റമദാൻ പടിവാതിലില്‍; ഒരുക്കത്തിൽ വിശ്വാസികൾ

ഈരാറ്റുപേട്ട: പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിൽ മുസ്‌ലിം ഭവനങ്ങൾ. ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തിന് അടുത്തയാഴ്ച തുടക്കമാകും. ഇതിനുമുന്നോടിയായി ഭവനങ്ങള്‍ വൃത്തിയാക്കുന്ന തിരക്കിലാണ് വീട്ടമ്മമാര്‍. നാടും വീടും പരിസരവും പള്ളികളും വൃത്തിയാക്കുന്നതിനൊപ്പം മനസ്സും ശരീരവും ശുദ്ധിയാക്കിയാണ് റമദാൻ മാസത്തെ വിശ്വാസികൾ വരവേൽക്കുക. കോവിഡ്ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസവും ഇത്തവണ വ്രതാനുഷ്ഠാനത്തിന് ആവേശം പകരും.

രാത്രിയിലെ തറാവീഹ് നമസ്‌കാരവും ജാതിമത ഭേദമന്യേ ഒരുമിച്ചിരുന്നുള്ള ഇഫ്താർ സംഗമങ്ങളും മതപ്രഭാഷണ വേദികളും കോവിഡ് വ്യാപനം കുറഞ്ഞതിനാൽ ഇക്കുറിയുണ്ടാവും. കഴിഞ്ഞ രണ്ടുവർഷം കോവിഡ്മൂലം വിദേശത്തുനിന്ന് നിരവധിപേർ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത് നിരവധി കുടുംബങ്ങളെ അലട്ടിയിരുന്നു. ഇവരിൽ പലരും ജോലിക്കായി മടങ്ങിപ്പോയി.

വ്യാപാരികളും സാധാരണപോലെ ഒരുങ്ങിക്കഴിഞ്ഞു. പുതുവസ്ത്രം വാങ്ങാനുള്ള ഒരുക്കം ഇക്കുറി നേരത്തേ തുടങ്ങുമെന്ന് വ്യാപാരികൾ പറയുന്നു. റമദാനിലെ അവസാന പത്തിൽ റിലീഫ് പ്രവർത്തനങ്ങളും മറ്റു പരിപാടികളും മഹല്ലുകൾ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിലും നടക്കും.

സമൃദ്ധ ഭക്ഷണം നിറയുന്ന ഇഫ്താർ വിരുന്നുകൾ മതസൗഹാർദ്ദത്തിന്റെ വേദികളാകും. പഴവർഗ്ഗങ്ങളും പലഹാരങ്ങളും അരിപ്പത്തിരിയും മറ്റ് തനതു പലഹാരങ്ങളും ഇത്തവണയും നോമ്പുതുറയെ രുചിസമൃദ്ധമാക്കും. ചൂടിന്റെ പരീക്ഷണം ഇത്തവണയും നോമ്പുകാലത്തുണ്ടാവുമെന്നതിനാൽ പഴവിപണിയും സജീവമാണ്. വിവിധ തരത്തിലുള്ള പഴങ്ങൾ എത്തിക്കാനുള്ള തിരക്കിലാണ് വ്യാപാരികൾ.

Tags:    
News Summary - Ramadan; Believers in preparation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.