കോഴിക്കോട്: ലോകത്തെ ഏറ്റവും നീളമുള്ള ഖുർആൻ കൈയെഴുത്ത് പ്രതിയുടെ പ്രദർശനം ശ്രദ്ധേയമായി. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ വിദ്യാർഥിയായ മുഹമ്മദ് ജസീം ചെറുമുക്ക് പൂർണമായും കൈകൊണ്ടെഴുതി തയാറാക്കിയ 1104.45 മീറ്റർ നീളമുള്ള ഖുർആൻ, സൗത്ത് ബീച്ചിലാണ് പ്രദർശിപ്പിച്ചത്. നൂറുകണക്കിനുപേർ പ്രദർശനം കാണാനെത്തി.
ഖുർആൻ 'ലോങ് ഹാൻഡ് റിട്ടൺ ഖുർആൻ' എന്ന വിഭാഗത്തിൽ ഗിന്നസ് ബുക്കിൽ സ്ഥാനം നേടുമെന്ന പ്രതീക്ഷയിലാണ് ജസീം. നിലവിലുള്ള ഗിന്നസ് റെക്കോഡ് ഈജിപ്തിലെ മുഹമ്മദ് ഗ്രബിയാലിന്റെ പേരിലുള്ള 700 മീറ്ററിന്റേതാണ്. അഞ്ചുവർഷം പഴക്കമുള്ള റെക്കോഡ് മറികടക്കാനാണ് കാലിഗ്രാഫർ കൂടിയായ മുഹമ്മദ് ജസീം ചെറുമുക്കിന്റെ ശ്രമം. കോവിഡ് കാലത്ത് ആരംഭിച്ച ഉദ്യമം രണ്ടുവർഷത്തെ നിരന്തര പരിശ്രമത്തിലൂടെയാണ് പൂർത്തിയാക്കിയത്.
ഓൾ ഗിന്നസ് റെക്കോഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ്) സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, സെക്രട്ടറി ഡോ. ഗിന്നസ് സുനിൽ ജോസഫ് എന്നിവർ നിരീക്ഷകരായുണ്ടായിരുന്നു. 1990 പേജുകൾ കൂട്ടിയോജിപ്പിച്ച് നൂറിലധികം ജപ്പാൻ നിർമിത സിഗ് കാലിഗ്രഹി പേനകൾ ഉപയോഗിച്ചാണ് ജസീം ഖുർആൻ എഴുതി പൂർത്തിയാക്കിയത്.
118.300 കിലോഗ്രാം തൂക്കമുണ്ട്. സൗത്ത് ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ ഒരു കിലോമീറ്ററിലധികം നീളമുള്ള മേശയിലാണ് ഖുർആൻ പ്രതി പ്രദർശിപ്പിച്ചത്. ചെറുമുക്ക് മാട്ടുമ്മൽ വീട്ടിൽ മുഹ് യുദ്ദീൻ- ആസ്യ ദമ്പതികളുടെ നാലാമത്തെ മകനാണ് ജസീം. നേരത്തെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രദർശനം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.