പ്രതികാരം എന്ന കാട്ടുതീ

അപമാനഭാരവും കാമഭംഗവും ദേഹത്തേറ്റ പരിക്കി​ന്‍റെ വേദനയും ഒന്നും പുനർവിചാരത്തിലൂടെ ആത്യന്തികമായ വിവേകത്തിലേക്കല്ല പ്രതികാരബുദ്ധിയിലേക്കാണ്​ ശൂർപ്പണഖയെ നയിക്കുന്നത്. സഹോദരനായ ഖര​ന്‍റെ മുന്നിൽ ചെന്ന് അവൾ അലമുറയിടുന്നു. പരമ കരുത്തരായ ആങ്ങളമാർ ഉണ്ടായിട്ട് എന്തു കാര്യം, എ​ന്‍റെ ഗതി കണ്ടോ എന്നു തന്നെ. രാമലക്ഷ്മണന്മാരെയും സീതയെയും കൊല്ലുകയാണ് ശൂർപ്പണഖയുടെ ലക്ഷ്യം.

ശൂർപ്പണഖക്ക് രാമനോട് തോന്നിയ കാമം എത്രത്തോളം സ്നേഹശൂന്യമാണെന്ന് ഇതിൽനിന്നു മനസ്സിലാക്കാം. എള്ളോളം സ്നേഹമുണ്ടെങ്കിൽ ത​ന്‍റെ കൂടെ ശയിക്കാൻ വരാത്ത കുറ്റത്തിന് ശിക്ഷയായി പ്രിയതമ​ന്‍റെ ചോര ഊറ്റിക്കുടിക്കാൻ തോന്നുമോ?

കാര്യം നടത്തിക്കൊടുക്കാൻ ഖരൻ ഏഴു സൈനികരെ കൂടെ പറഞ്ഞയക്കുന്നു. പക്ഷേ, അവിടെയെത്തി ഒരു നിമിഷംകൊണ്ട് അവരുടെയെല്ലാം കഥ കഴിയുന്നു. കൂടുതൽ ഉറക്കെ അലറി ശൂർപ്പണഖ തിരിച്ചുചെല്ലുമ്പോൾ താനും രണ്ട് അനുജന്മാരും പതിനാലായിരപ്പടയും കൂടെ പോകുന്നു. പക്ഷേ, മൂന്നേമുക്കാൽ നാഴിക നേരംകൊണ്ട്​ ഇവരത്രയുംകൂടി മുടിയുന്നു.

തുടർന്നാണ് ഹെഡ് ഓഫിസിൽ അപേക്ഷ കൊടുക്കാൻ ശൂർപ്പണഖ ലങ്കയിൽ എത്തുന്നത്. അവിടെ ചെന്ന് തന്ത്രപരമായി കള്ളം പറയുകയാണ്. ലോക സുന്ദരിയായ ഒരു സ്ത്രീയെ കണ്ടപ്പോൾ അവളെ നിനക്കുവേണ്ടി പിടിച്ചുകൊണ്ടുപോരാം എന്ന് കരുതി ഞാൻ ചെന്നു. അതിന്​ എനിക്കു കിട്ടിയ ശിക്ഷയാണ് ഇത് എന്നാണ് ആ കള്ളം. രാവണനെ ഇളക്കാനുള്ള മർമം എല്ലാവർക്കും അറിയാം എന്ന് അർഥം. അയാൾക്ക്‌ തൽക്ഷണം ഉറക്കം ഇല്ലാതായി. അത്രമാത്രം പേ പെരുമാൾ ആണല്ലോ അദ്ദേഹം.

പിന്നീട് ശൂർപ്പണഖയെ കുറിച്ച് ഒന്നും കേൾക്കുന്നില്ല. ഒരു സഹോദരൻ ഒഴികെ രാവണ​ന്‍റെ എല്ലാ ബന്ധുക്കളും മിത്രങ്ങളും സൈന്യാധിപന്മാർ എല്ലാരും പോരിൽ മരിച്ചുപോകുന്നു.

എല്ലാം കഴിയുമ്പോൾ രാവണനും അവസാനിക്കുന്നു. ശൂർപ്പണഖ ഇടയിൽ വന്നില്ലായിരുന്നെങ്കിലും രാമൻ രാവണനെ കണ്ടെത്തുകയും കുലത്തോടെ നശിപ്പിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, നന്മചെയ്യാൻ പുറപ്പെടുന്ന ആർക്കും അത്രയൊന്നും കഷ്​ടപ്പെടേണ്ടി വരില്ല എന്നാണ് സൂചന. എന്തുകൊണ്ടെന്നാൽ, ദുഷ്കൃതികളുടെ നാശത്തിന് അവരുടെതന്നെ ആൾക്കാർ വഴിമരുന്നിടും!

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.