ജിദ്ദ: ഹിസ്റ്റോറിക് ജിദ്ദയുടെ പുരാതന വഴികളിൽ നിറയെ പാനൂസ് വിളക്കുകൾ തൂങ്ങിയാടുന്നു. കടലാസ് തോരണങ്ങളുടെയും അലങ്കാര വിളക്കുകളുടെയും വർണപ്രപഞ്ചം. വഴിവാണിഭക്കാർക്കിടയിലൂടെ, കരകൗശല വസ്തുക്കൾ നിരത്തിവെച്ച കലാകാരന്മാർക്കിടയിലൂടെ, സുഗന്ധം പരത്തുന്ന പുകച്ചുരുളുകൾ ശ്വസിച്ച് പുരാതനമായ വഴികളിലൂടെ കാലങ്ങൾക്ക് മുമ്പ് ഇവിടെ നടന്നിരുന്നതിനെ പുനരവതരിപ്പിക്കുന്ന ആളുകൾ. പരമ്പരാഗത പാട്ടുകൾ ആലപിക്കുന്ന ഗായകർ. പഴമയെ ആധുനികതയുടെ സങ്കേതങ്ങൾ ഉപയോഗിച്ച് പുനരാവിഷ്കരിക്കുന്ന മനോഹരമായ കാഴ്ചകൾ.
ഹിസ്റ്റോറിക് ജിദ്ദയുടെ കവാടം മുതൽ ബലദിലെ ഭക്ഷ്യമേള വരെ ഇടതടവില്ലാതെ ഒഴുകുന്ന ജനസാഗരം, ചിത്രപ്രദർശനം, ചരിത്രപ്രദർശനം, വിവിധ ഗെയിമുകൾ, മത്സരങ്ങൾ, കവിയരങ്ങുകൾ, ഖുർആൻ പാരായണ മത്സരങ്ങൾ, റമദാൻ കൂടാരങ്ങൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പരിപാടികൾ.
ജിദ്ദയിലെ ബലദിലെ ‘റമദാൻ സീസൺ’ ആഘോഷങ്ങളാണിതെല്ലാം. ആനന്ദകരമായ അനുഭൂതിയാണ് ഇവിടം സന്ദർശകർക്ക് സമ്മാനിക്കുന്നത്. മക്കയിലെയും റിയാദിലെയും റമദാൻ സീസൺ എന്ന പേരിൽ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും വളരെ വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കാൻ കഴിയുന്ന ഒന്നാണ് യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച ബലദിലെ തെരുവുകളിൽ നടന്നുകൊണ്ടിരിക്കുന്നത്.
നസീഫ് ഹൗസ് അടക്കമുള്ള പുരാതനമായ ഓരോ കെട്ടിടങ്ങളിലും ഓരോ പഴയ വീടിനും ജിദ്ദയിലെ ആദ്യത്തെ പള്ളിയായ ഷാഫി മസ്ജിദിന് ചുറ്റും പുരാതന ഹജ്ജ് പാതയും ഒക്കെ അലങ്കാരവിളക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. നോമ്പ് കാലത്തെ സൗദി സമൂഹത്തിന്റെ ആചാരങ്ങളും ആഘോഷങ്ങളും പാചകരീതികളും ലോകത്തിന് പരിചയപ്പെടുത്താനും റമദാൻ സംസ്കാരത്തെ നൂതനമായ രീതിയിൽ അവതരിപ്പിക്കാനുമാണ് സാംസ്കാരിക മന്ത്രാലയം റമദാൻ സീസൺ സംഘടിപ്പിക്കുന്നത്.
ജിദ്ദയിൽനിന്നും മറ്റു സമീപ നഗരങ്ങളിൽനിന്നും ആയിരങ്ങളാണ് ഓരോ രാത്രിയിലും ഇവിടെ എത്തിച്ചേരുന്നത്. വിപുലമായ സൗകര്യങ്ങൾ, അതിവിശാലമായ പാർക്കിങ് സൗകര്യങ്ങൾ. വളൻറിയർമാരുടെ വലിയ സംഘമാണ് സന്ദർശകരെ സേവിക്കാനായി തയാറായി നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.