ താളത്തിനൊപ്പം പൊയ്ക്കണ്ണണിഞ്ഞ് കൈകളിൽ വെള്ളോട്ട് പന്തം ചുഴറ്റി ക്ഷേത്രത്തിന് മൂന്നുതവണ വലംവെച്ചു.
തുടർന്ന് മണിക്കിണറിൽ നോക്കി പൂവിട്ട് തിരുവായുധം ഏറ്റുവാങ്ങി. അനുഷ്ഠാനങ്ങൾക്കുശേഷമാണ് കാത്തിരുന്ന ഭക്തന്മാർക്ക് മഞ്ഞക്കുറി നൽകി അനുഗ്രഹിച്ചത്. രാത്രി 12ന് വെറ്റിലാചാരത്തിനുശേഷം തിരുമുടി താഴ്ത്തി.
പിലിക്കോട് ബാബു കർണമൂർത്തിയാണ് മുച്ചിലോട്ട് ഭഗവതിയുടെ കോലധാരി. സമാപനദിനത്തിൽ പുലിയൂർ കണ്ണൻ, തൽസ്വരൂപൻ ദൈവം, അങ്ക കുളങ്ങര ഭാഗതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, കുണ്ടോർ ചാമുണ്ഡി, പുലിയൂർ കാളി എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തി. ക്ഷേത്രത്തിലെത്തിയവർക്കെല്ലാം അന്നദാനവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.