തിരുവനന്തപുരത്തെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, അതിമനോഹരമായ കോവളം ബീച്ചുകൾ, ചരിത്രപരമായ സ്ഥലങ്ങൾ എന്നിവയാണ് ഞാൻ താമസിക്കുന്ന വിഴിഞ്ഞത്തിന്റെ പ്രത്യേകത. കേരളത്തിന്റെ സമ്പന്നമായ പൈതൃകം പര്യവേക്ഷണം ചെയ്യാനുള്ള മികച്ച സ്ഥലമാണ് കോവളം. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, ഭീമാ പള്ളി തുടങ്ങിയ വിനോദസഞ്ചാരികളുടെ കേന്ദ്രങ്ങളെല്ലാം എന്റെ നാടായ വിഴിഞ്ഞത്തോടു ചേർന്നുകിടക്കുന്നു. കോവളം, പൂവാർ, വിഴിഞ്ഞം എന്നീ പ്രദേശങ്ങളിൽ മുസ്ലിംകൾ ധാരാളം തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളാണ്.
അതുകൊണ്ടുതന്നെ റമദാൻ മാസം ആഘോഷ ദിനങ്ങളാണ് ഞങ്ങളുടെ പ്രദേശത്തിന്. വൈകുന്നേരങ്ങളിൽ ഞങ്ങളുടെ ഭാഗത്തെ മുസ്ലിം പള്ളികളിൽനിന്ന് കിട്ടുന്ന ഔഷധ കഞ്ഞിക്ക് പ്രത്യേക രുചി തന്നെയാണ്. കുരുമുളക്, ജീരകം, തേങ്ങ, മഞ്ഞൾ, പട്ട, മല്ലിയില അടങ്ങിയ കഞ്ഞിവാങ്ങാൻ വേണ്ടി ജാതി മത ഭേദമന്യേ ആളുകൾ നടന്നും വാഹനത്തിലും വന്നുകൊണ്ടേയിരിക്കും. കൂട്ടത്തിൽ കാരക്ക ഫ്രൂട്സ്, വെള്ളം, എണ്ണക്കടികൾ ഇവയുള്ള കിറ്റുകളും കിട്ടും.
പിന്നീട് വർഷങ്ങളായി ഒമാനിലെ ഇബ്രിയിൽ ഞാൻ ജോലി ചെയ്തിരുന്ന സുവർണകാല അനുഭവങ്ങൾ ഒരിക്കലും മറക്കാവുന്നതല്ല. ഹൽവ, ഫ്രൂട്സ്, സ്നാക്സ് എന്നിവയും, മട്ടൻ, ചിക്കൻ, മത്സ്യം, ബിരിയാണിയും കൊടുത്തുവിടുന്ന സുമയ്യ മാം എന്റെ ഒരു സഹോദരിയെപോലെയാണ്. ലോകത്തെവിടെയാണെങ്കിലും മുസ്ലികൾ എല്ലാവരും മറ്റുള്ളവരെ ചേർത്ത് നിർത്തി പുണ്യം ചെയ്യുന്ന മാസം ആണ് റമദാൻ. മുസ്ലിംകൾ അല്ലാത്തവർപോലും പങ്കുകൊള്ളുന്ന സ്നേഹത്തിന്റെ, കരുണയുടെ, മനുഷ്യത്വത്തിന്റെ പരസ്പരം കൊടുക്കൽ വാങ്ങലിന്റെ മാസമാണ് റമദാൻ. ഇങ്ങനെ മറക്കാൻ കഴിയാത്ത നോമ്പനുഭവങ്ങൾ നിരവധിയാണ്. നന്മകളുടെ വസന്തകാലം. ഇപ്പോൾ ഒമാനിലെ സൂറിൽ പുണ്യങ്ങളുടെ നോമ്പുകാലം കടന്നുപോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.