റമദാൻ വിട പറയുമ്പോൾ

രണ്ടു വർഷത്തെ മഹാമാരിയുണ്ടാക്കിയ അനിശ്ചിതത്വത്തിനുശേഷം റമദാനിനെ ചൈതന്യവത്താക്കിയ സന്തോഷത്തിലാണ് വിശ്വാസി സമൂഹം. വിശ്വാസികൾക്ക് വീണ്ടുവിചാരത്തിന്റെ ധന്യമുഹൂർത്തങ്ങൾ പ്രദാനം ചെയ്ത് സമൂഹത്തിൽ ശാന്തിയും സമാധാനവും സംജാതമാക്കി സഹജീവികളെ സഹാനുഭൂതിയാൽ ചേർത്തുപിടിച്ച ധന്യനാളുകൾ വിടപറയുമ്പോൾ വിശ്വാസികളുടെ മനസ്സ് നൊമ്പരപ്പെടുകയാണ്.

ഇനി ഒരുവർഷം കാത്തിരിക്കണമല്ലോ ഈ വിളവെടുപ്പുകാലം വന്നണയാൻ. അതിനു താനുണ്ടാകുമോ എന്ന തീർപ്പില്ലായ്മ അവരെ സങ്കടപ്പെടുത്തുന്നു. റമദാൻ എല്ലാ തലത്തിലും വിശ്വാസികളെ മാറ്റിപ്പണിതിരിക്കുന്നു. അതിൽ പൂർണത കൈവരിക്കാനായിട്ടുണ്ടോ എന്ന ആത്മപരിശോധനയും, ചെയ്ത നന്മകളെല്ലാം പൂർണമായും സ്വീകരിക്കണമേ എന്ന പ്രാർഥനയും ഈ പരിശീലനവും ചൈതന്യവും ജീവിതകാലം മുഴുവനും നിലനിർത്തുമെന്ന പ്രതിജ്ഞയുമാണ് വിശ്വാസിയിൽനിന്നുണ്ടാകേണ്ടത്.

ദൈവസ്മരണയാൽ ആമൂലാഗ്രം ധന്യമാക്കി നേടിയെടുത്ത പരിശീലനം തുടർജീവിതത്തിൽ ചൈതന്യം ചോർന്നുപോകാതെ നിലനിർത്തണം. റമദാൻ വിടചൊല്ലിയെന്നു കരുതി ഒരു നന്മയും വിടപറയുന്നില്ല എന്ന് ഉറപ്പുവരുത്താനാകണം. ദാനധർമങ്ങൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ എന്നിവയിലൂടെ മാനവിക ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചു. ദുർവിചാരങ്ങളും ദുഷ്ടചിന്തകളും പൂർണമായും വെടിഞ്ഞു. അനാവശ്യ വിവാദങ്ങളിൽനിന്നും ശണ്ഠകളിൽനിന്നും അകലം പാലിച്ചു. അസൂയ, അഹന്ത, കാപട്യം, കുടിലത, ശത്രുത, പക, വിദ്വേഷം, അവിവേകം തുടങ്ങിയ മാലിന്യങ്ങളിൽനിന്ന് സ്ഫുടം ചെയ്തു.

തഖ്‍വയുടെ നിറവിലേക്ക് നയിക്കപ്പെട്ടും അതിൽ ഉറപ്പിച്ചുനിർത്താൻ കഠിനപ്രയത്നം ചെയ്തും നേടിയെടുത്ത സർവതല സ്പർശിയായ നന്മ സമാഹരണം വലിച്ചെറിഞ്ഞ്‍ വീണ്ടും തിന്മകളെ വാരിപ്പുണരാനാണ് ശ്രമിക്കുന്നതെങ്കിൽ വ്രതം ഒരു സ്വാധീനവും ചെലുത്തിയില്ലെന്നു മനസ്സിലാക്കുക. വെറും പട്ടിണിയും പൈദാഹവും ഉറക്കമൊഴിക്കലും മാത്രം ബാക്കിയാക്കി റമദാൻ വിടപറഞ്ഞു എന്ന് തിരിച്ചറിയുക.

റമദാനിൽ നേടിയ സർവതല സ്പർശിയായ പരിശീലനം വിശ്വാസികളെ വാനലോകത്തെ അനന്തവും അവർണനീയവുമായ സൗഭാഗ്യത്തിന് ഉടമകളാക്കുന്നതോടൊപ്പം ഇക്കാലത്ത് നാം നേരിടുന്ന ഇഹലോക ജീവിതത്തിലെ പ്രതിസന്ധികളെയും അഗ്നിപരീക്ഷണങ്ങളെയും പീഡനങ്ങളെയും അതിജയിക്കാനുള്ള പാഠങ്ങളുടെ മർമങ്ങൾകൂടി ആർജിച്ചെടുക്കാൻ കഴിയണം. നവജാഹിലിയ്യത്തും ഫാഷിസത്തിന്റെ ചോരക്കൊതിയും തിരിച്ചറിഞ്ഞ് റമദാൻ സംഭാവന ചെയ്ത ആത്മീയവും സാമൂഹികവുമായ അതിജീവനത്തിന്റെ ഊർജങ്ങൾ ശ്രദ്ധാപൂർവം മനസ്സിലാക്കി വിവേകപൂർവം പ്രയോഗവത്കരിക്കേണ്ടതുണ്ട്.

നോമ്പിന്റെ കാമ്പായ ആത്മശുദ്ധീകരണത്തിലൂടെ നേടിയെടുക്കുന്ന തഖ്‍വ എന്ന ധാർമികശക്തി നമ്മെ എവിടെയും അധർമങ്ങൾക്കും അനീതികൾക്കുമെതിരെ എഴുന്നേറ്റു നിൽക്കാൻ കരുത്ത് പകരുന്നതുകൂടിയായികണം. നോമ്പിലൂടെ നേടിയ, എന്തും ത്യജിക്കാനുള്ള കരുത്ത് സത്യത്തിന്റെയും നീതിയുടെയും അവകാശപോരാട്ടത്തിന്റെയും മാർഗത്തിൽ പക്വതയും പാകതയും സഹനവും സംയമനവും പാലിക്കാൻകൂടി പ്രചോദനമാകണം. 

Tags:    
News Summary - Ramadan Dharmapatha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.