കോഴിക്കോട്: കാപ്പാട് മാസപ്പിറവി ദൃശ്യമായതോടെ റമദാൻ വ്രതത്തിന് സമാരംഭം. മുസ്ലിം സമൂഹത്തിന് ഇനി ആത്മസംസ്കരണത്തിന്റെ വിശുദ്ധ നാളുകൾ. പകൽ അന്നപാനീയങ്ങൾ ഉപേക്ഷിച്ചും പതിവിലേറെ പ്രാർഥിച്ചും വിശ്വാസികൾ വേറിട്ട ദിനചര്യകളിലേക്ക് മാറും. രാവേറെ നീളുന്ന പ്രാർഥനകളും ഖുർആൻ പാരായണവും കീർത്തനങ്ങളുമായി വിശ്വാസി ആത്മീയനിർവൃതി തേടുന്ന മാസമാണ് റമദാൻ. ഗൾഫിലും ഇന്നാണ് വ്രതാരംഭം. ഉത്തരേന്ത്യയിൽ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ വെള്ളിയാഴ്ചയാണ് റമദാൻ ഒന്ന്.
കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ വ്യാഴാഴ്ച റമദാന് ഒന്നായിരിക്കുമെന്ന് ഖാദിമാരായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. റമദാൻ മാസപ്പിറവി കണ്ടതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവർ അറിയിച്ചു. വിസ്ഡം ഹിലാൽ വിങ് ചെയർമാൻ അബൂബക്കർ സലഫി, തിരുവനന്തപുരം പാളയം ഇമാം മൗലവി ഡോ. വി.പി. സുഹൈബ്, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും മാസപ്പിറവി സ്ഥിരീകരിച്ചു.
സാമൂഹിക ഐക്യത്തിന്റെ ഇഫ്താറുകൾ റമദാന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. തറാവീഹ് നമസ്കാരവും സൽകർമങ്ങൾക്ക് ആയിരം മാസങ്ങളേക്കാൾ പുണ്യം ലഭിക്കുന്ന ‘ലൈലത്തുൽ ഖദ്റും’ റമദാന്റെ സവിശേഷതയാണ്. വിശുദ്ധ ഖുർആൻ അവതരിച്ച മാസമായതിനാൽ ഖുർആൻ കൂടുതൽ പഠിക്കാനും മതത്തെ അടുത്തറിയാനും വിശ്വാസികൾ സമയം കണ്ടെത്തുന്നു. ദൈവഭവനങ്ങളായ പള്ളികളിൽ പതിവിൽ കവിഞ്ഞ സജീവതയുണ്ടാവും. കടുത്ത ഉഷ്ണകാലത്താണ് കേരളത്തിൽ ഇത്തവണത്തെ റമദാൻ. 32 ഡിഗ്രിയാണ് കോഴിക്കോട്ടെ ചൂട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.