നെറ്റും ചെയിനും കൊണ്ട് ഉന്നതങ്ങൾ കീഴടക്കാൻ മോഹിപ്പിക്കുന്ന ഒട്ടേറെ തരികിട കമ്പനികൾക്കിടയിലാണ് നാം ജീവിക്കുന്നത്. പലിശയിലുള്ള ഏറ്റവും വലിയ അപകടം, കാത്തിരിപ്പിന് പ്രതിഫലം പറ്റുന്നു എന്നതാണ്. മനുഷ്യൻ അധ്വാനിക്കണം. കഠിനാധ്വാനത്തിലൂടെ ലഭിക്കുന്ന സമ്പാദ്യത്തിന് വലിയ മൂല്യമുണ്ട്. ഈ യാഥാർഥ്യമാണ് റമദാൻ തെളിയിച്ചുകാട്ടുന്നത്.
പുണ്യറമദാനിലെ ലൈലതുൽ ഖദ്ർ പോലും കുറുക്കുവഴി പിന്തുടരാനല്ല നമ്മെ ആഹ്വാനം ചെയ്യുന്നത്. കാരണം, ലൈലതുൽഖദ്ർ എന്ന ഏറ്റവും ഇരട്ടിപ്പുള്ള പുണ്യരാത്രിപോലും കഠിനാധ്വാനത്തിന്റെ പ്രതീകമായാണ് നിലകൊള്ളുന്നത്. ഏതു രാത്രിയിലാണ് ഖദ്റിന്റെ ഇരട്ടിപ്പുകൾ ഒളിഞ്ഞുകിടക്കുന്നത് എന്നു പറയാൻ കഴിയാത്തവിധം രഹസ്യമായി വെച്ചിരിക്കുന്നു.
റമദാനിലെ എല്ലാ രാത്രികളെയും ഉപയോഗപ്പെടുത്താൻ വിശ്വാസികളെ പ്രേരിപ്പിക്കുന്ന ശൈലിയാണ് അവിടെ കാണുന്നത്. കുറുക്കുവഴികൾ ഒന്നിനും പരിഹാരമല്ല. പലപ്പോഴും അപൂർണതയും അപ്രായോഗികതയുമാണ് അതിലുണ്ടാവുക. വിജയം ലഭിക്കാൻ, പണം സമ്പാദിക്കാൻ ചൂതാട്ടവും നറുക്കെടുത്ത് മറ്റുള്ളവരുടെ ഓഹരി കൈവശപ്പെടുത്തുന്ന ലോട്ടറിയും ഇസ്ലാം വെറുത്തിട്ടുണ്ട്.
അധ്വാനം എന്ന ആശയമാണ് ജിഹാദ് എന്ന ശബ്ദത്തിലുള്ളത്. ജിഹാദ് യുദ്ധമല്ല. നാമിന്ന് പറഞ്ഞുകേൾക്കുന്ന, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടക്കുന്ന അണുയുദ്ധങ്ങളും നശീകരണപ്രവർത്തനങ്ങളും ജിഹാദോ ഇസ്ലാം പ്രേരിപ്പിച്ച ത്യാഗങ്ങളോ അല്ല. നന്മക്കുവേണ്ടി, നന്മയുടെ വഴിയിൽ, സമാധാനത്തോടെ നടക്കുന്ന, അപൂർവമായി മാത്രം ആക്രമണങ്ങൾ നടക്കുന്ന, പ്രതിരോധത്തിന്റെയും സുരക്ഷയുടെയും സംഗീതങ്ങളാണ് ഇസ്ലാമിന്റെ ജിഹാദ്.
റമദാൻ ജിഹാദാണ്. നമസ്കാരവും ജിഹാദാണ്. അഥവാ കഠിനാധ്വാനമാണ്. സാധാരണഗതിയിൽ വളരെ പ്രയാസമുള്ള ഇത്തരം ആരാധനകൾ റമദാനിലൂടെ വീണ്ടും സജീവമാക്കാൻ വിശ്വാസികൾക്ക് സാധിക്കണം. അതിന് അവർ പ്രതിജ്ഞയെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.