സഭകളിൽ ചെയ്യുന്നതും പറയുന്നതും മര്യാദയോടെ ആവണം എന്നതാണല്ലോ പണ്ടേ ശരി. അതിനർഥം അവിടെ നടക്കുന്നത് ഒന്നും സാംസ്കാരിക മൂല്യങ്ങൾക്ക് നിരക്കാത്തതാവരുത് എന്നല്ലേ? പക്ഷേ, അധികാരസഭകളിൽ മര്യാദ എന്നാൽ എന്താണ് എന്ന് ചോദിച്ചാൽ മറ്റൊന്നുമല്ല, പരമാധികാരിയുടെ ഇഷ്ടം എന്നു തന്നെ! അദ്ദേഹം മര്യാദക്കാരനാണെങ്കിൽ സഭയിൽ മര്യാദ ഉണ്ടാവും, ഇല്ലെങ്കിൽ മര്യാദകേടും.
കടൽ ചാടിക്കടന്ന് ലങ്കയിൽ ചെല്ലുന്ന ഹനുമാൻ ദൗത്യം പൂർത്തീകരിച്ച ശേഷം അൽപം തന്നിഷ്ടവും കാണിച്ചു. രാവണന്റെ പൂന്തോപ്പ് പൂർണമായും നശിപ്പിച്ചു. ദൂതനായി എത്തുന്ന ഒരാൾ താൻ വന്ന കാര്യം അവിടുത്തെ അധികാരിയെ അറിയിച്ചേ മടങ്ങാവൂ എന്നാണ് വെപ്പ്. പൂമാല ൈകയിൽ കിട്ടിയാൽ കുരങ്ങൻ എന്താണോ ചെയ്യുക അതുതന്നെയാണ് പൂന്തോപ്പിൽ ഹനുമാൻ ചെയ്തത്. തടയാൻ ചെന്നവരെ, മന്ത്രിപുത്രനെയെന്നല്ല രാവണപുത്രൻ ഉൾപ്പെടെ എല്ലാവരേയും, കൊല്ലുകയും ചെയ്തു.
അവസാനം, ഇന്ദ്രജിത്ത് എയ്ത ബ്രഹ്മാസ്ത്രത്തെ (അത് പ്രപഞ്ചശിൽപിയുടെ ആയുധമാകയാൽ) മാനിച്ച് ബോധക്ഷയം നടിച്ചു കിടന്നു. തന്റെ ഊക്ക് തെളിയിച്ചുവല്ലോ, ഇനി രാവണനെ കണ്ട് പറഞ്ഞു പോവുകയേ വേണ്ടൂ. അങ്ങനെയാണ് കയറിട്ട് വരിഞ്ഞുകെട്ടി ഹനുമാനെ രാക്ഷസന്മാർ രാവണസഭയിൽ കൊണ്ടു ചെല്ലുന്നത്. എല്ലാ കാര്യങ്ങളും തീരുമാനിക്കുകയും എല്ലാ കുറ്റങ്ങളും വിചാരണ ചെയ്ത് തീർപ്പുകൽപിക്കുകയും ചെയ്യുന്ന സഭയാണ്. ബ്രഹ്മ സഭക്കും ഈ സഭ തുല്യം എന്നാണ് അതിന്റെ കാര്യക്കാർ അവകാശപ്പെടുന്നത്. അനീതിയോ കള്ളമോ ഒന്നും ഇവിടെ സംഭവിക്കില്ല എന്ന് ഉറപ്പും നൽകുന്നു. എന്നിട്ട് ഹനുമാനോട് ചോദിക്കുന്നു: നീ ആരാണ്, എന്തിനിവിടെ വന്നു?
ചരിത്രം മുഴുവൻ പറഞ്ഞതു കൂടാതെ ഹനുമാൻ രാവണന് അൽപം സദുപദേശവും നൽകുന്നു: സീതയെ ഉടനെ കൊണ്ടുപോയി ശ്രീരാമെൻറ കാൽക്കൽെവച്ച് നമസ്കരിക്കുന്നതാണ് നിനക്ക് ആയുസ്സിന് നല്ലത് എന്നാണ് ആ ഉപദേശം സമാപിക്കുന്നത്. അപ്പോഴാണ് സഭയുടെ തനി പ്രകൃതം വ്യക്തമാകുന്നത്. ഈ ധിക്കാരിയെ തല്ലിക്കൊല്ലാൻ ഇവിടെ ആരുമില്ലേ എന്നാണ് രാവണന്റെ പ്രതികരണം. അതിനു തയ്യാറായി പലരും മുന്നോട്ടു വരുമ്പോൾ വിഭീഷണൻ ഇടപെട്ട് മുടക്കുന്നു: ദൂതനെ ആരും കൊല്ലാറില്ല. തക്ക മറുപടി പറഞ്ഞ് മടക്കി അയക്കുകയാണ് വേണ്ടത്. അതാണ് അന്തസ്സിനു നല്ലത്.
രാവണൻ തീരുമാനിക്കുന്നു: എന്തായാലും, ഇവിടെ കാണിച്ച ആക്രമത്തിന് ഇവനെ കണക്കിന് ശിക്ഷിച്ചേ മതിയാകൂ. രാവണന് ഇഷ്ടമില്ലാത്തത് ഒന്നും ആരും സഭയിൽ പറയുന്നില്ല. മർക്കടന്മാർക്ക് വാലിന്മേൽ ആണ് ശൗര്യം, അതിനാൽ വാലിൽ എണ്ണത്തുണി ചുറ്റിക്കെട്ടി തീ കൊളുത്തി വിടുക എന്ന് ഏതോ ഒരു മഹാജ്ഞാനി എഴുന്നള്ളിക്കുന്നു. എങ്കിൽ അങ്ങനെയാവട്ടെ എന്ന്, ഒരു കളിയിൽ ചേരുന്ന ലാഘവത്തോടെ, രാവണൻ തീരുമാനിക്കുന്നു.
അതായത് തീരുമാനസ്വാതന്ത്ര്യം രാജാവിനു മാത്രമേ ഉള്ളൂ. ആധുനികകാല സഭകളിൽ പോലും, മുറ ജനായത്തം ആയിരുന്നിട്ടും, ഭൂരിപക്ഷത്തിന്റെ അമ്മായിക്കല്ലുരുട്ടി എതിർപ്പുകളെ നിലംപരിശാക്കുകയാണല്ലോ പതിവ്. കൊള്ളരുതാത്ത രാജാവിന്റെ ആദ്യവസാനത്തിലുള്ള ഇത്തരമൊരു ദുഷ്കൃതം മഹാഭാരതത്തിലും കാണുന്നു. പാഞ്ചാലിയെ മുടി ചുറ്റിപ്പിടിച്ച് വലിച്ചിഴച്ചു കൊണ്ടുവരുന്നത് പരമോന്നത സഭയിലേക്കാണ്. ഒരു കുറ്റവും പാഞ്ചാലി ചെയ്തിട്ടല്ല. ഭർത്താവ് അവരെ പണയംവെച്ച് ചൂത് കളിച്ചു തോറ്റതിനാൽ ഭാര്യയെ അടിമയായി കിട്ടിപോലും!
ഭീഷ്മദ്രോണാദികൾ ഉൾപ്പെടെ എല്ലാ മഹാരഥന്മാരും നിരന്നിരിക്കുന്ന സഭയാണ്. എല്ലാവരോടുമായി പാഞ്ചാലി ചോദിക്കുന്നു: എന്നോട് ഈ കശ്മലർ ഈ ചെയ്യുന്നത് ശരിയാണോ?ആരും ഒരക്ഷരം മറുപടി പറയുന്നില്ല! എല്ലാവരും രാജാവിന്റെ അടുത്തൂൺ പറ്റി കഴിയുന്നവരാണല്ലോ. അപ്പോഴാണ് പാഞ്ചാലി മാരകമായ ആ ശപഥം ചെയ്യുന്നത്: എന്റെ ഈ വലിച്ചഴിച്ച മുടി ഇനി വാരിെക്കട്ടുന്നത് ദുര്യോധനന്റെ ഹൃദയരക്തം പുരട്ടിയിട്ടേയുള്ളൂ!
അങ്ങനെയാണ് സർവനാശകരമായ മഹാഭാരതയുദ്ധം ഉണ്ടാകുമെന്ന് തീർച്ചയാകുന്നത്. ഏതു സഭയുടെയും സഭ്യത നഷ്ടപ്പെട്ടാൽ ഭവിഷ്യത്ത് ഇതാണ്. നമ്മുടെ ഭരണാധികാരികൾ ഇതിഹാസങ്ങൾ മനസ്സിരുത്തി വായിച്ചാൽ അവർക്ക് നല്ലത്, നമ്മുടെ നാടിനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.