ദാനധർമങ്ങളുടെ വസന്തകാലം

ദാനധർമങ്ങൾക്ക് അതിയായ പ്രാധാന്യം ഇസ്‍ലാം നൽകുന്നുണ്ട്. പ്രവാചകന്റെ പ്രകൃതംതന്നെ ദാനധർമങ്ങളിൽ അതിയായ ശ്രദ്ധപുലർത്തുക എന്നതായിരുന്നു. ദൈവത്തിന്‍റെ മാലാഖ ആദ്യ ദിവ്യബോധനവുമായി പ്രത്യക്ഷപ്പെട്ടപ്പോൾ ഹിറാഗുഹയിൽ ധ്യാനനിമഗ്നനായിരുന്ന പ്രവാചകൻ ചകിതനായി. എന്നും തനിക്ക് സാന്ത്വനമാകാറുള്ള പത്നി ഖദീജയുടെ അടുത്തെത്തി.

തനിക്കെന്തോ വിപത്തണയാൻ പോകുന്നുവെന്ന് വ്യാകുലപ്പെട്ടപ്പോൾ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘‘ഇല്ല, ഒരിക്കലും ദൈവം താങ്കളെ കൈവെടിയുകയില്ല. താങ്കൾ കുടുംബബന്ധം ചേർക്കുന്നു, അതിഥികളെ ആദരിക്കുന്നു. പാവപ്പെട്ടവർക്ക് താങ്ങും തണലുമായി വർത്തിക്കുന്നു. അഗതികളെയും അനാഥകളെയും ആലംബഹീനരെയും സഹായിക്കുന്നു. ’’

ദൈവാരാധന കഴിഞ്ഞാൽ ഇസ്‍ലാം ഏറെ പ്രാധാന്യം കൽപിക്കുന്നത് ദാനധർമങ്ങൾക്കാണെന്ന് കാണാം. നിർബന്ധദാനം (സകാത്ത്) ഇസ്‍ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ സുപ്രധാനമാണ്. പാവപ്പെട്ടവരെ സഹായിക്കാത്തവൻ ഇസ്‍ലാം എന്ന ആദർശത്തെ തള്ളിപ്പറയുന്നവനും നരകാവകാശിയുമാകുമെന്നാണ് ഖുർആനിക അധ്യാപനം. ‘‘മതത്തെ കളവാക്കുന്നവനെ നീ കണ്ടില്ലേ. അനാഥകളെ ആട്ടിയകറ്റുകയും പാവപ്പെട്ടവർക്ക് അന്നം നൽകാൻ പ്രേരിപ്പിക്കാത്തവനുമാണവൻ.’’

പരലോകത്ത് നരകവാസികളെ കാണു​മ്പോൾ എന്തുകാരണത്താലാണ് നിങ്ങൾ നരകത്തിൽപോയത് എന്ന് വിശ്വാസികൾ ആരായുമ്പോൾ അവർ മറുപടി പറയുന്നതിങ്ങനെ: ‘‘ഞങ്ങൾ നമസ്കരിക്കുന്നവരായിരുന്നില്ല. ഞങ്ങൾ ദരിദ്രർക്ക് ആഹാരം നൽകുന്നവരുമായിരുന്നില്ല.

ഞങ്ങൾ വിനോദങ്ങളിൽ വിഹരിക്കുന്നവരോടൊപ്പമായിരുന്നു. (വി. ഖുർആൻ). മദീനയിൽ ആദ്യമായി കാലൂന്നിയ പ്രവാചകൻ നൽകിയ പ്രഥമ സന്ദേശം ഇങ്ങനെ: ‘ജനങ്ങളെ! സമാധാനത്തെ പ്രചാരത്തിൽ വരുത്തുക. ഇല്ലാത്തവർക്ക് ഭക്ഷണം നൽകുക, ജനങ്ങൾ നിദ്രാവസ്ഥയിൽ ലയിക്കുമ്പോൾ പ്രാർഥനാനിമഗ്നരാവുക.’

ദാരിദ്ര്യത്തെ ഒരു സ്ഥിരം പ്രതിഭാസമായി നിലനിർത്താനല്ല ഇസ്‍ലാം ആഗ്രഹിക്കുന്നത്. ക്രമപ്രവൃദ്ധമായി ദരിദ്രവിഭാഗത്തെ കൈപിടിച്ചുയർത്തുന്നതിനും സകാത്ത് വാങ്ങുന്നവരെ സകാത്ത് ദായകരാക്കാനുമാണ് അത് ശ്രമിക്കുന്നത്. സകാത്ത് വ്യവസ്ഥ ഈ ലക്ഷ്യമിട്ടുകൊണ്ടാണ് നടപ്പാക്കിയിട്ടുള്ളത്.

സമ്പന്നരിൽനിന്ന് നിർബന്ധദാനം സമൂഹനേതൃത്വം ഏറ്റുവാങ്ങുകയും സമുദായത്തിലെ എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും വിതരണം ചെയ്യുകയും വേണം. സ്വയംപര്യാപ്തത കൈവരിക്കുമാറുള്ള വിഭവങ്ങളാകണം അവർക്ക് നൽകുന്നത് എന്നും പ്രത്യേക നിഷ്‍കർഷയുണ്ട്.

Tags:    
News Summary - ramadan-The spring time of charity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.