യുദ്ധം ഒഴിവാക്കുന്നതിനുള്ള നടപടികൾ ഇരുപക്ഷത്തുനിന്നുമുണ്ടായി. മാതാമഹനായ മാലവ്യാൻ രാവണനെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നടത്തിയ ഇടപെടലുകൾ പരാജയമടഞ്ഞു. തുടർന്ന് ഇരുവിഭാഗവും സേനാവിന്യാസം തുടങ്ങി. ധർമാനുസൃതമായ കൃത്യങ്ങളുടെ ഫലമറിയുന്ന ശ്രീരാമൻ രാജധർമമനുസരിച്ച് വിഭീഷണൻ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് അവസാനശ്രമമെന്ന നിലയിൽ ബാലിപുത്രനായ അംഗദനെ ദൂതിനയച്ചു.
സീതയെ കൊണ്ടുവന്ന് തന്നെ ശരണം പ്രാപിച്ചില്ലെങ്കിൽ നിശിതശരങ്ങളെക്കൊണ്ട് രാക്ഷസകുലം നശിപ്പിക്കുമെന്ന സന്ദേശമാണ് അദ്ദേഹം കൈമാറിയത്. ഇതുകേട്ട് ക്രുദ്ധനായ രാവണെൻറ നിർദേശമനുസരിച്ച് ബന്ധിക്കാനിറങ്ങിയ ഭടന്മാരെ എടുത്തെറിഞ്ഞ് രാജമന്ദിരത്തിെൻറ മകുടവും തകർത്ത് അംഗദൻ തിരിച്ചുവന്നു. അനുരഞ്ജനശ്രമങ്ങളും സന്ധിസംഭാഷണങ്ങളുമെല്ലാം വിഫലമായതോടെയാണ് യുദ്ധം തുടങ്ങിയത്.
ഒന്നാം ദിവസത്തെ യുദ്ധത്തിൽ രാക്ഷസനേതാക്കളായ മഹാബാഹു, മഹാപാർശ്വൻ, മഹോദരൻ, മഹാകായൻ എന്നിവർ വലിയ സേനയോടൊപ്പം വധിക്കപ്പെട്ടു. രണ്ടാംദിവസം രാവണപുത്രൻ അതികായൻ ലക്ഷ്മണെൻറ ബ്രഹ്മാസ്ത്രമേറ്റ് മരിച്ചു. മേഘനാദെൻറ നാഗാസ്ത്രമേറ്റ് ബോധം മറഞ്ഞ ലക്ഷ്മണസുഗ്രീവാദികളെയും വാനരസേനയെയും രാമെൻറ നിർദേശമനുസരിച്ച് ഗരുഡൻ നേരിട്ട് ഇറങ്ങിവന്ന് വിമോചിപ്പിച്ചു. തുടർന്നുണ്ടായ യുദ്ധത്തിൽ വാനരസേന രാക്ഷസസൈന്യത്തെ അരിഞ്ഞുതള്ളി.
ഹനുമാെൻറ കരുത്തും വേഗതയും വരബലവും യുദ്ധത്തിൽ വലിയ സ്വാധീനം ചെലുത്തി. വാനര സൈന്യത്തെ പുനരുജ്ജീവിപ്പിക്കാനും തളർന്നു കിടക്കുന്ന രാമലക്ഷ്മണന്മാരെ ശരപീഡയിൽനിന്ന് മോചിപ്പിക്കാനും ഹിമാലയത്തിലെ ഋഷഭപർവതത്തിൽനിന്ന് മൃതസഞ്ജീവനി, വിശല്യകരണി, സുവർണകരണി, സന്ധാനകരണി എന്നിവ കൊണ്ടുവരാനുള്ള നിയോഗം ഹനുമാനായിരുന്നു. മഹൗഷധികളെ തിരിച്ചറിയാതെ വന്നപ്പോൾ പർവതം പൊക്കിയെടുത്ത് കൊണ്ടുവരുകയാണ് ആ മഹാവീരൻ ചെയ്തത്. അതിൽനിന്നെടുത്ത ഔഷധങ്ങൾ പ്രയോഗിച്ച് മേഘനാദൻ എയ്തുവീഴ്ത്തിയ ലക്ഷ്മണാദികളെ പുനരുജ്ജീവിപ്പിക്കുന്നു. പോരിനിറങ്ങിയ മേഘനാദനെ ലക്ഷ്മണനാണ് വധിക്കുന്നത്. ഒടുവിൽ എല്ലാം നഷ്ടപ്പെട്ടിട്ടും അടിപതറാതെ സർവസന്നാഹങ്ങളോടെ യുദ്ധത്തിനിറങ്ങിയ രാവണനെ ശ്രീരാമൻ കഥാവശേഷനാക്കുന്നു.
എല്ലാം നേടിയെടുക്കാനും നിലനിർത്താനും അതിന് വെല്ലുവിളിയുയർത്തുന്നവരെ നിലംപരിശാക്കാനുമുള്ള മനുഷ്യെൻറ എക്കാലത്തെയും പരിശ്രമങ്ങളാണ് യുദ്ധത്തിലേക്ക് നയിക്കുന്നത്. വെറുപ്പും വിദ്വേഷവും പ്രതികാരവാഞ്ഛയും സ്വാർഥലാഭങ്ങളും ഉഴുതുമറിച്ച മനസ്സിൽനിന്ന് ഉടലെടുക്കുന്ന അസ്വാസ്ഥ്യവും അരക്ഷിതാവസ്ഥയും അതിന് ആക്കം കൂട്ടുന്നു. വ്യക്തികളിലൂടെ സമൂഹത്തിലേക്കും ലോകത്തിലേക്കും അത് ക്രമമായി പടരുന്നു. യുദ്ധത്തെ ലാഘവബുദ്ധ്യാ വിലയിരുത്തുന്ന സമൂഹത്തിെൻറ കാഴ്ചപ്പാടുകളും അധികാരം നിലനിർത്താൻ യുദ്ധത്തെ ഉപയോഗിക്കുന്ന ഭരണകൂടങ്ങളുടെ നിലപാടുകളും വീണ്ടുവിചാരത്തിന് വിധേയമാക്കേണ്ടതാണെന്ന് ഇതിഹാസകൃതികൾ സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.