വിവിധ സന്ദർഭങ്ങളിൽ ഉരുത്തിരിഞ്ഞുവരുന്ന അനുകൂലവും പ്രതികൂലവും സമ്മിശ്രവുമായ എല്ലാ അനുഭവങ്ങളുടെയും അവയോടുള്ള പ്രതികരണങ്ങളുടെയും ആകത്തുകയാണ് മനുഷ്യജീവിതം. ഇത്തരം അനുഭവവൈവിധ്യങ്ങളെ സന്തുലിതഭാവത്തോടെ ഉൾക്കൊള്ളുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന ജീവനകലയാണ് ഇതിഹാസങ്ങളിൽ സാരോപദേശങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഉദ്ബോധനവും ഓർമപ്പെടുത്തലും ആഹ്വാനവും താക്കീതും സാന്ത്വനവുമായി അവ പ്രവർത്തിക്കുന്നു. ഇത്തരം നിരവധി ഉപദേശരത്നങ്ങൾ രാമായണത്തിലുണ്ട്.
സീതാപരിണയത്തിനുശേഷം അയോധ്യയിൽ വസിക്കുന്ന ശ്രീരാമനെ നാരദമുനി സന്ദർശിക്കുന്നുണ്ട്. രാമാവതാരത്തിെൻറ ഉദ്ദേശ്യങ്ങൾ അദ്ദേഹം ഓർമപ്പെടുത്തുന്നു. ബ്രഹ്മാവിെൻറ നിയോഗത്താലാണ് താനിവിടെ വന്നത്. അങ്ങയുടെ പട്ടാഭിഷേകം ദശരഥൻ തീരുമാനിച്ചു കഴിഞ്ഞു. അതിന് അങ്ങ് നിന്നുകൊടുത്താൽ രാവണൻ ഉൾപ്പെടെയുള്ളവരെ വധിച്ച് ധർമത്തെ പരിരക്ഷിക്കാൻ ഇവിടെ ആരും ഇല്ലാതെയാകും. സീതയെ കാരണഭൂതയാക്കി രാക്ഷസവംശത്തെ ഉന്മൂലനം ചെയ്യാൻ അടുത്ത ദിവസംതന്നെ വനവാസത്തിനുപോകുമെന്ന മറുപടിയാണ് ശ്രീരാമൻ നൽകുന്നത്.
ശ്രീരാമപട്ടാഭിഷേകം മുടങ്ങിയപ്പോൾ കോപത്തോടെ തിളച്ചുമറിയുന്ന ലക്ഷ്മണന് രാമൻ കാരുണ്യവായ്പോടെ കൊടുക്കുന്ന ഉപദേശവും ശ്രദ്ധേയമാണ്. ക്ഷണികവും ചഞ്ചലവും നശ്വരവുമായ ഈ ലോകത്തിലൊന്നിൽനിന്നും സൗഖ്യമോ ക്ഷേമമോ വിശ്രാന്തിയോ ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ ഇവിടെയുള്ള ഒന്നിലും മമത്വാഭിമാനങ്ങൾ വെച്ചുപുലർത്തേണ്ടതില്ല. പഞ്ചവടിയിൽ ലക്ഷ്മണൻ മുക്തി നേടുന്നതിനുള്ള ഉപായങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോൾ ജ്ഞാനവിജ്ഞാനങ്ങൾ, ഭക്തി, വൈരാഗ്യം തുടങ്ങിയവ ശ്രീരാമൻ സവിസ്തരം ഉപദേശിക്കുന്നു.
ബാലിവധത്തിനുശേഷം പത്നിയായ താരക്ക് ശ്രീരാമൻ കൊടുക്കുന്ന ഉപദേശങ്ങളും ശ്രദ്ധേയമാണ്. പഞ്ചഭൂതാത്മകമായ ദേഹം മാത്രമേ നശിക്കുന്നുള്ളൂ എന്നും അതിൽ കുടികൊള്ളുന്ന ആത്മചൈതന്യത്തെ നശിപ്പിക്കാൻ ആർക്കും കഴിയില്ലെന്നും പ്രസ്തുത തത്ത്വമുൾക്കൊണ്ട് സമചിത്തത വീണ്ടെടുത്ത് ലോകത്തിൽ പുലരണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. രാമലക്ഷ്മണന്മാരെ ദൂരേക്ക് അകറ്റി സീതയെ തട്ടിയെടുക്കാൻ മാൻവേഷമണിയുന്നതിന് മാരീചനോട് ആവശ്യപ്പെട്ടപ്പോൾ സാക്ഷാൽ നാരായണനായ ശ്രീരാമനെ ഭജിച്ച് ജീവിക്കാനാണ് അദ്ദേഹം രാവണനോട് ആവശ്യപ്പെടുന്നത്.
ജീവിത പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും സ്വരൂപവും സ്വഭാവവും തിരിച്ചറിഞ്ഞ് തദനുസൃതമായി മനോവാക്കർമങ്ങളെ പ്രവർത്തിപ്പിക്കുന്നതിനും അതിലൂടെ അവയെയെല്ലാം അതിക്രമിക്കുന്നതിനും വിവിധ കഥാപാത്രങ്ങളെ നിമിത്തമാക്കി മനുഷ്യരാശിയെ സജ്ജീകരിക്കുന്നതിനാണ് രാമായണം ഉൾപ്പെടെയുള്ള കാവ്യേതിഹാസങ്ങളിലെ ആഴവും പരപ്പുമാർന്ന ഉപദേശഭാഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.