പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. മാപ്പിനും വിട്ടു വീഴ്ചക്കും സന്മനോഭാവത്തിനുമുള്ള സുവർണ സന്ദർഭമാണ് റമദാൻ. കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് അനൈക്യത്തിൽനിന്ന് അകന്നുനിൽക്കാൻ റമദാൻ നമ്മെ പഠിപ്പിക്കുന്നു. പാവങ്ങളിലേക്ക് നോക്കാനും എരിയുന്ന വയറിന്റെ നോവറിയാനും പറ്റിയ മറ്റൊരു മാസമില്ലെന്നുതന്നെ പറയാം.
‘തന്റെ വീടിന്റെ ചുറ്റളവിൽ തീ പുകയാത്ത അടുപ്പുണ്ടെങ്കിൽ വയർ നിറച്ചുണ്ണുന്നവൻ എന്നിൽ പെട്ടവനല്ല’ എന്ന പ്രവാചകാധ്യാപനം ഇവിടെ പ്രസക്തമാണ്. അമിതാഹാരവും കൃത്യത ഇല്ലാത്ത ഫാസ്റ്റ് ഫുഡ് ഹോട്ടൽ ഭക്ഷണ രീതികളും വ്യായാമക്കുറവും പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, കുടവയർ, പൊണ്ണത്തടി തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ നമുക്ക് സമ്മാനിക്കുമ്പോൾ നോമ്പിലൂടെ ചിട്ടപ്പെടുത്തിയെടുക്കുന്ന ഭക്ഷണ ശീലങ്ങളിലൂടെ നമുക്ക് ശാരീരിക ആരോഗ്യം വീണ്ടെടുക്കാം. അതോടൊപ്പം സാമ്പത്തിക ദുർവ്യയവും വികാര വിചാര നിയന്ത്രണങ്ങളും സാധ്യമാകും.
ഒരാളുടെ സ്വഭാവ നിർണയത്തിൽ അയാളുടെ ആഹാരത്തിനും ഭക്ഷിക്കുന്ന രീതിക്കും അനിഷേധ്യമായ പങ്കുണ്ടെന്ന് മനഃശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു. കുറവും കൂടുതലും ഭക്ഷണം കഴിക്കുന്നത് യഥാക്രമം അനറെക്സിയ നെർവോസ, ബോളീമിയ നെർവോസ എന്നറിയപ്പെടുന്ന മാനസിക രോഗങ്ങളാണ് (Eating disorders). 12 മണിക്കൂറിലധികം ആഹാരം കഴിക്കാതിരിക്കുമ്പോൾ ഉദരത്തിൽനിന്ന് രക്തത്തിലേക്ക് ചേരുന്ന രാസാഗ്നികൾ വാതം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നോമ്പുകാലങ്ങളിൽ ആശുപത്രികളിലെ രോഗികളുടെ ഗണ്യമായ കുറവിൽനിന്ന് ഇത് നമുക്ക് മനസ്സിലാക്കാം. നോമ്പിന്റെ ശാരീരിക-മാനസിക ഗുണങ്ങളിൽ ആകൃഷ്ടരായി റമദാൻ വ്രതമെടുക്കുന്ന ഒരുപാട് അമുസ്ലിം സുഹൃത്തുക്കൾ എനിക്കുണ്ട്. ഒരുകാര്യം 30 ദിവസം തുടർച്ചയായി ചെയ്യുമ്പോൾ അത് ഉപബോധമനസ്സിൽ സ്വാധീനമുണ്ടാക്കി ശീലങ്ങൾ രൂപപ്പെട്ടുവരാൻ കാരണമാകുമെന്ന് സൈകോളജിസ്റ്റുകൾ പറയുന്നുണ്ട്.
അത്താഴത്തിന് നേരത്തേ ഉണരുമ്പോൾ നമുക്ക് പ്രഭാതത്തിന്റെ പ്രസരിപ്പ് ലഭിക്കുകയും ആ ദിവസം മടിയും അലസതയും കുറയുകയും ദിവസത്തിന് ഒരുപാട് സമയം കൂടിയപോലെ അനുഭവപ്പെടുകയും ചെയ്യും. വിശന്നിരിക്കുമ്പോൾ മസ്തിഷ്കം കൂടുതൽ പ്രവർത്തനക്ഷമമാവുകയും നമ്മൾ പോലുമറിയാതെ മനസ്സിൽ ക്ഷമ, സഹിഷ്ണുത, സഹജീവിസ്നേഹം, അച്ചടക്കം, ഏകാഗ്രത, മിതത്വം എന്നിവ വന്നുചേരുകയും ചെയ്യുന്നു. കാലിയായ കീശയും ശൂന്യമായ വയറും നമുക്ക് നൽകുന്ന ജീവിത പാഠങ്ങൾ വളരെ വലുതാണ്.
റൂമിലും ജോലിസ്ഥലങ്ങളിലും മാത്രമായി ഒതുങ്ങുന്ന തിരക്കേറിയ പ്രവാസജീവിതത്തിൽ മാനസികാരോഗ്യവും ശാരീരികാരോഗ്യവും ശ്രദ്ധിക്കപ്പെടാതെ പോകുന്ന നമുക്ക് ഒടുക്കം നിത്യ രോഗങ്ങൾ പിടിപെട്ട് ജീവിതത്തിന്റെ ഉല്പാദനക്ഷമതയും ആസ്വാദനവും ഗുണമേന്മയും നഷ്ടപ്പെടാതിരിക്കാൻ മനസ്സും ശരീരവും പരിവർത്തനം ചെയ്യാൻ വീണുകിട്ടുന്ന അമൂല്യ നിധിയാണ് ഓരോ വ്രതാനുഷ്ഠാന കാലവും.
കൊറോണയും പ്രകൃതിദുരന്തങ്ങളും വിള്ളൽ തീർത്ത നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ മറ്റൊരു വ്രതാനുഷ്ഠാന നാളുകൾകൂടി വിരുന്നെത്തുമ്പോൾ നമ്മുടെ ഫ്ലാറ്റുകളും പള്ളികളും മദ്റസകളും കൂട്ടായ്മകളും വീണ്ടും പാരസ്പര്യത്തിന്റെ ഇഫ്താർ സംഗമ വേദിയാകുന്നു. ആധ്യാത്മിക നിറവാർന്ന പകലിരവുകളിൽ പുണ്യങ്ങൾ കൊയ്തെടുക്കുമ്പോൾ നോമ്പിന്റെ പിറകിലെ ശാസ്ത്രീയത തിരിച്ചറിഞ്ഞ് ജീവിതത്തിൽ സാമൂഹികവും ശാരീരികവും മാനസികവും സാമ്പത്തികവുമായ സുസ്ഥിതി കൈവരിക്കാൻ ഈ നോമ്പുകാലം ഏവർക്കും ഉപകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.