സോണീ സാബൂന്റെ നല്ല ഗന്ധം, പാറാത്തിന്റെ ഇല ഉപയോഗിച്ച് മത്താരണ ഉരക്കുന്നതിന്റെ കര കര ശബ്ദം, വീടിന്റെ മേൽക്കൂരയിലെ മാറാലകൾ തട്ടാൻ മാറാല കൊള്ളിയെ കുത്തനെ നിർത്തിയിരിക്കുന്നു. കട്ടിൽ, കസേര, അടുക്കളയിലെ മറ്റു വീട്ടുപകരണങ്ങൾ എല്ലാം തേച്ചുരച്ച് വൃത്തിയാക്കാനായി മുറ്റത്തേക്കിറക്കിവെച്ചിരിക്കുന്നു. ഉമ്മ പതിവിൽ കവിഞ്ഞ തിരക്കിലാണിന്ന്. എന്തോ ഈവന്റിനോ ആരെയോ സ്വീകരിക്കാനോ വീടിനെയും പരിസരത്തെയും സജ്ജമാക്കുകയാണുമ്മ. അതെ, റമദാൻ തുടങ്ങുന്നതിന്റെ തൊട്ടുമുമ്പുള്ള ദിനങ്ങൾ ഇങ്ങനെ ക്ലീനിങ്ങുമായി ഉമ്മ വളരെ തിരക്കിലായിരിക്കും. ‘നനച്ചുകുളി’ എന്ന പേരിൽ എല്ലാ വീടുകളും പുണ്യങ്ങളുടെ വസന്തകാലമായ റമദാനെ വരവേൽക്കാൻ ഇങ്ങനെ ഒരുങ്ങാറുണ്ട്. സത്യത്തിൽ, ഒരു മാസം മുമ്പുതന്നെ റമദാൻ കാലത്തേക്കുവേണ്ടിയുള്ള തയാറെടുപ്പുകൾ ഉമ്മ തുടങ്ങിവെക്കും.
നല്ല ഇനം പച്ചരി വാങ്ങി കഴുകി ഉണക്കി പൊടിച്ചുവെക്കും. 30 ദിവസവും ഇഫ്താറിന് ഈ പൊടി ഉപയോഗിച്ചുണ്ടാക്കിയ നൈസ് പത്തിരിയായിരിക്കും പ്രധാന വിഭവം. മല്ലി, മുളക്, മഞ്ഞൾ എല്ലാം ഉണക്കി വറുത്ത് മില്ലിൽ പോയി പൊടിച്ചുകൊണ്ടുവരും. പാക്കറ്റുകളിൽ റെഡിയായി കടകളിൽനിന്നു കിട്ടുന്ന മല്ലി മുളക് മസാലകൾക്ക് വീട്ടിലേക്ക് പ്രവേശനമില്ല. പ്രത്യേകിച്ചും നോമ്പുകാലത്ത്. നാട്ടിലെ നോമ്പോ ർമകളെ റീകാൾ ചെയ്യുമ്പോൾ മനസ്സിൽ തെളിയുന്ന ആദ്യ രംഗങ്ങളിൽ ഒന്ന് ഈ മുന്നൊരുക്ക പ്രവർത്തനങ്ങൾതന്നെയാണ്.
കരുതലിന്റെയും പങ്കുവെപ്പിന്റെയും നാളുകൾ കൂടിയായിരിക്കും റമദാനും അനുബന്ധ ദിനങ്ങളും. അടുത്ത കുടുംബക്കാർക്കും അയൽവാസികൾക്കും നോമ്പുകാലം കഴിയാൻ ആവശ്യമായ വിഭവങ്ങൾ ഉണ്ടെന്ന് ഉറപ്പിക്കാൻ പരസ്പരം ശ്രമിക്കാറുണ്ട്. ചിലരെയെങ്കിലും വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി നോമ്പ് തുറപ്പിക്കും. കുഞ്ഞുനാളുകളിൽ ഞാൻ അയൽവക്കത്തെ പല വീടുകളിലേക്കും അവിടത്തെ ഉമ്മമാരുടെ സ്പെഷൽ ഗസ്റ്റായി നോമ്പ് തുറക്കാൻ പോയതിന്റെ മധുരമനോഹര ഓർമകൾ ഇന്നും മായാതെ ഉള്ളകത്തുണ്ട്. അയൽവീട്ടുകാരായ കുഞ്ഞിമോൾ താത്തയും ഖദീജ താത്തയുമൊക്കെ അവരുടെ വീടുകളിലേക്ക് വിളിച്ച് സ്നേഹവും വാത്സല്യവും ചേർത്ത് പാകംചെയ്തെടുത്ത ഒന്നാം തരം ഇറച്ചി കറി, ഈത്തപ്പഴ പൊരി, പത്തിരി.... വേറെ ലെവൽ നോമ്പുതുറ സൽക്കാരം തന്നെയായിരിക്കുമത്.
നോമ്പ് തുറപ്പിച്ചവർക്ക് നോമ്പെടുത്തയാളുടേതിന് സമാനമായ പുണ്യം ലഭിക്കുമെന്ന പ്രവാചക വചനം ഈ വഴിയിൽ വിശ്വാസികൾക്ക് വലിയ പ്രചോദനമാണ്. റമദാൻ അവസാനത്തോടടുക്കുമ്പോൾ പ്രത്യേകിച്ച് 27ാം രാവിൽ അയൽവാസികളും കുടുംബക്കാരുമൊക്കെ കുട്ടികളായ ഞങ്ങൾക്ക് പൈസ തരും. ഏതാനും ദിനങ്ങൾ കഴിഞ്ഞാൽ വരുന്ന പെരുന്നാൾ ആഘോഷിക്കാനുള്ള കരുതിവെപ്പായിരിക്കും ഇങ്ങനെ കിട്ടുന്ന സംഖ്യകൾ.ചുരുക്കത്തിൽ, ഒത്തിരി ദിനങ്ങൾക്കുമുമ്പ് ആരംഭിക്കുന്ന ഒരുക്കങ്ങളും ‘നനച്ചുകുളിയും’ കഴിഞ്ഞ് റമദാനെ സ്വീകരിച്ച് സ്നേഹവും സൗഹാർദവും പങ്കുവെപ്പുകളും സാധ്യമാക്കിയാണ് ഈ വിശുദ്ധ മാസത്തെ യാത്രയാക്കാറുള്ളത്. അവസാനം പെരുന്നാളിന്റെ പിറ കാണുന്ന മുറക്ക് അയൽക്കാരിലെ ദരിദ്രരിലേക്ക് നിശ്ചിത അളവ് ഭക്ഷ്യധാന്യംകൂടി എത്തിച്ച് നൽകിയാണ് ഈ വസന്തകാലത്തെ ഓരോ വിശ്വാസിയും ഹൃദയത്തോട് ചേർത്തുവെക്കാറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.