ദോഹ: റമദാനിലെ വൈകുന്നേരങ്ങളിൽ ഖത്തറിന്റെ തലസ്ഥാനനഗരിയിൽനിന്ന് അകലെയുള്ള അൽ കറാനയിലെയും ജെറിയാനിലെയും ഉം ഖർനയിലെയും അബു നഖ്ലയിലേയുമെല്ലാം ഒരുപറ്റം മനുഷ്യർ ദോഹയിൽനിന്നുള്ള റോഡിലേക്ക് കണ്ണുംനട്ടിരിക്കുന്നത് ഇപ്പോഴൊരു പതിവുകാഴ്ചയാണ്.
പ്രഭാതത്തിന് മുമ്പേ വല്ലതും കഴിച്ച് നോമ്പെടുത്തവർക്ക് വ്രതം മുറിക്കാനുള്ള വിഭവങ്ങളുമായി കുതിച്ചെത്തുന്ന വാഹനം അകലെ നിന്നും പൊട്ടുപോലെ കണ്ടുതുടങ്ങുമ്പോഴേക്ക് അവരുടെ ശരീരവും മനസ്സും പ്രാർഥനകൾകൊണ്ട് കുളിരണിയും. ഒട്ടകങ്ങളെ മേയ്ക്കുന്ന മസ്റകളിലും തൊഴിലാളി ക്യാമ്പുകളിലും മറ്റുമായി കാത്തിരിക്കുന്ന ഒരുപറ്റം മനുഷ്യരിലേക്ക് ദോഹയിൽനിന്ന് ഭക്ഷണപ്പൊതികളുമായി റമദാനിലെ ഈ യാത്ര തുടങ്ങിയിട്ട് ഇപ്പോൾ ഏഴെട്ടുവർഷം കഴിഞ്ഞു.
ഖത്തറിലെ പ്രവാസിസമൂഹത്തിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയുടെ (സി.ഐ.സി) റയ്യാൻ ഏരിയയിൽനിന്നുള്ള ഒരുകൂട്ടം പ്രവർത്തകർക്ക് ഇപ്പോഴത് ജീവിതചര്യകൂടിയാണ്. റമദാൻ മാസപ്പിറ തെളിഞ്ഞുകഴിഞ്ഞാൽ വേങ്ങര സ്വദേശി സിദ്ദീഖിനും കൂട്ടുകാർക്കും വിശ്രമമുണ്ടാവാറില്ല.
റമദാൻ തുടങ്ങും മുമ്പേ ഇവരുടെ മനസ്സുകൾ ആവശ്യക്കാരുടെ എണ്ണവും ലഭ്യമായ വിഭവങ്ങളുടെ എണ്ണവും കൂട്ടിയും കുറച്ചും തുടങ്ങും. സഹോദരങ്ങളെ നോമ്പുതുറപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളും കൂട്ടായ്മകളും പണമായും വിഭവങ്ങളായും മുന്നോട്ടുവരുമ്പോൾ അവർക്ക് വഴികാട്ടിയാവുകയാണ് ഇവർ.
എട്ടു വർഷം മുമ്പ് ജീവിതനിയോഗം പോലെയായിരുന്നു ഈ സംഘം തങ്ങളുടെ ദൗത്യം തിരിച്ചറിഞ്ഞ് രംഗത്തിറങ്ങുന്നത്. കുറച്ചുപേരെ നോമ്പുതുറപ്പിക്കണം എന്ന ആഗ്രഹവുമായി എത്തിയ ഒരു വ്യക്തിയെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ലേബർ ക്യാമ്പിലെത്തിച്ചായിരുന്നു തുടക്കം. 50 പേർക്ക് നോമ്പുതുറ വിഭവങ്ങൾ നൽകി അവരുടെ വയറും തങ്ങളുടെ മനസ്സും നിറച്ചതോടെ പിന്നെ അതൊരു മുടങ്ങാത്ത കർമമായി മാറി.
അങ്ങനെ നൂറും 200ഉം ആയി ആവശ്യക്കാരുടെ എണ്ണം ഉയർന്നപ്പോൾ, അവർക്കെല്ലാം നോമ്പുതുറ വിഭവങ്ങളുമായി റയ്യാനിൽനിന്ന് ഇവരുടെ വാഹനങ്ങൾ ഓടിത്തുടങ്ങി. അർഹരായവരെ നോമ്പുതുറപ്പിക്കാൻ ആഗ്രഹിച്ച വ്യക്തികളും കൂട്ടായ്മകളും സ്ഥാപനങ്ങളുമെല്ലാം അവകാശികളിലേക്ക് ഇഫ്താർ കിറ്റുകൾ എത്തിക്കാൻ സിദ്ദീഖിനെയും കൂട്ടുകാരെയും തേടിയെത്തി.
ഇൻഡസ്ട്രിയൽ ഏരിയയിൽ തുടങ്ങിയ വിതരണം അവകാശികളെ തേടി സൗദി അതിർത്തിവരെ എത്തിയെന്നതാണ് കഴിഞ്ഞ കാലങ്ങളിലെ അനുഭവം. കടകളോ മനുഷ്യവാസങ്ങളോ ഇല്ലാത്ത മേഖലകളിൽ റമദാനിലെ സായാഹ്നങ്ങളിൽ ബാങ്ക് വിളി ഉയരും മുമ്പേ ഈത്തപ്പഴവും പഴവർഗങ്ങളും മുതൽ മട്ടനും ചിക്കനും ഉൾപ്പെടെയുള്ള വിഭവങ്ങൾ പൊതികളിലായി എത്തിക്കും.
കോവിഡ് മഹാമാരിക്കാലത്ത് എല്ലാവരും പ്രതിസന്ധിയിലായപ്പോഴും ഇവരുടെ നേതൃത്വത്തിൽ ഭക്ഷ്യവിതരണം മുടങ്ങിയിരുന്നില്ല. മാത്രമല്ല, നേരത്തെ വിതരണം ചെയ്തതിനേക്കാൾ ഇരട്ടിയായി ഭക്ഷ്യപ്പൊതികൾ അവകാശികളിലേക്ക് എത്തിച്ചു. കഴിഞ്ഞ റമദാനിൽ ദിവസം 5000 വരെ ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്.
ആകെ, 1.30 ലക്ഷത്തോളം ഭക്ഷ്യപ്പൊതികൾ. ജെറിയാൻ, മികൈൻസ്, അബു നഖ്ല, ഇൻഡസ്ട്രിയൽ ഏരിയ, ശഹാനിയ, റയ്യാൻ, മൈദർ, ഫറൂസിയ, അസീസിയ, ഐൻ ഖാലിദ്, വക്റ തുടങ്ങിയ സ്ഥലങ്ങളിലെ ലേബർ ക്യാമ്പുകളിലും വിജനമായ പ്രദേശങ്ങളിലെ ഫാമുകളിലും ഒറ്റപ്പെട്ട് താമസിക്കുന്ന പ്രദേശങ്ങളിലുള്ളവരിലേക്കും ഇടയന്മാരിലേക്കുമെല്ലാം മുടങ്ങാതെ നോമ്പുതുറ വിഭവങ്ങളെത്തി.
തൊഴിൽതേടിയെത്തിയ വിദേശികളും ജോലി നഷ്ടപ്പെട്ടവരുമെല്ലാം ഇവരുടെ കരുണയിൽ നോമ്പ് തുറന്നു. ഖത്തർ ചാരിറ്റിയിൽനിന്ന് ഫ്രണ്ട്സ് കൾചറൽ സെൻറർ മുഖേന ലഭിക്കുന്ന 2500ഓളം ഭക്ഷണക്കിറ്റുകളായിരുന്നു കഴിഞ്ഞവർഷം ഏറ്റവും പ്രധാനമായിരുന്നത്.
ഇതിനു പുറമെ, വിവിധ സന്നദ്ധ സംഘടനകൾ, കച്ചവടസ്ഥാപനങ്ങൾ, കോളജ് അലുമ്നികൾ, മഹല്ല് കൂട്ടായ്മകൾ, വാട്സ് ആപ് ഗ്രൂപ്പുകൾ തുടങ്ങി അമ്പതോളം ചെറുതും വലുതുമായ സംഘങ്ങൾ സഹായവുമായെത്തിയപ്പോൾ കൃത്യമായ ഏകോപനത്തിലൂടെ ഇവർ ജീവകാരുണ്യ പ്രവർത്തനത്തിന്റെ മഹത്തര മാതൃക തീർത്തു.
റമദാനിലെ ഭക്ഷ്യക്കിറ്റുകൾ മാത്രമല്ല, പെരുന്നാൾ വസ്ത്രങ്ങൾ, ശൈത്യകാലത്തെ തണുപ്പുകുപ്പായങ്ങൾ, ഉളുഹിയത്ത് മാംസങ്ങൾ അങ്ങനെ വിശേഷപ്പെട്ടതെല്ലാമായി നോമ്പല്ലാത്ത കാലത്തും റയ്യാനിൽനിന്ന് വാഹനങ്ങൾ അവകാശികളെ തേടി പായുന്നു.
ഇത്തവണയും മുടക്കമില്ലാതെ സിദ്ദീഖും 45ഓളം വരുന്ന വളന്റിയർമാരും സജീവമായി രംഗത്തുണ്ട്. ഭക്ഷണം നല്കാൻ സന്നദ്ധരായിവരുന്ന കൂട്ടായ്മകൾക്ക്, ആവശ്യക്കാരനെ കാണിച്ചുകൊടുക്കുകയും വിതരണത്തിന് നേതൃത്വം നൽകുകയും ചെയ്തുകൊണ്ട് അവർ ഓരോ സായാഹ്നത്തിലും വിശക്കുന്ന വയറുകൾ തേടി പുറപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.