ഞാനൊരുപാട് ഏഷണി പറഞ്ഞുപോയി നബിയേ എന്നുപറഞ്ഞു സമീപിച്ച സഹാബിക്ക് അദ്ദേഹം ചെയ്ത തെറ്റിന്റെ ഗൗരവം പ്രവാചകൻ പ്രാക്ടിക്കലായി കാണിച്ചുകൊടുക്കുന്നുണ്ട്. ശക്തമായ കാറ്റടിച്ചുവീശുന്ന മരുഭൂമിയുടെ നാലുഭാഗത്തും പരുത്തി കൊണ്ടുവെക്കാന്‍ പറയുകയും ശേഷം അത് ശേഖരിക്കാനും പറയുന്നുണ്ട് തിരുനബി. ആ മരുക്കാറ്റിന്റെ വേഗതയില്‍ പരുത്തിയുടെ അംശപോലും കണ്ടെത്താന്‍ സാധിക്കില്ലെന്ന് തീര്‍ച്ചയാണ്. ഇതുപോലെയാണ് ഏഷണിയും പരദൂഷണവും. അതിന്റെ വ്യാപനം അതിവേഗത്തിലായിരിക്കും. പിന്നീട് ജീവിതത്തിലൊരിക്കലും നമുക്കത് തിരുത്താന്‍ സാധിക്കില്ല.
സോഷ്യല്‍ മീഡിയയിലൂടെ സ്ക്രോള്‍ ചെയ്തുപോകുമ്പോള്‍ കണ്ണിലുടക്കുന്ന ട്രോള്‍ വിഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും മറ്റുള്ളവരെ ആക്ഷേപിക്കുന്ന തരത്തിലുള്ള കോമഡി സ്കിറ്റുകള്‍ക്കും നമ്മള് ലൈക്കടിക്കാറുണ്ടോ...? ഷെയര്‍ ചെയ്യാറുണ്ടോ..? ഊറിച്ചിരിക്കാറുണ്ടോ...? എങ്കില്‍ നമുക്ക് സമാധാനിക്കാന്‍ സമയമായിട്ടില്ല. ഇത്തരം ആക്ഷേപഹാസ്യങ്ങള്‍ അന്യന്റെ മനസ്സിനുണ്ടാക്കുന്ന മുറിവും അവന്റെ അഭിമാനത്തിനുണ്ടാക്കുന്ന ക്ഷതവും അതനുഭവിക്കുന്നവനല്ലാതെ മറ്റൊരാള്‍ക്കും മനസ്സിലാവുകയില്ല. സോഷ്യല്‍ മീഡിയകളും മൊബൈല്‍ ഫോണുകളും നമുക്ക് നിസ്സാരമായി ഉപയോഗിച്ചു തള്ളാവുന്ന ഒരാസ്വാദനം മാത്രമാണെന്ന് ധരിച്ചുവശായവര്ക്കു തെറ്റി. അവക്ക് നമ്മുടെ ഇഹപര ജീവിതം തകര്‍ക്കാനുള്ള കെൽപുണ്ട്.
മൊബൈല്‍ ഫോണിന്റെ അമിതോപയോഗം മൂലമുണ്ടാകുന്ന രോഗാതുരതയും 'മൊബൈല്‍ സിന്‍ഡ്രോം' എന്ന രോഗാവസ്ഥയെ കുറച്ചും വായിച്ചപ്പോള്‍ ഭയം തോന്നി. മൊബൈല്‍ ഫോണിലൂടെ നമ്മള് മുഴുസമയവും കോടാനുകോടി ജനങ്ങളുടെ നടുവിലാണ്. അങ്ങാടിയില്‍നിന്ന് നമ്മള് ഒരു വ്യക്തിയെ കുറിച്ച് സംസാരിക്കുമ്പോള്‍ അവിടെയുള്ള ഓഡിയന്സിന്റെ വ്യാപ്തി വിരലിലെണ്ണാവുന്നതായിരിക്കും. എന്നാല്‍, സോഷ്യല്‍ മീഡിയകളിലെ നമ്മുടെ ഒരു ലൈക്കിന്റെ വ്യാപ്തിയുണ്ടാക്കുന്ന ഇംപാക്റ്റ് വിശദീകരിക്കാന്‍ സാധിക്കില്ല.
ഹാത്വിമുല്‍ അസ്വമിന്റെ ചരിത്രം വായിച്ചവര്‍ക്ക് മറ്റുള്ളവരുടെ അഭിമാന സംരക്ഷണത്തിന്റെ മൂല്യം പറഞ്ഞുതരേണ്ടതില്ല. ബധിരതയുടെ ഒരംശം പോലും ഇല്ലാതിരുന്നിട്ടും ജീവിതകാലം മുഴുവനും തന്റെ പേരിന് കൂടെ 'അല്‍ അസ്വം' അഥവാ ബധിരന് എന്ന അകമ്പടിയോടെ ജീവിച്ചുതീര്ത്തവരാണ് മഹാനവര്കള്. ഒരിക്കല്‍ അദ്ദേഹത്തിന്റെ സദസ്സില്‍ സംശയനിവാരണത്തിനെത്തിയ സ്ത്രീക്ക് ചോദ്യം ചോദിക്കുന്നതിനിടക്ക് കീഴ്വായു പുറപ്പെട്ടു. ലോക പ്രശസ്തനായ ഒരു പണ്ഡിതന്റെ മുന്നില്‍വെച്ചുണ്ടായ ദുരനുഭവം ആ സ്ത്രീയെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അവളുടെ മുഖത്ത് ജാള്യം തളംകെട്ടിനിന്നു.
സംഗതി മനസ്സിലാക്കിയ മഹാന് ചെവിവട്ടം പിടിച്ചുകൊണ്ട് ആ സ്ത്രീയോട് ചോദിച്ചു: ‘‘നിങ്ങളെന്താണ് പറഞ്ഞുതുടങ്ങിയത് ഉറക്കെ പറയൂ...’’
അദ്ദേഹത്തിന് കേള്‍വിക്കുറവുണ്ടെന്നു മനസ്സിലാക്കിയ ആ സ്ത്രീയുടെ മുഖത്ത് ആത്മാഭിമാനത്തിന്റെ ആശ്വാസമുണ്ടായിരുന്നു. പിന്നീട് മരണം വരെ താനന്ന് അഭിനയിച്ചതായിരുന്നുവെന്ന് ആ സ്ത്രീക്ക് തോന്നാതിരിക്കാന്‍ അദ്ദേഹം കേള്വിക്കുറവുള്ളവനെപ്പോലെയാണ് ജീവിച്ചത് എന്നാണ് ചരിത്രം.
ഈ വിശുദ്ധ റമദാനില്‍ നാമെടുക്കേണ്ട ആദ്യ തീരുമാനം മറ്റൊരാളുടെയും അഭിമാനത്തെ ഹനിക്കുന്ന ഒരു ലൈക്ക് ബട്ടണിലും എന്റെ വിരലമരില്ല, സത്യസന്ധമല്ലാത്ത ഒരു വാര്‍ത്തയും ഞാന്പ്രചരിപ്പിക്കില്ല, കൃത്യമായ അവബോധത്തോടുകൂടി മാത്രമേ ഞാന്‍ സോഷ്യല്‍ മീഡിയകളില്‍ ഇടപെടുകയുള്ളൂ എന്നെല്ലാമായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.