ജിദ: മക്ക, മദീന ഹറമുകളിലെത്തുന്നവർക്ക് മാർഗനിർദേശം നൽകാൻ പുതിയ യന്ത്രമനുഷ്യരെ ഒരുക്കി ഇരുഹറം കാര്യാലയം. ഖുർആൻ പാരായണം, ഖുതുബ, ബാങ്ക് വിളി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ സഹായിക്കുന്ന പ്രത്യേക തരം റോബോട്ടുകളാണ് ഇവ. ഇരുഹറം കാര്യാലയത്തിന് കീഴിലെ 'ഇമാം, മുവദ്ദിൻ' ഏജൻസിയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.
ആർട്ടിഫിഷ്യൻ ഇൻറലിജൻസ് സേവനം വർധിപ്പിച്ച് സ്മാർട്ട് റോബോട്ടുകളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ ചുവടുവെപ്പെന്ന് യന്ത്രമനുഷ്യരുടെ പ്രവർത്തനോദ്ഘാടം നിർവഹിച്ച ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഖുർആൻ പാരായണങ്ങൾ, പ്രഭാഷണങ്ങൾ, ബാങ്കുവിളി എന്നിവക്കായുള്ള പുതിയ റോബോട്ട് വലിയ പദ്ധതിയുടെ ഭാഗമാണ്. കൂടുതൽ റോബോട്ടുകളെ ഇതിനായി സജ്ജീകരിക്കും. തീർഥാടകർക്ക് പരമാവധി സേവനങ്ങൾ നൽകാൻ ലക്ഷ്യമിടുന്ന 'വിഷൻ 2030' പദ്ധതികളുടെ ഭാഗമാണിതെന്നും ഡോ. സുദൈസ് പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്തി തീർഥാടകർക്ക് മികച്ച സേവനം നൽകുകയാണ് ലക്ഷ്യം. ഇമാമുമാരുടെയും ബാങ്ക് വിളിക്കുന്നവരുടെയും സന്ദേശം തീർഥാടകരിലേക്ക് എത്തിക്കുക എന്നതും പുതിയ റോബോട്ടിലൂടെ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാരായണം, ഖുതുബ, ബാങ്കുവിളി എന്നിവയുമായി ബന്ധപ്പെട്ട ക്യു.ആർ കോഡുകൾ പ്രദർശിപ്പിക്കുകയാണ് റോബോട്ടിന്റെ ജോലി. ആളുകൾക്ക് സ്മാർട്ട് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് ഡൗൺലോഡ് ചെയ്തെടുക്കാനാവും. റോബോട്ടിലെ വോയ്സ് കമാൻഡ് വഴി ഇമാമുമാരെയും മുഅദ്ദിനുകളെയും കുറിച്ചുള്ള പൊതുവിവരങ്ങൾ, പ്രതിവാര ഷെഡ്യൂളുകൾ, വെള്ളിയാഴ്ച പ്രഭാഷണം തുടങ്ങിയ വിവരങ്ങൾ അറിയാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.