പരിശുദ്ധിയുടെയും സ്നേഹസൗഹാർദത്തിന്‍റെയും പുണ്യനാളുകളാണ് റമദാൻ നോമ്പുദിനങ്ങൾ. നോമ്പ് കടന്നുപോകുമ്പോൾ കുട്ടിക്കാലമാണ് എനിക്ക് ഓർമവരുന്നത്. വീടിന്‍റെ തെക്കേലും പടിഞ്ഞാറേതിലും മുസ്‍ലിം സഹോദരങ്ങളുടെ വീടായതിനാൽ അവരുമായിട്ടായിരുന്നു കൂടുതൽ സഹവാസം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരായ നസീബയും ഷൈസിയയും എപ്പോഴും തുപ്പി നടക്കും.
നോമ്പാണ്, ഉമിനീർ ഇറക്കാൻ പറ്റില്ല എന്നവർ പറയുമ്പോഴാണ് ഞാനും നോമ്പിനെ പറ്റി ചിന്തിച്ചുതുടങ്ങുന്നത്. അവരിൽനിന്നുമാണ് ഞാൻ റമദാൻ മാസത്തിന്‍റെ പരിശുദ്ധി മനസ്സിലാക്കുന്നത്. അക്കാലത്തൊന്നും ഞങ്ങളുടെ അടുത്ത് പള്ളികൾ ഉണ്ടായിരുന്നില്ല. പുത്തൻചിറ ഖബർസ്ഥാൻ പള്ളിയിൽ (ഇപ്പോൾ വലിയപള്ളി) പോയാണ് എല്ലാവരും വെള്ളിയാഴ്ചകളിൽ നമസ്കരിച്ചിരുന്നത്.
പുത്തൻചിറ പുളിയിലകുന്നിൽ പാവപ്പെട്ട കുറച്ചു മുസ്‍ലിം കുടുംബങ്ങൾ ഉണ്ടായിരുന്നു. അവർക്ക് ഒരു നമസ്കാരപ്പള്ളി വേണമെന്നായിരുന്നു വലിയ ആഗ്രഹം. വൈദ്യുതിയും വെള്ളവുമൊന്നും കാര്യമായി എവിടെയുമെത്താത്ത കാലം. ഞങ്ങളുടെ വീട്ടുകിണറിൽനിന്ന് ഒരുപാട് പേര് വെള്ളമെടുക്കാനെത്തും.
അവരിൽ കയ്യക്കുഞ്ഞി ഉമ്മയും കൊച്ചുമോൾ ഉമ്മയും ആമിന ഉമ്മയുമൊക്കെ എന്‍റെ അമ്മയുമായി തങ്ങൾക്കൊരു പള്ളി ഇല്ലാത്ത വിഷമങ്ങൾ പറയുമായിരുന്നു.
ആരെങ്കിലും റോഡരികിൽ സ്ഥലം നൽകിയാൽ പിരിവെടുത്ത് പള്ളി പണിയാം എന്നായിരുന്നു തീരുമാനം.
അങ്ങനെ, മൂന്ന് സെന്‍റ് സ്ഥലം കൊച്ചുമോളുമ്മ കൊടുത്ത് പള്ളി പണിയാനൊരുങ്ങി.
പിരിവിനിറങ്ങിയപ്പോൾ ആദ്യ സംഭാവന എന്‍റെ അമ്മയിൽനിന്ന് കൈനീട്ടമായി 50 രൂപ സ്വീകരിച്ചുകൊണ്ടായിരുന്നു. ഞങ്ങളും അയൽക്കാരും ഒക്കെ പാവങ്ങളായ സാധാരണക്കാരാണ്. 50, 100 വീതം പിരിച്ചെടുത്ത് ഒരു ചെറിയ പള്ളി പണിതു. നമസ്കരിക്കാൻ ഒരിടം. പരിസരത്തുള്ള കുട്ടികൾക്ക് ഒരു ഓത്തുപള്ളിയും. ബാങ്ക് കൊടുക്കാൻ ഒരു മൈക്ക് സെറ്റ് പള്ളിയിലേക്ക് ഗൾഫുകാരൻ കൊടുത്തു. പടിപടിയായി പള്ളി പുരോഗമിച്ചു. ഒപ്പം, പരിസരവാസികളും ഗൾഫുകാരായി.
പള്ളിയിൽ വഅള് (പ്രഭാഷണം) നടക്കുമ്പോൾ അതൊക്കെ ശ്രദ്ധിച്ചുകേൾക്കാൻ അമ്മ ഞങ്ങളോട് പറയും. എത്ര നല്ലകാര്യങ്ങളാണ് പറയുന്നതെന്നും ഓർമിപ്പിക്കും. ഞങ്ങൾ അതൊക്കെ കേൾക്കാറുണ്ട്. വഅളിന്‍റെ ഒടുവിൽ ഫണ്ട് ശേഖരണത്തിനായി കോഴിമുട്ടയും കോഴിയും തേങ്ങയും ഒക്കെ ലേലം ചെയ്യാറുണ്ട്. വർഷങ്ങൾ പോയിക്കൊണ്ടിരുന്നു.
പള്ളിക്ക് പുരോഗതിയായി. പള്ളിയിൽ നോമ്പിന്‍റെ 30 ദിവസവും ജീരകക്കഞ്ഞി ഉണ്ടാക്കി എല്ലാവീട്ടിലേക്കും നോമ്പ് തുറക്കാനായി കൊടുക്കാറുണ്ട്. വലിയ ചെമ്പിൽ ജീരകക്കഞ്ഞി തയാറാക്കിയാൽ ആദ്യംതന്നെ അതിൽ ഒരുപങ്ക് കൊച്ചുമോളുമ്മ എന്‍റെ അമ്മക്ക് എത്തിക്കും. അമ്മയുടെ മരണംവരെ പള്ളിയിലേക്ക് സംഭാവന കൊടുക്കും. കുറച്ചുപേർക്കെങ്കിലും നോമ്പ് തുറക്കാൻ കാശ് കൊടുക്കാറുണ്ട്.
അമ്മ മരിക്കുന്നത് ഒരു നോമ്പുകാലത്തായിരുന്നു. മരണത്തിന്‍റെ തലേ ദിവസവും അമ്മക്ക് പള്ളിയിലെ കഞ്ഞി കൊച്ചുമോളുമ്മ എത്തിച്ചുകൊടുത്തു. ഒരു പ്രസാദമായി സ്വീകരിച്ചുകുടിക്കുകയാണ് അമ്മയുടെ പതിവ്. അമ്മ പോയിട്ട് അഞ്ചു വർഷം ആയെങ്കിലും മക്കളായ ഞങ്ങൾ കൊച്ചുമോളുമ്മയെയും കയ്യക്കുഞ്ഞി ഉമ്മയെയും സന്ദർശിക്കും. പള്ളിയിലേക്ക് കൊടുക്കുന്ന പതിവും തെറ്റിക്കാറില്ല.
നോമ്പിന്‍റെ വിശേഷദിനങ്ങളിലെ നെയ്‌ച്ചോറിന് ഒരു പ്രത്യേക രുചിയായിരുന്നു. 27ാം രാവിനും ഏറെ പ്രത്യേകതയുണ്ട്. അന്നാണ് കൂടുതൽ പേരും സകാത് നൽകുന്നത്.
അഞ്ചും പത്തും രൂപയാണ് കുട്ടിക്കാലത്ത് സകാത് നൽകിയിരുന്നത്. അരനൂറ്റാണ്ടുമുമ്പ് ഇന്നത്തെപോലെ എല്ലാവരും സമ്പന്നമായിരുന്നില്ലെങ്കിലും മനസ്സ് ഏറെ സമ്പന്നമായിരുന്നു. കുട്ടിക്കാലത്ത് റുഖ്യഉമ്മയുടെ വീട്ടിലും ഓണപ്പുര കെട്ടി പൂത്തറ ഉണ്ടാക്കി ഓണം കൊള്ളാറുണ്ട്. അവരുടെ മക്കളും ഞങ്ങളും ഒക്കെ സമപ്രായക്കാരാണ്. ഓണം ആയാൽ കയ്യക്കുഞ്ഞി ഉമ്മയുടെ വീട്ടിലേക്ക് വിഭവങ്ങൾ എത്തിച്ചുനൽകും. പെരുന്നാളിന് അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കും.
ഖത്തറിൽ എത്തിയിട്ട് ഇപ്പോൾ 33 വർഷമായി. കുറച്ചുവർഷമായി സ്ഥിരമായി നോമ്പ് പിടിക്കുന്നു. ഈ വർഷത്തെ നോമ്പിന് പഴയ സൗഹൃദം പുതുക്കാനും പെരുന്നാളിന് അവരോടൊത്ത് ഭക്ഷണം കഴിക്കാനുമായി ഞാനും നാട്ടിൽ എത്തിയിട്ടുണ്ട്. അതൊക്കെ ഓർമിക്കുന്നത് ഒരു സുഖമാണ്. എല്ലാവർക്കും റമദാൻ ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.