ദുബൈ: റമദാൻ എത്താൻ ഒരാഴ്ച മാത്രം ബാക്ക നിൽക്കെ ദുബൈ നഗരം ഒരുങ്ങിക്കഴിഞ്ഞു. ദുബൈ മുനിസിപ്പാലിറ്റി ദേരയിൽ ഒരുക്കിയിരിക്കുന്ന റമദാൻ സൂഖിലേക്ക് ദിവസവും എത്തുന്നത് നൂറുകണക്കിനാളുകളാണ്. മാർച്ച് അഞ്ചിന് തുറന്ന സൂഖ് 15 വരെ തുടരും.
ഇമാറാത്തി പാരമ്പര്യം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റമദാൻ സൂഖ് സ്ഥാപിച്ചിരിക്കുന്നത്. പരമ്പരാഗത ഇമാറാത്തി നൃത്തങ്ങളും ഗാനങ്ങളും ഇവിടെ ആസ്വദിക്കാം. ഷോപ്പിങിനുള്ള അവസരവും ഇവിടെ തുറന്നിരിക്കുന്നു. യു.എ.ഇയുടെ പ്രദേശിക സംരംഭങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ട് സ്റ്റാളുകളും കിയോസ്കുകളും സ്ഥാപിച്ചിട്ടുണ്ട്. ആകെ 20 കിയോസ്കുകളാണ് ഇവിടെയുള്ളത്.
പ്രാദേശിക ഭക്ഷ്യ വിഭവങ്ങൾ തയാറാക്കുന്ന ഫുഡ് ട്രക്കുകളുമുണ്ട്. കുട്ടികൾക്കായി തത്സമയ വിനോദ പരിപാടികളുള്ളതിനാൽ കുടുംബ സമേതം സന്ദർശിക്കാവുന്ന സൂഖ് കൂടിയാണിത്. രാവിലെ പത് മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കുന്ന സൂഖിലേക്ക് പ്രവേശനം സൗജന്യമാണ്. വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെയാണ് തത്സമയ വിനോദ പരിപാടികൾ.
ദേര സൂഖ് അൽ കബീറിലെ ഓൾഡ് ബലാദിയ സ്ട്രീറ്റിലാണ് (ഓൾഡ് മുനിസിപ്പാലിറ്റി സ്ട്രീറ്റ്) റമദാൻ മാർക്കറ്റ്. ദുബൈയിലെ ഏറ്റവും പഴക്കം ചെന്ന മാർക്കറ്റുകളിൽ ഒന്നാണ് സൂഖ് അൽ കബീർ. റമദാൻ മാർക്കറ്റ് സന്ദർശിക്കാനെത്തുന്നവർക്ക് സൂഖ് അൽ കബീറിന്റെ വിശാലമായ ഷോപ്പിങ്ങും ആസ്വദിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.