ഈ നാട്ടിൽ ജാതി എന്നാണ് ഉണ്ടായത് എന്ന് കൃത്യമായി അറിയാൻ വഴിയില്ല. വാല്മീകി രാമായണ കാലത്ത് അത് ഉണ്ടായിരുന്നു എന്ന് നിശ്ചയം. ആദികവി മുതൽ ഇങ്ങേയറ്റത്ത് ശ്രീനാരായണ ഗുരുദേവൻ വരെ അതിനെ എതിർത്തവരാണല്ലോ. എഴുത്തച്ഛൻ ഈ നിലപാടിൽ വിശേഷിച്ചും ഊന്നിയിരുന്നു. അദ്ദേഹത്തിെൻറ കാലത്തും സമൂഹത്തിലെ ഏറ്റവും വലിയ കളങ്കം ഇതായിരുന്നിരിക്കണം.
മന്ത്രങ്ങളും തന്ത്രങ്ങളുംകൊണ്ട് ഈശ്വരനെ സ്വാധീനിക്കാൻ കഴിയുന്നവർ എന്ന അവകാശവാദവുമായി ചില ആളുകൾ കോവിലകങ്ങളിലും അരമനകളിലും കയറിപ്പറ്റിയിരുന്നു. ഇവർ ബ്രാഹ്മണ്യംകൊണ്ട് കുന്തിച്ചു കുന്തിച്ചു പിൻവാതിലിലൂടെ അധികാരം ൈകയാളി. സമൂഹത്തിൽ ഭൂരിപക്ഷത്തിനും അക്ഷരംപോലും നിഷേധിച്ചു. ജാതി നോക്കാതെ വിദ്യാഭ്യാസം നൽകുന്ന കളരികൾ ഒന്നൊഴിയാതെ നശിപ്പിച്ചു.
ഈ അനീതിക്കെതിരെ എഴുത്തച്ഛൻ ധീരമായി ശബ്ദിച്ചു. മഹായാഗം ചെയ്യുന്ന ബ്രാഹ്മണനുപോലും ഈശ്വരസാക്ഷാത്കാരത്തിനായി യത്നിക്കാനുള്ള അവകാശത്തിൽ തീണ്ടാർന്ന പെണ്ണിനും ഇരപ്പനും ദാഹകനും ഏറ്റവും താഴെയുള്ള ജാതിക്കാരനും ഒട്ടും മുകളിലല്ല സ്ഥാനമെന്ന് തെൻറ ആദ്യ കൃതിയായ ഹരിനാമകീർത്തനത്തിൽതന്നെ അദ്ദേഹം സംശയലേശം കൂടാതെ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
ശ്രീരാമൻ കാട്ടിലേക്കു പോകുമ്പോൾ ദാനങ്ങൾ നൽകുന്ന വേളയിൽ പരിഗണിക്കുന്നത് 'നല്ല' ബ്രാഹ്മണരെ മാത്രമാണ്. എന്നുവെച്ചാൽ മനുഷ്യസമത്വത്തിലേക്കു നയിക്കുന്നു അറിവ്, സൗശീല്യം, സംസ്കാരം എന്നിവ തികഞ്ഞവരെ.എല്ലാ ജാതിയിലും നല്ല ആളുകളും ചീത്ത ആളുകളും ഉണ്ട് എന്ന നേരിന് അദ്ദേഹം ആവർത്തിച്ച് അടിവരയിടുന്നു.
നല്ല വഴി പറഞ്ഞുകൊടുക്കാൻ ശ്രമിച്ചപ്പോൾ കൊല്ലാൻ ഒരുങ്ങിയ രാവണനിൽനിന്ന് രക്ഷപ്പെട്ട വിഭീഷണൻ ശ്രീരാമനെ ആശ്രയിക്കാൻ വരുന്ന നേരത്ത്, 'രാക്ഷസകുലത്തിൽ ജനിച്ചവനാണ്, വിശ്വസിക്കാൻ വയ്യ' എന്ന് രാമെൻറ സൈന്യാധിപന്മാർ ചൂണ്ടിക്കാണിക്കുന്നു. പേക്ഷ, എല്ലാ ജാതിയിലും നല്ലവരുണ്ടാകാം എന്ന ശാസ്ത്രീയമായ മറുവാദമാണ് അംഗീകരിക്കപ്പെടുന്നത്.
നീചജാതിയിൽ പിറന്ന ശബരി ശ്രീരാമനെ സൽക്കരിക്കുന്നത്, നന്നായി പഴുത്തതല്ലേയെന്ന് താൻ കടിച്ചുനോക്കി രുചിച്ചറിഞ്ഞ പഴങ്ങൾകൊണ്ടാണ്. ലക്ഷ്മണൻപോലും അറച്ചുനിൽക്കെ ആത്മഹർഷത്തോടെയാണ് ആ ഉപഹാരം ശ്രീരാമൻ ആസ്വദിക്കുന്നത്.
എന്തു ചെയ്യാൻ, കോവിലകത്തുനിന്നുള്ള കൽപനകൾ തീരുമാനിച്ചത് ആ പഴയ യുഗത്തിലെ ശ്രീരാമൻ ആയിരുന്നില്ലല്ലോ. അതിനാൽ എഴുത്തച്ഛൻ വധശിക്ഷക്കു വിധിക്കപ്പെട്ടു. ആഴ്വാഞ്ചേരി തമ്പ്രാക്കൾ ഇടപെട്ടാണ് ആ ശിക്ഷ നാടുകടത്തലായി ചുരുങ്ങിയത്.
അതിനു മുമ്പുണ്ടായ ഒരു വിചാരണയിൽ ഇതേ ശക്തികൾ അദ്ദേഹത്തെ ചക്ക് ഉന്തി തിരിക്കാൻ ശിക്ഷിച്ചു. കാളകൾ ചെയ്യേണ്ട അതീവ ആയാസകരമായ ആ ജോലി അദ്ദേഹം 12 വർഷം ചെയ്തു. അതിനിടെയാണ്, കരഞ്ഞുടയുന്ന എള്ളിെൻറ ശ്രുതി പശ്ചാത്തലമാക്കി, രാമായണരചന.
മലയാളക്കരയിൽ മനുഷ്യസമത്വത്തിനുവേണ്ടി വാദിച്ചതിെൻറ പേരിൽ ഇത്ര കടുത്ത ശിക്ഷകൾ ഏറ്റുവാങ്ങിയ മറ്റൊരു മനീഷിയും ഇല്ല. പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി എത്ര ശക്തിയായി വാദിക്കാനും ഇന്ന് നമുക്ക് സ്വാതന്ത്ര്യമുണ്ട്- വാദിച്ചിട്ട് ഒരു ഫലവും ഉണ്ടാകാറില്ല എങ്കിൽപോലും. ഇനിയും എത്ര കാലം വാദിച്ചാലാണ് കാര്യം നടക്കുക എന്ന് ഒരു നിശ്ചയവും ഇല്ലതാനും!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.