പാലക്കാട്: ഒമ്പത് ദിവസം നീളുന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് നിറം പകർന്ന് ബൊമ്മക്കൊലു ഒരുക്കൽ തകൃതി. നവരാത്രി ദിനങ്ങളില്‍ ക്ഷേത്രങ്ങളിലും വീടുകളിലും പ്രത്യേക പൂജകളും ആരാധനകളും നടക്കും. ആദ്യ മൂന്നു ദിവസം പാർവതിയെയും അടുത്ത മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്ന് ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത്.
കേരളത്തില്‍ വിദ്യാരംഭംകൂടിയാണ് നവരാത്രി. തമിഴ് ആഘോഷങ്ങളുടെ ചുവടുപിടിച്ച് എത്തിയ ബൊമ്മക്കൊലു ആരാധനയ്ക്ക് ഇപ്പോൾ കേരളത്തിലും വലിയ പ്രാധാന്യമാണുള്ളത്. ക്ഷേത്രങ്ങളിലും വീടുകളിലും ഐശ്വര്യദായകങ്ങളായ ബൊമ്മകളെ ഭക്തിയോടെ ഒരുക്കുന്നു. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മപ്പെടുത്തല്‍ എന്നവണ്ണമാണ് ബൊമ്മക്കൊലു പൂജിക്കപ്പെടുന്നത്.
കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വിജയദശമി വരെ ദിവസങ്ങളിലാണ് ബൊമ്മക്കൊലു ഒരുക്കുക. മഹാലക്ഷ്മി, സരസ്വതി, ദുര്‍ഗ തുടങ്ങി ധനത്തിന്റെയും വിദ്യയുടെയും ദുഷ്ടനിഗ്രഹത്തിന്റെയും പ്രതീകങ്ങളായ ദേവിമാരുടെയും ദേവന്മാരുടെയും പ്രതിമകള്‍ വയ്ക്കുന്നു. ഒമ്പത് തട്ടുകളായാണ് ബൊമ്മക്കൊലുകള്‍ വയ്ക്കാറുള്ളത്. മഹിഷാസുരനെ നിഗ്രഹിക്കാന്‍ പുറപ്പെടും മുമ്പ് ചേര്‍ന്ന ദുർഗാദേവിയുടെ സഭയെ ഇത് പ്രതീകാത്മകമായി ഓര്‍മപ്പെടുത്തുന്നു.
തട്ടുകളായി ബൊമ്മകള്‍ വച്ചശേഷം ദിനവും ആരാധനകള്‍ ആരംഭിക്കും. ബൊമ്മക്കൊലുവിന്റെ ഒത്തനടുക്കായി പ്രത്യേക ഇടം തീര്‍ത്ത് അതില്‍ ദേവിയുടെ ബൊമ്മ പ്രതിഷ്ഠിക്കുക എന്നത് നവരാത്രി ആഘോഷങ്ങളില്‍ പ്രധാന ചടങ്ങാണ്. ദേവിയുടെ ഒമ്പത് രൂപങ്ങളാണ് നവരാത്രി വേളയില്‍ ആരാധിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.