റോം: സഹിഷ്ണുതയുടെ പാഠങ്ങൾ മറന്ന് വിദ്വേഷം പ്രസരിപ്പിക്കുന്ന കേരളത്തെ ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാതൃക സ്ഥാനത്തെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് ഇറ്റാലിയൻ തത്ത്വചിന്തകയും എഴുത്തുകാരിയുമായ ഡോ. സബ്രിന ലീ. മതങ്ങൾക്കിടയിൽ പരസ്പര ധാരണ വളർത്താൻ പ്രവർത്തിക്കുന്ന റോമിലെ തവാസുൽ ഇൻറർനാഷനൽ സെൻറർ ഫോർ പബ്ലിഷിങ് ആൻഡ് ഡയലോഗ് സ്ഥാപകയായ ഡോ. സബ്രിന ശ്രീനാരായണ ഗുരു രചിച്ച ആത്മോപദേശ ശതകത്തിെൻറ ഇറ്റാലിയൻ വിവർത്തനം പൂർത്തിയാക്കി പ്രകാശിപ്പിക്കാനൊരുങ്ങുകയാണ്. കേരള സമൂഹത്തിൽ ശ്രീനാരായണ ഗുരു ചെലുത്തിയ സ്വാധീനത്തെക്കുറിച്ച പഠനവും മലയാളത്തിെൻറ ഈ മരുമകളിലൂടെ ഇറ്റാലിയൻ അക്കാദമിക്-വായന സമൂഹത്തിലേക്കും മതാന്തര പഠനവേദികളിലേക്കും എത്തിച്ചേരും.
ജീവിത പങ്കാളിയും തവാസുൽ സാംസ്കാരിക ഉപദേഷ്ടാവുമായ തലശ്ശേരി സ്വദേശി ഡോ. അബ്ദുൽ ലത്തീഫ് ചാലിക്കണ്ടിയിൽ നിന്നാണ് ഗുരുവിെൻറ അധ്യാപനങ്ങളെക്കുറിച്ച് ആദ്യമറിയുന്നത്. തുടർന്ന് നിരന്തര ഗവേഷണത്തിലേർപ്പെട്ടു. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകമൊട്ടുക്കും മത-വംശീയ വൈരങ്ങൾ പരക്കുന്ന വിഷമസന്ധിയിൽ മാനവികതയും സാഹോദര്യവും ഊന്നിപ്പറഞ്ഞ ഗുരുദർശനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നതിനാലാണ് ഇത്തരമൊരു ഉദ്യമം ഏറ്റെടുത്തതെന്ന് അവർ 'മാധ്യമ'ത്തോടു പറഞ്ഞു. ശ്രീനാരായണ ദർശനങ്ങളിൽ അവഗാഹമുള്ള സ്വാമി സച്ചിദാനന്ദയുമായി കൂടിയാലോചിച്ചാണ് മൊഴിമാറ്റം പൂർത്തിയാക്കിയത്.
നേരത്തേ ഭഗവത്ഗീത, രാജാറാം മോഹൻറോയ് രചിച്ച 'തുഹ്ഫത്തുൽ മുവഹ്ഹിദീൻ', അബ്ദുല്ല യൂസുഫലി തയാറാക്കിയ ഖുർആൻ വ്യാഖ്യാനം, ഡോ. ബി.ആർ. അംബേദ്ർ രചിച്ച 'അനിഹിലേഷൻ ഓഫ് കാസ്റ്റ്', നടനും മുൻ ലോക്സഭാംഗവുമായ ഇന്നസെൻറിെൻറ 'കാൻസർ വാർഡിലെ ചിരി' തുടങ്ങിയ ഗ്രന്ഥങ്ങളും ഡോ. സബ്രിന ഇറ്റാലിയൻ ഭാഷയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.