ജനകോടികളുടെ മനസ്സിൽ പച്ച മാറാതെ കിടക്കുന്ന മിനാരത്തുമ്പിലെ ഹരിതപ്രഭയുടെ കൗതുകത്താലാകാം, അപരിചിത കരങ്ങളിലും ആ പൈതൽ കരഞ്ഞില്ല. മഹാമാരിക്കാലം കടന്ന് പുണ്യരാവ് തേടിയെത്തിയ പാരാവാരത്തിനു നടുവിൽ, സുരക്ഷാ ഭടന്റെ കരങ്ങളിൽ മലർന്ന് കിടന്ന് ആ കുഞ്ഞ് മക്കയുടെ ആകാശം നോക്കി.
റമദാൻ 21ാം രാവിൽ രാത്രി നമസ്കാരത്തിനായി ഇരമ്പിയെത്തിയ വിശ്വാസികളെ നിയന്ത്രിക്കാൻ ഹറമിന്റെ കവാടത്തിലുയർത്തിയ ബാരിക്കേഡിനു മുന്നിൽ പെട്ടുപോയ കുടുംബമാണ് സുരക്ഷക്കായി തങ്ങളുടെ കുഞ്ഞിനെ സൈനികനെ ഏൽപ്പിച്ചത്. തിരക്കൽപം കുറഞ്ഞതോടെ തുറന്ന ബാരിക്കേഡിനിടയിലൂടെ "അൽഹംദുലില്ലാഹ് " എന്ന ആരവത്തോടെ ആൾക്കൂട്ടം അകത്തേക്കൊഴുകി. പിങ്ക് കുപ്പായത്തിൽ പൊതിഞ്ഞ പൈതലിനെ, അതിനിടയിലെങ്ങനെയോ രക്ഷിതാക്കൾക്ക് കൈമാറിയ സുരക്ഷാ ഭടനും അന്നേരം ദൈവത്തെ സ്തുതിച്ചു.
പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന മക്ക, മദീന ഹറം പള്ളികൾ നീണ്ട രണ്ടുവർഷത്തിനു ശേഷം റമദാനിൽ പൂർണാർഥത്തിൽ വിശ്വാസികൾക്കായി തുറന്നിട്ടപ്പോൾ ഒഴുകിയെത്തുന്നത് ലക്ഷങ്ങളാണ്. അവസാന പത്തിലേക്ക് പ്രവേശിച്ചപ്പോൾ എണ്ണം വീണ്ടും കൂടുകയാണ്. 21ാം രാവിൽ ലക്ഷം പേരാണ് മക്ക ഹറമിൽ എത്തിയത്.
കോവിഡ് മഹാമാരിയുടെ ഭീതി കുറേയേറെ കുറഞ്ഞെങ്കിലും ഏതു സമയവും പൊട്ടിപ്പുറപ്പെടാൻ ശേഷിയുള്ള വൈറസിനെ വരുതിയിൽ നിർത്താമെന്ന ദൃഢനിശ്ചയത്തിൽ ഇരു ഹറമുകളുടെയും കവാടങ്ങൾ തുറന്നിട്ട സൗദി അറേബ്യയുടെ നിശ്ചയദാർഢ്യത്തെ ലോക മുസ്ലിംകൾ അഭിനന്ദിക്കുകയാണ്. സൗദി ആരോഗ്യ മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അവരുടെ ആത്മവിശ്വാസത്തിന് അടിവരയിടുന്നു. മക്ക ഗ്രാൻഡ് പള്ളിയിൽ പകർച്ചവ്യാധി വ്യാപനത്തിന്റെ ഒറ്റ കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഒരു സാഹചര്യവും ഇപ്പോഴില്ലെന്നുമാണ് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ പറഞ്ഞത്.
സന്ദർശകരുടെ ആരോഗ്യ സാഹചര്യം തൃപ്തികരമാണെന്നും അദ്ദേഹം പറയുന്നു. ഒരേ സമയം ലക്ഷങ്ങൾക്കുള്ള നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നതിലടക്കം ഇത്തവണ കുടുതൽ കരുതൽ ദൃശ്യമാണ്. "മുമ്പ് ഓരോ ഭക്ഷണസാധനവും വെവ്വേറെ നൽകിയിരുന്ന രീതി മാറ്റി, എല്ലാ വിഭവങ്ങളും ശുചീകരിച്ച ഒറ്റ പാക്കറ്റിലടച്ച് സീൽ ചെയ്ത് സന്ദർശകരുടെ മുന്നിലെത്തുകയാണിപ്പോൾ. മക്ക ഗവർണറേറ്റിന്റെ ഈ മഹാ പദ്ധതി വഴി ഭക്ഷണ വിതരണത്തിൽ ഏകീകൃത രൂപവും സാധ്യമായി വരികയാണ് " - കേരളത്തിൽ നിന്നുള്ള പ്രമുഖ ഹജ്-ഉംറ ഗൈഡും കേരള ഹജ് ഗ്രൂപ് സെക്രട്ടറിയുമായ റഫീഖുറഹ്മാൻ മൂഴിക്കൽ പറയുന്നു.
കൂടാതെ മത്വാഫിലെ തിരക്ക് കുറക്കാൻ കൂടുതൽ ശാസ്ത്രീയ രീതിയിലുള്ള നിയന്ത്രണങ്ങളും ഇത്തവണ നടപ്പാക്കുന്നുണ്ട്. ഇഹ്റാം വേഷത്തിലുള്ളവർക്ക് മാത്രമായാണ് കഴിഞ്ഞ ദിവസങ്ങളിൽ മത്വാഫിന്റെ താഴെ നിലയിൽ പ്രവേശനം അനുവദിക്കുന്നുള്ളൂ. അല്ലാത്തവർക്ക് കിങ് അബ്ദുല്ല എക്സ്റ്റൻഷൻ ഭാഗത്ത് സൗകര്യമൊരുക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ചുരുക്കത്തിൽ, കോവിഡാനന്തരമുള്ള ഈ മഹാപ്രവാഹത്തിന് സുരക്ഷിത കവചമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.