യാംബു: വ്രതമാസത്തെ വരവേൽക്കാനൊരുങ്ങി വിശ്വാസി സമൂഹം. ആത്മീയമായ ഉണർവ് പകർന്നുനൽകുന്ന ദിനരാത്രങ്ങളുടെ ആത്മീയതേട്ടങ്ങളിൽ മുഴുകാൻ മനസ്സും ശരീരവും കൊണ്ടും തയാറെടുപ്പ് നടത്തി റമദാൻ ചന്ദ്രിക ഉദിക്കുന്നതും കാത്തിരിക്കുകയാണ് അവർ. സൗദി അറേബ്യയിലെ എല്ലാ വീടുകളിലും പൊതു ഇടങ്ങളിലും ഈത്തപ്പഴവും ഖഹ്വയുടെ ചേരുവകളുമൊക്കെ ഒരുക്കിവെച്ചിട്ടുണ്ട്. വീട് വൃത്തിയാക്കലും അലങ്കരിക്കലും പുരോഗമിക്കുകയാണ്. രാജ്യത്തെ വ്യാപാരസ്ഥാപനങ്ങളെല്ലാം റമദാൻ സൂഖുകളായി മാറിക്കഴിഞ്ഞു. ഹൈപർ മാർക്കറ്റുകളിലും മറ്റും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മക്കയിലും മദീനയിലുമുള്ള ഇരു ഹറം മസ്ജിദുകളിലും രാജ്യത്തെ മറ്റു പള്ളികളിലും വിശ്വാസികൾക്കുവേണ്ടി എല്ലാ സൗകര്യങ്ങളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. പള്ളികളിൽ വ്യാപകമായ തോതിൽ ഇഫ്താറിനുള്ള സജ്ജീകരണമായി. പള്ളികളോടുചേർന്ന് ഇഫ്താർ തമ്പുകൾ ഒരുക്കിയിട്ടുണ്ട്. റമദാൻ ദിനങ്ങളിലെ പവിത്രതക്ക് ഭംഗം വരുത്തുന്ന പ്രവണതകൾ നിരീക്ഷിക്കാനും തടയാനുമുള്ള സംവിധാനങ്ങളും പ്രവർത്തനക്ഷമമായി. റമദാനിലെ ഭക്ഷ്യ സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പുവരുത്താൻ ഭക്ഷ്യവിതരണ സ്ഥാപനങ്ങളിൽ പരിശോധനയും നടക്കുന്നുണ്ട്.
റമദാൻ പുണ്യം നേടി ജീവിതത്തിലെ കറകൾ കഴുകിക്കളയാനും മനസ്സ് സ്ഫുടംചെയ്യാനുമുള്ള പരിശ്രമങ്ങളിലാവും ഇനി വിശ്വാസികൾ. ദുശ്ശീലങ്ങളെ അകറ്റി നല്ലശീലങ്ങളെ അടുപ്പിച്ചു നിർത്താനുള്ള കാലമാണ് റമദാൻ. വസന്തമെത്തുമ്പോൾ പൂക്കൾക്കും ചെടികൾക്കും പുതിയൊരു തുടിപ്പും തിളക്കവും കാണുന്നപോലെ റമദാനിൽ തിളക്കവും ആത്മീയ പുരോഗതിയും കൈവരിക്കാൻ കഴിയുന്നവർ ധന്യരാവും. ഇസ്ലാമിെൻറ പഞ്ച സ്തംഭങ്ങളിൽ നാലാമത്തേതായ നോമ്പ് നിർബന്ധമാക്കിയ പവിത്ര മാസമാണ് റമദാൻ. ഖുർആെൻറ അവതരണത്തിന് സമാരംഭം കുറിച്ച ഈ മാസം ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യകരവുമായ മാസമാണ്. ഈ മാസത്തിലെ സദ്പ്രവർത്തനങ്ങൾക്കും ദാനധർമങ്ങൾക്കും ഖുർആൻ പാരായണത്തിനും കൂടുതൽ പ്രതിഫലം ലഭിക്കുന്നു.
മനുഷ്യ ദേഹേച്ഛകളെ സ്വയം നിയന്ത്രിക്കാനുള്ള പരിശീലനമായാണ് ദൈവം വ്രതാനുഷ്ഠാനം നിർബന്ധമാക്കിയിരിക്കുന്നത്. പാപമോചനത്തിനുള്ള അസുലഭ സന്ദർഭമാണ് വ്രതദിനങ്ങൾ. പകൽ ഉപവാസവും രാത്രി പുലരുവോളമുള്ള നമസ്കാരവും പ്രാർഥനകളും വിശ്വാസികളെ സംബന്ധിച്ച് പാപമോചനത്തിെൻറ സവിശേഷ സന്ദർഭമാണെന്ന് പ്രവാചക വചനങ്ങളിൽ പരാമർശിക്കുന്നു. പ്രവാസി മലയാളികളിൽ മിക്കവരും റമദാൻ മുഴുവനും ഗൾഫ് നാടുകളിൽ കഴിയാനാണ് ഇഷ്ടപ്പെടുന്നത്.
വൈവിധ്യങ്ങൾകൊണ്ട് സമ്പന്നമായ അറബ് രാജ്യങ്ങൾ റമദാനിൽ ഒരുക്കുന്ന തിളക്കമാർന്ന സൗകര്യങ്ങൾ അവരെ സ്വാധീനിക്കുന്നു. ജോലിസമയ ലഘൂകരണം, ആത്മീയ അന്തരീക്ഷം ഉൾെപ്പടെ വിവിധ ഘടകങ്ങളാണ് ആകർഷണത്തിനു പിന്നിൽ. പരസ്പര ഐക്യത്തിലും സ്നേഹത്തിലും കഴിയുന്ന ശാന്തമായ ആത്മീയമായ അന്തരീക്ഷമാണ് ഗൾഫ് നാടുകളിലെങ്ങും അനുഗ്രഹങ്ങളുടെ റമദാനിൽ നമുക്ക് ദർശിക്കാൻ കഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.