ഒരാൾക്ക്, അത് ആരുമാകട്ടെ, മറ്റുള്ളവരുടെ പുറത്തുള്ള അധികാരത്തെക്കുറിച്ചുള്ള ചർച്ചയാണ് രാമായണത്തിലെ പ്രധാനപ്പെട്ട വിഷയം. കാതലായി ഉരുത്തിരിയുന്ന ഉത്തരം ആർക്കും ആരുടെ പുറത്തും അധികാരം ഇല്ലെന്നും ഉണ്ടാകരുത് എന്നുമാണ്. കാരണം, എന്നും എപ്പോഴും അധികാരിയുടെ നാനാവിധ വൈകാരിക നിലകൾ അധികാരപ്രയോഗത്തെ മോശമായി ബാധിക്കുന്നു.
ദശരഥനെ നോക്കുക. പരാക്രമിയായ രാജാവ്. വീരൻ, ധീരൻ. എന്നിട്ടോ, ഇഷ്ടപത്നിയും സുന്ദരിയുമായ കൈകേയി പിണങ്ങിയപ്പോൾ ആകെ തളർന്നു, തനി പ്രാന്തനായി. രാജ്ഞിയെ അനുനയിപ്പിക്കാൻ എന്തു ചെയ്യാനും തയാറാവുന്നു. നീതിയോ അനീതിയോ എന്നതൊന്നും പ്രശ്നമല്ല! ഉറക്കെ പ്രഖ്യാപിക്കുന്നത് നോക്കുക: 'വധശിക്ഷക്കു വിധിക്കപ്പെട്ട് ഊഴം കാത്തുകിടക്കുന്നവനെ, അവൻ നിനക്ക് പ്രിയപ്പെട്ടവൻ എങ്കിൽ, ഞാൻ നിരുപാധികം മോചിപ്പിക്കാം! അതേപോലെ, ഒരു തെറ്റും ചെയ്യാത്തവന് വധശിക്ഷ നൽകാം! നീ പറഞ്ഞാൽ ഏതു പാവപ്പെട്ടവനെയും മഹാധനികൻ ആക്കാം! ഏത് കുബേരനെയും പിച്ചക്കാരനും ആക്കിത്തരാം! നീ ഒന്ന് ചിരിച്ചുകണ്ടാൽ മാത്രം മതി!'
ഇതിനേക്കാൾ മോശക്കാരനായ അധികാരിയാണ് രാവണൻ. അയാൾ സുന്ദരിയായ പത്നി മണ്ഡോദരി പറഞ്ഞാൽപോലും കേൾക്കില്ല എന്നേയുള്ളൂ. തനിക്ക് എപ്പോൾ എന്താണോ വേണ്ടത് അതാണ് അദ്ദേഹത്തിെൻറ നീതി. അനീതിയാണ് അത് എന്ന് പറഞ്ഞു പോയാൽ സ്വന്തം അനിയനാണെങ്കിലും വാൾ ഉറയൂരി കൊല്ലാൻ പുറപ്പെടും! എത്ര നല്ല കാര്യം ആർ തന്നെ പറഞ്ഞാലും ചെവിയിൽ കേറില്ല. പക്ഷേ, സുന്ദരിയായ ഏതു പെണ്ണിെൻറ മുന്നിലും കെഞ്ചി കേഴാൻ അയാൾ തയാറാണ്. വിലപ്പെട്ട എന്ത് ഏതു ലോകത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് അദ്ദേഹത്തിന് വേണം. പിടിച്ചുപറിതന്നെയാണ് ന്യായമായ മുറ! ഏറ്റവും മാരകമായ വജ്രായുധം ൈകയിൽ സദാ തയാർ. ദൈവംതമ്പുരാൻ തന്നെയാണെങ്കിലും മനുഷ്യനായി ഭൂമിയിൽ ജനിച്ച് രാജാവായി കഴിഞ്ഞാൽ വേണ്ടതും വേണ്ടാത്തതും ഒക്കെ മറന്നുപോകും എന്ന് നാരദമഹർഷി നേരിട്ടുവന്ന് രാമനോട് പറയുന്നുണ്ട്. മനുഷ്യജന്മത്തിെൻറ പ്രത്യേകതയാണ് ആ മറവി എന്നാണ് മഹർഷി വിശദീകരിക്കുന്നത്. അതായത്, മനുഷ്യർക്ക് ഇണങ്ങുന്ന ഒരു കാര്യമല്ല അധികാരം എന്നർഥം.
ഈ നിയമത്തിന് അപവാദമായി ഉള്ളത് ഋഷിയായ രാജാവാണ്. രാജർഷി എന്ന് വേറൊരു പേര്. ജനകമഹാരാജാവ് ഇങ്ങനെയൊരാൾ ആണ്. അദ്ദേഹത്തിെൻറ തലസ്ഥാനത്ത് വലിയ കൊട്ടാരങ്ങളും ആഡംബരങ്ങളും ഇല്ല. അതൊക്കെ അയോധ്യയിലേ ഉള്ളൂ. ഒരിടത്ത് ഗ്രാമത്തിലെ സ്വർഗീയ അന്തരീക്ഷം, മറ്റേടത്ത് നാഗരികതയുടെ അഴുക്കുകൾ, ധൂർത്തുകൾ, ആഡംബരങ്ങൾ, പൊങ്ങച്ചങ്ങൾ.
ഉവ്വ്, ജനകെൻറ നാട്ടിലും രാജാവും രാജകിങ്കരന്മാരും വെവ്വേറെ ഉണ്ട്. സമന്മാർ അല്ല. ഇരുകൂട്ടരും മനുഷ്യരാണെങ്കിലും അറിവുള്ളവർക്ക് അത് ഇല്ലാത്തവരെക്കാൾ വലിയ സ്ഥാനം നൽകപ്പെടുന്നുമുണ്ട്. എന്നാലോ, തീർത്തും ആദർശപരമായ ഒരു രാജാധികാരനിർവഹണം നമുക്ക് ഭരതനിൽ കാണാം. അപൂർവവും അന്യൂനവുമാണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.