മാപ്പിളപ്പാട്ടിന്റെ ഇശൽസൗന്ദര്യം മലയാള കവിതയിലേക്ക് പകർന്നു നൽകിയ മഹാകവി ടി. ഉബൈദ് രചിച്ച ‘റമദാൻ പെരുമാൾ’ എന്നൊരു കവിതയുണ്ട്. റമദാൻ മാസത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ഈ കവിതയിൽ ‘ജഗദ്പെരുമാൾ’ എന്നാണ് കവി പുണ്യമാസത്തെ വർണിക്കുന്നത്. തീവ്ര വ്രതത്തിന്റെ നെരിപ്പോടിൽ മനുഷ്യമനസ്സുകൾ സ്ഫുടം ചെയ്ത് പവിത്രമാക്കുന്ന മാസം.
തിരുവേദപ്പൊരുളുകൾ ജീവിതത്തിലേക്ക് പകർത്തുകയും ആത്മപരിശോധനയിലൂടെ മനസ്സിനെ പാപമുക്തമാക്കുകയും ജീവിതത്തെ അർഥപൂർണമാക്കുകയും ചെയ്യുന്ന പ്രാർഥനാനിരതമായ സമർപ്പണത്തിന്റെ വിശുദ്ധ നിമിഷങ്ങളാണ് റമദാനിൽ. കർക്കടകത്തിൽ രാമായണവും ചിങ്ങമാസത്തിൽ കൃഷ്ണപ്പാട്ടും വായിക്കുന്ന അതേ താൽപര്യത്തോടെയാണ് ഞാൻ റമദാനിൽ വിശുദ്ധ ഖുർആൻ വായിക്കാനും സമയം കണ്ടെത്തുന്നത്.
സത്യം മാത്രം പറയാനും പ്രവർത്തിക്കാനും അന്യനെ ആക്രമിക്കാതിരിക്കാനും പരസ്പരം സ്നേഹിക്കാനും കാരുണ്യം ചൊരിയാനും അത് നമ്മെ പ്രാപ്തമാക്കുന്നു. ഓരോ റമദാൻ കാലത്തും സുഹൃത്തുക്കൾ നോമ്പുതുറയിൽ പങ്കെടുക്കാൻ ക്ഷണിക്കുക പതിവാണ്.
ചിട്ടയോടെയുള്ള പ്രാർഥനകളും ധർമനിഷ്ഠമായ കർമങ്ങളും പരമകാരുണികനായ ദൈവത്തോടുള്ള ആത്മസമർപ്പണവും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇല്ലാത്തവന്റെ വേദനയറിയുന്ന ഉപവാസത്തിലൂടെ സഹനത്തിന്റെ, ത്യാഗത്തിന്റെ, ദാനത്തിന്റെ ,കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ പാഠങ്ങൾ ജീവിതത്തിൽ പകർത്തുന്ന വിശുദ്ധ നിമിഷങ്ങൾക്ക് ഞാനങ്ങനെ സാക്ഷിയായിട്ടുണ്ട്.
ശ്രീ നാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിലെ
"അവനിവനെന്നറിയുന്നതൊക്കെയോർത്താൽ
അവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം"
എന്ന അറിവിന്റെ മുത്തുകൾ വിശുദ്ധ ഖുർആനിലെ മൊഴിമുത്തുകളിലും ഞാൻ ദർശിക്കുന്നു. തന്റെ കവിതകളിലെ അന്തർധാരയായി നിന്ന ഖുർആൻ വെളിച്ചത്തെ ടി. ഉബൈദ് ആദരവോടെ ‘ദിവ്യകാവ്യം’എന്ന കവിതയിൽ ഇങ്ങനെ പ്രണമിക്കുന്നു.
" ഏതൊരു സംബുദ്ധികൊണ്ടൽഭുത പ്രപഞ്ചമേ
പൂതത വലംവെയ്ക്കും നിന്നെ ഞാൻ വിളിക്കേണ്ടൂ?
ജയിപ്പൂ കിതാബുല്ല ജയിപ്പൂ കിതാബുല്ല
ജയിപ്പൂ ഖുർആൻ, സർവലോകൈക മണിദീപം"
പരസ്പരസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സത്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും നന്മനിറഞ്ഞ വഴികളിലൂടെ റമദാൻ വിശുദ്ധിയുടെ നിറനിലാവ് നമ്മെ മുന്നോട്ട് നയിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.