പയ്യന്നൂർ: വ്യാഴാഴ്ച തുലാം പത്ത്. ഇനി അത്യുത്തര കേരളത്തിൽ പ്രതീക്ഷയുടെ കളിയാട്ടക്കാലം. കോവിഡ് തീർത്ത പ്രതിസന്ധി തരണംചെയ്ത് പഴയ കളിയാട്ട പ്രതാപത്തിലേക്ക് ഗ്രാമങ്ങൾ ഈ വർഷം തിരിച്ചുവരുന്ന കാലം കൂടിയാണ് തുലാപ്പത്ത്.
പത്താമുദയത്തിനാണ് കളിയാട്ടത്തിന്റെ വാചാലുകളുണരുന്നതെങ്കിലും തുലാമാസം പിറന്നതോടെ പലയിടത്തും കളിയാട്ടക്കാലത്തിന്റെ ചിലമ്പൊലിയുയരാറുണ്ട്. പയ്യന്നൂരിൽ തെക്കടവൻ തറവാട്ടിൽ തുലാമൊന്നിനാണ് തെയ്യമുറയുക.
എന്നാൽ, പത്താമുദയത്തോടെയാണ് ക്ഷേത്രങ്ങളും തറവാട്ടുമുറ്റങ്ങളും കൊയ്തൊഴിഞ്ഞ പാടങ്ങളും ചെണ്ടയുടെയും ചിലമ്പിന്റെയും രൗദ്രതാളം കൊണ്ട് ആറുമാസത്തിലധികം മുഖരിതമാവുക.
പയ്യന്നൂരിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്ത തെക്കടവൻ തറവാട്ടുക്ഷേത്രത്തിൽ കുണ്ടോർ ചാമുണ്ഡിയുടെ നടനകാന്തിയോടെയാണ് തെയ്യാട്ടക്കാലത്തിന് തിരിതെളിഞ്ഞത്. തുലാപ്പത്തിന് നീലേശ്വരം മന്ദംപുറത്ത് കാവിൽ കളിയാട്ടം തുടങ്ങുന്നതോടെയാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ കാവുകൾ സജീവമാവുക.
കർണാടകയിലെ കാവേരിയിൽനിന്ന് യാത്രതിരിച്ച ശിവചൈതന്യ സ്വരൂപിണിയായ ദേവി കീഴുംശാസ്താവിന്റെ സങ്കേതത്തിൽ എത്തുകയും തുടർന്ന് കാസർകോടിന് കിഴക്കുമാറി കുണ്ടോറ ഗ്രാമത്തിൽ താമസിക്കുകയും ചെയ്തുവെന്നാണ് കുണ്ടോർ ചാമുണ്ഡിയുടെ ഐതിഹ്യം. ഇവിടെനിന്ന് മലനാട്ടിലെത്തിയ ദേവി പയ്യന്നൂർ പെരുമാളിന്റെ ഊരിലും തുടർന്ന് കൊറ്റി പഴശ്ശിക്കാവിലും കണ്ണങ്ങാട്ട് ക്ഷേത്രത്തിലും എത്തിയത്രെ.
കുണ്ടോർ ചാമുണ്ഡിയുടെ പരിപാലനാവകാശം തെക്കടവൻ തറവാട്ടുകാർക്കാണ്. ഇതാണ് ഈ തറവാട്ടിൽനിന്ന് തുടക്കം കുറിക്കാൻ കാരണം. കളിയാട്ടത്തിനുമുമ്പ് കോലധാരികൾ ആടയാഭരണങ്ങൾ ഒരുക്കിവെക്കും.
ആറുമാസം എടുക്കാതെവെച്ച ഇവ തുടച്ച് നിറംവരുത്തിയാണ് കാവുകളിലെത്തിക്കുക. ഒപ്പം തെയ്യത്തിന്റെ ആടകളിൽ പ്രധാനമായ തിരിയോല, ചെത്തിപ്പൂ തുടങ്ങിയവയും ശേഖരിക്കും.
ഉത്തര കേരളത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പായ കളിയാട്ടം കൂടാൻ ജാതി മതത്തിനതീതമായി നാട്ടുകാർ എത്തിച്ചേരുന്നുവെന്നതും തെയ്യത്തിന്റെ പ്രത്യേകതയാണ്. പത്താമുദയത്തിന് കളം പെരുക്കുക എന്ന ചടങ്ങും പഴയകാലത്തുണ്ടായിരുന്നു.
കൊയ്ത്തുകഴിഞ്ഞ് അരിയുണ്ടാക്കാൻ പുഴുങ്ങിയ നെല്ല് വീട്ടുമുറ്റത്തു കൊണ്ടുവെക്കും. ഒപ്പം നിലവിളക്കും കോടിയുമുണ്ടാകും. എന്നാൽ, ഈ ചടങ്ങ് പൂർണമായി ഇല്ലാതായ സ്ഥിതിയാണ്. തല്ലിയൊരുക്കിയ കളവും കൃഷിയും ഇല്ലാതായതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.