ലങ്കയിലെത്തിയ ഹനുമാൻ അന്നുതന്നെ സീതാദേവിയെ എല്ലായിടത്തും അന്വേഷിച്ചു നടന്നു. ഒടുവിൽ അശോകവനികയിലെ ശിംശിപാവൃക്ഷത്തിനു കീഴിൽ രാക്ഷസികളുടെ കാവലിൽ ഭയവൈവശ്യങ്ങളോടെ പരിക്ഷീണിതയായിരുന്ന് രാമനാമം ജപിക്കുന്ന സീതാദേവിയെ കണ്ടു. രാമകാര്യം സാധിച്ചതിൽ ഹനുമാന് വലിയ കൃതാർഥത തോന്നി. ദേവി ഇരിക്കുന്ന മരത്തിെൻറ മുകളിൽ മറഞ്ഞിരുന്ന് എല്ലാം നിരീക്ഷിച്ചു.
അതിനിടയിൽ രാവണൻ പരിവാരങ്ങളോടെ അവിടെ വന്നു. സ്വന്തം ഗുണഗണങ്ങൾ വാഴ്ത്തിയും രാമനെ ഇകഴ്ത്തിയും സംസാരിച്ച ശേഷം തെൻറ പട്ടമഹിഷീപദം അലങ്കരിക്കാൻ സീതയെ ക്ഷണിച്ചു. രാവണെൻറ മുഖത്തുപോലും നോക്കാതെ ഒരു പുൽക്കൊടി പറിച്ച്, തന്നെ തട്ടിയെടുത്തതിെൻറ ഫലം അനുഭവിക്കുമെന്നും ഭർത്താവായ രാമൻ കടൽകടന്ന് വന്ന് ബാണങ്ങളാൽ ലങ്കാപുരി എരിച്ചു കളയുമെന്നും സീത മുന്നറിയിപ്പു കൊടുത്തു. തന്നെ തിരിച്ചേൽപിച്ച് രാമനോട് മാപ്പപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതുകേട്ട് കോപാകുലനായ രാവണൻ വാളെടുത്ത് സീതക്കുനേരെ കുതിച്ചുചാടുമ്പോൾ ഭാര്യയായ മണ്ഡോദരി തടഞ്ഞതുകൊണ്ട് പിന്തിരിഞ്ഞു. സീതയെ അനുകൂലമാക്കിയെടുക്കാൻ കാവൽക്കാരികളോട് ആവശ്യപ്പെട്ട് അദ്ദേഹം മടങ്ങുന്നു. മരക്കൊമ്പിനിടയിൽ മറഞ്ഞിരിക്കുന്ന ഹനുമാൻ രാവണൻപോയശേഷം പതുക്കെ രാമചരിതം കേൾപിക്കുന്നു. അതുകേട്ട് ഭയാശങ്കകളും ആശ്ചര്യവും പൂണ്ട ദേവിക്കു മുന്നിൽവന്ന് സ്വയം പരിചയപ്പെടുത്തി രാമനാമം കൊത്തിവെച്ച മോതിരം കൊടുക്കുന്നു.
ഹനുമാനെ അവർ ചൂഡാമണിയും അടയാളവാക്യവും നൽകി അനുഗ്രഹിച്ചു. വന്നകാര്യം രാവണനെ നേരിൽക്കണ്ട് ധരിപ്പിച്ചുപോകാൻ ഹനുമാൻ തീരുമാനിച്ചു. തുടർന്നാണ് പരാക്രമം കെട്ടഴിച്ചുവിടുന്നത്. രാക്ഷസസേനയെയും സേനാധിപന്മാരെയും രാവണപുത്രനായ അക്ഷയകുമാരനെയും ഹനുമാൻ വധിച്ചു. ലങ്കാപുരിയുടെ ഗോപുരങ്ങളും കെട്ടിടങ്ങളും ഉദ്യാനങ്ങളും നശിപ്പിച്ചു.
ഒടുവിൽ രാവണപുത്രൻ മേഘനാദനാണ് ബ്രഹ്മാസ്ത്രംകൊണ്ട് ഹനുമാനെ ബന്ധിക്കുന്നത്. ദൂതവധം അനുചിതമാണെന്ന വിഭീഷണെൻറ അഭിപ്രായം മാനിച്ച് വാനരന്മാരുടെ ശൗര്യത്തിന് നിദാനമായ വാൽ കത്തിച്ചുകളയാൻ അവർ തീരുമാനിച്ചു. തീപിടിച്ച വാൽകൊണ്ട് ഹനുമാൻ ലങ്കാപുരി ചുട്ടെരിച്ചാണ് തിരിച്ചുപോകുന്നത്.
തെൻറ സ്വാമിയുടെ കാര്യത്തിന് ശത്രുവിടത്തിൽ ബുദ്ധികൗശലത്തോടെ പ്രവർത്തിക്കുന്നവനാണ് ഉത്തമദൂതൻ. അതിവിദഗ്ധനായൊരു ദൂതലക്ഷണമെല്ലാം ഹനുമാൻ പ്രദർശിപ്പിക്കുന്നു. ഏറ്റെടുത്ത കാര്യം ഏൽപിച്ച ആൾ വിചാരിച്ചതിനപ്പുറം ചെയ്യുന്ന കർമകുശലതയുടെ പ്രതീകമാണ് അദ്ദേഹം. പതിഞ്ഞ ശബ്ദത്തിൽ ഹൃദ്യമായി രാമകഥ അവതരിപ്പിച്ചാണ് സീതാദേവിയുടെ ശ്രദ്ധ മെല്ലെ ആകർഷിക്കുന്നത്.
രാക്ഷസകുലത്തെ ഒറ്റക്ക് നിലംപരിശാക്കാനുള്ള കഴിവും പ്രാപ്തിയുമുണ്ടെങ്കിലും അത്തരത്തിലുള്ള അതിക്രമങ്ങൾക്കൊന്നും ഹനുമാൻ മുതിരുന്നില്ല. ഒരു ദൂതന് ഇത്രമാത്രം പ്രവർത്തിക്കാൻ കഴിയുമെങ്കിൽ പറഞ്ഞയച്ച ആളുടെ വൈഭവം എന്തായിരിക്കുമെന്ന സന്ദേശം ലങ്കാമർദനത്തിലൂടെ അദ്ദേഹം പരോക്ഷമായി കൈമാറുകയാണ്. വെട്ടിപ്പിടിച്ചും തട്ടിപ്പറിച്ചും കെട്ടിപ്പടുത്ത തിന്മയുടെ രാവണൻകോട്ടകളെ തകർത്തെറിയുന്ന നൈതികബോധത്തിെൻറയും ധാർമികബലത്തിെൻറയും പ്രതിനിധികൂടിയാണ് ഈ രാമദൂതൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.