വിശ്വാസിയായ ഓരോ വ്യക്തിയുടെയും സ്വഭാവരൂപവത്കരണത്തിലും ആത്മ സംസ്കരണത്തിലും റമദാൻ മാസത്തിന് വലിയ പങ്കുണ്ട്. ഓരോ കാലഘട്ടത്തിലും ഈ മാസം പകർന്നു നൽകുന്ന ആത്മവിശുദ്ധിയുടെ വെളിച്ചം ജീവിതയാത്രയിൽ സ്വയം തിരുത്തലുകളും വ്യക്തിശുദ്ധിയും കരസ്ഥമാക്കാൻ ഏറെ സഹായകമാണ്. ബാല്യ കാലത്ത്, കുറ്റ്യാടിപ്പുഴയുടെ രണ്ട് കരകളിൽനിന്നാണ് റമദാൻ മാസത്തിന്റെ പുണ്യദിനരാത്രങ്ങൾക്ക് സാക്ഷിയാവാറുള്ളത്. പുഴക്ക് ഇക്കരെ സ്വന്തം വീടും അക്കരെ മാതൃ ബന്ധു വീടുകൾ നിൽക്കുന്ന നാട്ടിലും.
മണിയൂർ പഞ്ചായത്തിലെ മാതൃ വീടിന് ചുറ്റും എല്ലാ വീടുകളിലും സമൂഹ നോമ്പുതുറ പതിവായിരുന്നു. ഓരോ ദിവസം ഓരോ വീടുകളിൽനിന്ന് അയൽവാസികളും നാട്ടുകാരുമായ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നോമ്പ് തുറക്കും. തികച്ചും ആർഭാടരഹിതമായ നോമ്പുതുറകളിൽ പരസ്പര സ്നേഹവും സഹകരണവുമായിരുന്നു ഏറ്റവും വിലകൂടിയ വിഭവം. പിന്നീടുള്ള പ്രവാസി ജീവിതത്തിൽ സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും വലിയ പാഠങ്ങൾക്ക് വഴി കാട്ടിയത് ആ കാലത്തെ നിറവാർന്ന അനുഭവങ്ങളും ഓർമകളുമാണ്.
അക്കാലത്ത് പയ്യോളി പഞ്ചായത്തിൽ (ഇപ്പോൾ മുനിസിപ്പാലിറ്റി) ഉൾപ്പെടുന്ന സ്വന്തം നാട്ടിൽ ചെറുപ്പത്തിൽ അടുത്ത കൂട്ടുകാർക്കൊപ്പം സകാത് വാങ്ങാൻ പോയ ഓർമകളുണ്ട്. അടുത്ത പല ദേശങ്ങളിൽ നിന്നും ധരാളം പേർ അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ സകാത് വാങ്ങാൻ വരാറുണ്ടായിരുന്നു. ദാനധർമങ്ങളുടെ പ്രാധാന്യവും പ്രസക്തിയും ഏറ്റവും മഹനീയമായ മാതൃകയിൽ പഠിപ്പിക്കുന്ന മികച്ച അനുഭവമായിരുന്നു അത്.
ഉള്ളതിൽനിന്ന്, വേദനയും പ്രയാസങ്ങളും അനുഭവിക്കുന്നവരെ സഹായിക്കാനുള്ള ആഗ്രഹവും സന്നദ്ധതയും ജീവിതത്തിൽ എപ്പോഴും വേണ്ടതാണെന്ന ഉത്തമ ബോധ്യം ആ ബാല്യകാല സകാത് അനുഭവങ്ങളിൽനിന്നാണ് മുളപൊട്ടിയത്. ഓരോ വയസ്സിലും, ഓരോ കാലഘട്ടത്തിലും റമദാൻ നമ്മെ പുതിയ അനുഭവങ്ങൾകൊണ്ടും ബോധ്യങ്ങൾകൊണ്ടും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സ്വയം ശുദ്ധീകരിച്ചെടുക്കാൻ സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.