ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ പലിശ വിരുദ്ധവും ധർമാധിഷ്ഠിതവുമാണ്. ചൂഷണവിരുദ്ധവും സേവനബദ്ധവുമാണ്. മനുഷ്യപ്പറ്റുള്ളതും പുരോഗനാത്മകവുമാണ്. പലിശ എന്ന ചൂഷണ വ്യവസ്ഥക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്ലാം വേറെ ഏതെങ്കിലും ഒരു സാമൂഹ്യ തിന്മക്കെതിരെ ഇത്ര രൂക്ഷമായ ഭാഷയിൽ ഖുർആൻ ശബ്ദിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍! നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്ക്കുതന്നെയുള്ളതാണ്; നിങ്ങള്‍ ആരെയും ദ്രോഹിക്കാതെയും, ആരുടെയും ദ്രോഹത്തിനിരയാകാതെയും. (വിശുദ്ധ ഖുർആൻ 2:278,279).
അല്ലാഹു പലിശയെ ശോഷിപ്പിക്കുന്നു. ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നു. നന്ദികെട്ടവനും കുറ്റവാളിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല (വിശുദ്ധ ഖുർആൻ 2:276). പലിശ തിന്നുന്നവനെ അല്ലാഹു ഉപമിച്ചത് പിശാച് ബാധയേറ്റ് ഭ്രാന്തായവനെപോലെയാണ്. മനുഷ്യത്വം വറ്റിവരണ്ട് ചെകുത്താനായി മാറിയവൻ. അവന്റെ നോട്ടവും നിൽപ്പും ഇരിപ്പും നടപ്പുമെല്ലാം ചെകുത്താനെപ്പോലെയാണ്. മനുഷ്യനെപ്പോലെയല്ല തന്നെ. പലിശ തിന്നുന്നവര്‍ക്ക്, പിശാചുബാധയേറ്റ് കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് എഴുന്നേല്‍ക്കുന്നവനെപ്പോലെയല്ലാതെ നിവര്‍ന്നുനില്‍ക്കാനാവില്ല. ‘കച്ചവടവും പലിശപോലെത്തന്നെ’ എന്ന് അവര്‍ പറഞ്ഞതിനാലാണിത്. എന്നാല്‍ അല്ലാഹു കച്ചവടം അനുവദിച്ചിരിക്കുന്നു.
പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയില്‍ നിന്ന് വിരമിച്ചാല്‍ നേരത്തെ പറ്റിപ്പോയത് അവന്നുള്ളതുതന്നെ. അവന്റെ കാര്യം അല്ലാഹുവിങ്കലാണ്. അഥവാ, ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കില്‍ അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും (വിശുദ്ധ ഖുർആൻ 2:276).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.