മായാസീതയാണ് ആശ്രമത്തിൽ ഉള്ളത്. രാമനോ, മനുഷ്യനായി അഭിനയിക്കുകയും ആണ്. പക്ഷേ, പൊന്മാൻസംഭവത്തിൽ ഒരു വലിയ പാഠം ഒളിഞ്ഞുകിടക്കുന്നു. ബേപ്പൂർ സുൽത്താന്റെ പൂവമ്പഴം എന്ന കഥ ഇല്ലേ, അതിൽ ഉള്ള പാഠം തന്നെ. രാമൻ ഒരു കഴുതക്കുട്ടിയെ പിടിച്ചുകൊണ്ടുവന്ന് അതുതന്നെയാണ് പൊന്മാൻ എന്ന് സീതയെക്കൊണ്ട് സമ്മതിപ്പിക്കുന്നില്ല എന്നുമാത്രം!
രാമനെ ആശ്രമത്തിൽനിന്ന് അകറ്റാൻ രാവണൻ മാരീചനെ മാനായി വേഷം കെട്ടിച്ച് പറഞ്ഞയക്കുന്നു. നല്ല ചന്തം. അടുപ്പം തോന്നിപ്പിക്കുന്ന പ്രകൃതം. കൈനീട്ടിയാൽ പിടിക്കാമെന്ന ഇടംവരെ അരികിലേക്കു വരുന്നു. പക്ഷേ, അടുക്കുമ്പോൾ പെട്ടെന്ന് മാറിക്കളയുന്നു. അതിനെ കണ്ടപടി സീത ആവശ്യപ്പെടുന്നു: കനകമയമൃഗത്തെ പിടിച്ചു തരൂ, ഭർത്താവേ!!
രാമൻ അതിന്റെ പിന്നാലെ പോയിപ്പോയി ആശ്രമത്തിൽനിന്ന് വളരെ ദൂരം അകലുന്നു. അനാവശ്യങ്ങളായ മോഹങ്ങൾക്കു പിന്നാലെ ഭർത്താക്കന്മാരെ പറഞ്ഞുവിടുന്ന ഭാര്യമാർ ശ്രദ്ധിക്കുക: സ്വന്തം ദുരിതക്കുഴിയാണ് തോണ്ടുന്നത്. തിന്നാനോ കുടിക്കാനോ അല്ല കളിക്കാനാണ് പൊന്മാൻ. കാട്ടിൽ സുഖമായും സ്വതന്ത്രമായും കഴിയുന്ന ഒരു ജീവിയാണ്. അതിനെ പിടിച്ചുകൊണ്ടുവന്ന് ആശ്രമമുറ്റത്ത് കെട്ടിയിടണം എന്നാണ് മോഹം. അതെ, പൂവമ്പഴം ഉടനെ കിട്ടണം. വിശപ്പ് ഉണ്ടായിട്ടൊന്നുമല്ല. വെറുമൊരു തമാശക്ക്. ഒരു പൂതി. പിന്നെ താൻ പറഞ്ഞാൽ ഭർത്താവ് അനുസരിക്കുമോ എന്ന് ഒരു പരീക്ഷണം. തന്നോട് എത്ര സ്നേഹമുണ്ട് എന്നതു തന്നെയാണ് പരീക്ഷണവിഷയം!
അക്രമികളായ ചക്രവർത്തിമാരുടെയും കണ്ണിൽ ചോരയില്ലാത്ത കൈക്കൂലി തമ്പുരാക്കന്മാരുടെയും മറ്റും പിന്നിൽ ഇതുപോലെ ചില അഭ്യർഥനകളുടെ പ്രാബല്യം ഉണ്ടാകാറുണ്ട്. അവസാനം മക്കളുടെ അച്ഛൻ ജയിലിലേക്ക് പോകുമ്പോഴേ അബദ്ധം മനസ്സിലാവൂ. അപ്പോഴേക്കും പക്ഷേ, തെറ്റു തിരുത്താൻ വയ്യാത്ത മാനങ്ങളിലേക്ക് കുറ്റകൃത്യങ്ങളുടെ വ്യാപ്തി എത്തിയിരിക്കും. പിടിക്കാൻ ആകാതെ വന്നപ്പോൾ രാമൻ എയ്ത അമ്പു കൊണ്ട് മരിക്കെ പൊന്മാൻ മാരീചനായി മാറുകയും, ലക്ഷ്മണനെ കൂടി ആശ്രമത്തിൽനിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെ രാമന്റെ ശബ്ദത്തിൽ മരണ നിലവിളി പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഉടനെ ചെന്ന് രാമനെ രക്ഷിക്കാൻ ലക്ഷ്മണനോട് സീത ആവശ്യപ്പെടുന്നു. രാക്ഷസരുടെ മായ അറിയാവുന്ന ലക്ഷ്മണൻ പോകാൻ മടിക്കെ സീത ലക്ഷ്മണനെ എല്ലാ മര്യാദകളും മറന്ന് ശകാരിക്കുന്നു.
കാതുകൾ പൊത്തി ലക്ഷ്മണൻ പോകുന്നു. ആശ്രമത്തിന് ചുറ്റും ഒരു വരവരച്ച് അതിനകത്ത് സുരക്ഷിതയായി നിന്നുകൊള്ളാൻ പറഞ്ഞല്ല കിളിപ്പാട്ടു രാമായണത്തിലെ ലക്ഷ്മണൻ പോകുന്നത്. ലക്ഷ്മണരേഖ വരക്കുന്നില്ല. ഇത്തരക്കാരി ആയ ഒരാളെ രക്ഷിക്കാൻ ഒരു രേഖക്കും കഴിയില്ല എന്നു നിശ്ചയിച്ചപോലെ! രാവണൻ വന്ന് പൊക്കിക്കൊണ്ട് പോകുമ്പോഴേ സീതക്ക് കാര്യം മനസ്സിലാകുന്നുള്ളൂ. ആണായാലും പെണ്ണായാലും ആഗ്രഹങ്ങൾ മനസ്സിൽ വരുമ്പോൾ രണ്ടുവട്ടം ആലോചിക്കുക എന്നുതന്നെ. മൂന്നു വട്ടം ആയാലും മുഷിയില്ല!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.