ഏതാണ്ട് പത്തു വയസ്സ് വരെ രാമായണം എനിക്ക് സ്വപ്നസമാനമായ ഒരു അത്ഭുത കഥ ആയിരുന്നു. ലോകനന്മക്കായി എഴുതിയ കാവ്യത്തിൽ മഹർഷി ചമൽക്കാരത്തിനുവേണ്ടി അതിശയോക്തി ഉപയോഗിച്ചു എന്നു പറഞ്ഞു തന്നത് മുത്തശ്ശനാണ്.
അദ്ദേഹം അവിടന്ന് ഒരു പടികൂടി മുന്നോട്ടുപോയത് കുറച്ചുകൂടി കഴിഞ്ഞ് വേദാന്തത്തിന്റെ പൊരുൾ പറഞ്ഞു തരുമ്പോൾ ആണ്. പ്രപഞ്ചത്തിന്റെ നിത്യവും സത്യവും പൂർണവുമായ അടിസ്ഥാന സത്തയെ വേദാന്തികൾ പുരുഷൻ എന്നു വിളിക്കുന്നു. അതിന്റെ ഭാവാന്തരമായ പ്രകൃതിയിലെ പ്രതിഭാസങ്ങളാണ് സൃഷ്ടികൾ. പുരുഷന് മറപിടിക്കുന്ന ഒരു ഭാവവും പുരുഷനെ വെളിവാക്കുന്ന ഒരു ഭാവവും രണ്ടും ഉണ്ട് പ്രകൃതിക്ക്. ഒന്നു വിക്ഷേപം എന്നും മറ്റേതിന് ആവരണം എന്നും പറയും.
ചില സൃഷ്ടികൾ പ്രകൃതിയെ പുരുഷനിൽനിന്ന് അകറ്റി തന്നിഷ്ടത്തിന് ഉപയോഗിക്കുന്നു. ആ സൃഷ്ടികൾ വല്ലാതെ വികൃതി കാണിക്കുമ്പോൾ ഒരു തിരുത്തൽ ഉണ്ടാവുന്നു. മറുവശത്തുള്ള സൃഷ്ടികൾ ഈ തിരുത്തലിനു സഹായിക്കുന്നു. പക്ഷേ, അതിന് നേതൃത്വം നൽകുന്നത് സൃഷ്ടികളിൽ ഔന്നത്യമുള്ള മനുഷ്യനാണ്. പുരുഷന്റെ അവതാരം തന്നെയായ മനുഷ്യൻ ഈ ശ്രമത്തിന് അനുകൂല ശക്തികളുടെ സഹായം തേടുന്നു. ഈ ശക്തികൾ അജയ്യരാണ്.
ഈ വൈരുധ്യാത്മക പ്രതിസന്ധിയുടെ ഒരു ചാക്രികതയാണ് രാമായണത്തിൽ കാണുന്നത്. അനുവാചക മനസ്സിൽ രാമായണം ഒരുപാട് പരിണതികളിലൂടെ കടന്നുപോകുന്നു എന്നു സാരം. ഏത് അനുവാചക മനസ്സിനും ഇവയിൽ ഏതു പടിയിലും, ഇവിടന്ന് ഇനി ഞാൻ മുന്നോട്ട് ഇല്ല എന്ന നിലപാടിൽ, ഉറച്ചുനിൽക്കാം. അല്ലെങ്കിൽ, എല്ലാ പടികളും കടന്ന് വിജയപീഠത്തിൽ എത്തുകയും ആവാം.
എന്തുകൊണ്ടാണ് ഈ മഹാവിപ്ലവത്തിന് നേതൃത്വം വഹിക്കാൻ മനുഷ്യൻ തിരഞ്ഞെടുക്കപ്പെടുന്നത് എന്ന ചോദ്യം വരാം. നേരത്തേ പറഞ്ഞ മഹാപുരുഷനുമായി തനിക്ക് താദാത്മ്യമുണ്ട് എന്ന ബോധത്തോടെ ജനിക്കുകയോ ജനിച്ചതിൽ പിന്നെ ഈ ബോധം നേടുകയോ ചെയ്യാൻ പരിണാമപരമായ അവസരവും കഴിവും ഉള്ള ജീവി മനുഷ്യൻ മാത്രമാണ്. ഞാൻ തന്നെയാണ് അത് എന്ന് അറിയാവുന്നവർ പ്രവാചകന്മാർ അഥവാ അവതാരങ്ങൾ. അവർ മഹാ വിപ്ലവങ്ങൾ സൃഷ്ടിക്കുന്നു.
പക്ഷേ, ഇങ്ങനെ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾക്ക് ആയുസ്സ് കമ്മി ആകുമ്പോൾ വീണ്ടും ഇത് ആവർത്തിക്കുന്നു. അവസാനം, ഇനി ഒരു റിവിഷൻ ആവശ്യമില്ല എന്നു വരുന്നതുവരെ ഈ പ്രക്രിയ തുടരുമായിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.