നോമ്പ് ഒരനുഭവമാണ്, ഒരുവികാരവും ആണ്. കുഞ്ഞുനാളിലെ നോമ്പ് ആണ് നോമ്പ്. നോമ്പിന്റെ വികാരങ്ങളും അനുഭവങ്ങളും നിറഞ്ഞുനിൽക്കുന്ന കുഞ്ഞുനാളിലെ നോമ്പ് അപ്പടി പ്രതിഫലിക്കണമെങ്കിൽ നമ്മളൊരു കുഞ്ഞായി മാറണം, നമ്മിലെ കുഞ്ഞുമനസ്സ് മുന്നോട്ടുവന്ന് നമ്മിലെ വലുപ്പത്തെ അധീശപ്പെടുത്തണം. അങ്ങനെ മനസ്സുകൊണ്ട് കുഞ്ഞായി ബാല്യത്തിലേക്ക് ഊളിയിട്ട ഒരിന്റർവ്യൂ അനുഭവം എനിക്കുണ്ട്.
പ്രശസ്ത കഥാകൃത്ത് എൻ.പി. മുഹമ്മദ് കഥ പറയുകയാണ്. കോഴിക്കോട് ആഴ്ചവട്ടത്തിലെ അദ്ദേഹത്തിന്റെ വീട്ടിൽ കേൾവിക്കാരായി ഞാനും അദ്ദേഹത്തിന്റെ തീൻമേശക്ക് ചുറ്റും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നുരണ്ട് പൂച്ചകളും മാത്രം.
സബ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന മലർവാടി ബാലമാസികയുടെ സ്പെഷൽ എഡിഷനിൽ ‘വലിയവരുടെ അമളി’ എന്ന ശീർഷകത്തിൽ കുറെ പ്രമുഖരെ സമീപിച്ച് ഓർമകൾ ശേഖരിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീർ, തിക്കോടിയൻ, പി.കെ. ഗോപി തുടങ്ങി അനേകം എഴുത്തുകാരും ഭരത് മമ്മൂട്ടി പോലുള്ള പ്രഗത്ഭരും ഞങ്ങളോട് സഹകരിച്ചപ്പോൾ ബാലമാസികകളിൽ അന്ന് അധികമാരും ചെയ്തിട്ടില്ലാത്ത പരീക്ഷണം ഗംഭീര വിജയമായിത്തീർന്നു. മലർവാടി വിശേഷപതിപ്പ് എന്ന ആശയം പങ്കുവെച്ചപ്പോൾതന്നെ എൻ.പി. മുഹമ്മദിനെപ്പോലെ മാസികയെ സ്നേഹിക്കുന്നവർ തന്ന സ്നേഹം നന്ദിയോടെ ഓർത്ത് സംഭവത്തിലേക്ക് വരാം.
മലർവാടിയുടെ കൊച്ചുകൂട്ടുകാർക്കു വേണ്ടി എൻ.പി കരുതിവെച്ചിരുന്നത് ഒരു നോമ്പുകഥ ആയിരുന്നു. കഥപറച്ചിലിന്റെ താളവും ഭംഗിയും മുഴുവൻ പുറത്തെടുത്ത് കഥയിലങ്ങനെ ലയിച്ചു കൊച്ചുകുഞ്ഞായി മുന്നിൽ ഒരാൾ കഥപറയുമ്പോൾ കേട്ടെഴുത്ത് എളുപ്പമുള്ള ഒരു പണിയായി മാറും. അറിയാതെ നമ്മൾ കഥപറച്ചിലുകാരന്റെ ബാല്യത്തിലേക്ക് നടന്നുപോകും. അദ്ദേഹത്തിന്റെ പരാജയപ്പെട്ടുപോയ ആദ്യനോമ്പാണ് കഥ. ഉമ്മയുടെയും വീട്ടുകാരുടെയും വലിയ പ്രോത്സാഹനത്തിൽ അകപ്പെട്ട് ബാലനായ എൻ.പി നോമ്പെടുക്കുന്നു. നോമ്പുകാരന് കിട്ടുന്ന വലിയ അംഗീകാരം, അതാണ് ഏറ്റവും വലിയ പ്രകോപനം. സ്വന്തം വീട്ടിൽ മാത്രമല്ല കൂട്ടുകാർ, അയൽക്കാർ, അകന്ന ബന്ധുക്കൾ വരെ നീളുന്ന ആരാധകവ്യൂഹം വളരെ വലുതാണ്. ആദ്യമണിക്കൂറുകൾ നോമ്പ് സാധാരണപോലെ ആയിരുന്നുവെങ്കിൽ വിശപ്പിനെക്കാൾ വിശപ്പ് എന്നചിന്ത കഥാകാരനെ മഥിക്കാൻതുടങ്ങി. പക്ഷേ, ഉമ്മയുടെ സ്നേഹമസൃണമായ ഉപദേശങ്ങൾ കേട്ട് നോമ്പ് മുറിക്കാൻ മനസ്സുവരുന്നുമില്ല.
പകലിന്റെ മൂന്നിലൊന്ന് അവശേഷിക്കെ ഉമ്മ പുതിയൊരു നമ്പറുമായി വന്നു. ഒരു മധുര നാരങ്ങ തൊലികളഞ്ഞു കൈയിൽ കൊടുത്തു. ബാലൻ അത് കുപ്പായത്തിന്റെ പോക്കറ്റിൽ ഭദ്രമായി വെച്ചു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ നോമ്പ് മുറിക്കുമ്പോൾ കഴിക്കാനുള്ളതാണ്. ഉമ്മാക്ക് അതൊരു മനഃശാസ്ത്ര സമീപനമായിരുന്നെങ്കിൽ അപ്പോൾ കടന്നുവന്ന കളിക്കൂട്ടുകാരന് അത് അങ്ങനെയല്ല തോന്നിയത്. ഒറ്റമുലച്ചി എന്ന് പറഞ്ഞുകളിയാക്കിയതും കുപ്പായത്തിന്റെ പോക്കറ്റിൽ പിടിച്ചതും ഒരുമിച്ചായിരുന്നു.
ശ്വാസകോശത്തിനുപോലും വിശപ്പിന്റെ മണം വന്നുതുടങ്ങിയിരുന്ന നേരത്ത് സുഹൃത്തിന്റെ കളി കാര്യമായി. നാരങ്ങനീര് നൽകിയ കുളിര് അതുവരെ അടക്കിപ്പിടിച്ച് നിയന്ത്രിച്ച എല്ലാ നിയന്ത്രണങ്ങളെയും നിഷ്ഫലമാക്കി. ഒരു നിമിഷാർധത്തിൽ സുഹൃത്തിന്റെ കൈയിലൂടെ ഒലിച്ചിറങ്ങിയ നാരങ്ങനീര് നോമ്പുകാരന്റെ വായിൽ!. അന്ന് മാതൃഭൂമിയിൽ കാർട്ടൂണിസ്റ്റ് ആയിരുന്ന ബി.എം. ഗഫൂറിന്റെ വരയോട് കൂടി എൻ.പിയുടെ നോമ്പുകഥ കുട്ടികൾ ഏറ്റെടുത്തു.
മാതൃഭൂമി മാനേജ്മെന്റിന്റെ പ്രത്യേക അനുവാദം വാങ്ങിയിട്ടാണ് ബി.എം. ഗഫൂർ മലർവാടിക്ക് വരച്ചത്. കഥ ഇവിടെ തീരുന്നില്ല. കുറച്ചുവർഷങ്ങൾക്ക് ശേഷം മാതൃഭൂമി റമദാൻ പ്രത്യേക പതിപ്പ് പുറത്തിറക്കാൻ നിയോഗിച്ചത് എൻ.പി. മുഹമ്മദിന്റെ മകൻ ഹാഫിസ് മുഹമ്മദിനെ. വാപ്പയുടെ സംഭാവനയായി റമദാൻ പതിപ്പിന് കൊടുത്തത് ഞാൻ എൻ.പിയിൽനിന്ന് കേട്ടെഴുതിയ അതേ കഥ!. വര ബി.എം. ഗഫൂറിന്റെതായിരുന്നില്ല എന്നുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.