ശബരിമല: നിയന്ത്രണം പാളി, പൊലീസ് തലപ്പത്ത് അഴിച്ചുപണി

ശബരിമല: മരക്കൂട്ടത്തടക്കം തിരക്ക് നിയന്ത്രണം പാളിയതിന് പിന്നാലെ പമ്പയിലും സന്നിധാനത്തും പൊലീസ് തലപ്പത്ത് അഴിച്ചുപണി. ശരണപാതയിലെ തീർഥാടക തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസ് സേനക്ക് സംഭവിച്ച വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് നടപടി.

സന്നിധാനത്ത് പ്രവര്‍ത്തന പരിചയമുള്ള പമ്പ പൊലീസ് സ്‌പെഷല്‍ ഓഫിസറായി ചുമതല വഹിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി കെ.ആര്‍. സുദര്‍ശനനെ സന്നിധാനം പൊലീസ് സ്‌പെഷല്‍ ഓഫിസറായി നിയമിച്ചു. ശനിയാഴ്ച രാത്രിയോടെ പമ്പ സ്‌പെഷല്‍ ഓഫിസറായ സുദർശനോട് അടിയന്തരമായി സന്നിധാനത്ത് എത്താന്‍ നിർദേശം നല്‍കിയിരുന്നു. സന്നിധാനം എസ്.ഒ ആയിരുന്ന ഹരിചന്ദ്ര നായ്കിനെ പമ്പ എസ്.ഒയായി മാറ്റി നിയോഗിച്ചു. ഡിവൈ.എസ്.പിമാർ അടക്കമുള്ളവരെയും മാറ്റി നിയമിച്ചിട്ടുണ്ട്.

പതിനെട്ടാം പടിയുടെ നിയന്ത്രണം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് കൈമാറി

ശബരിമല: ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തില്‍ പതിനെട്ടാം പടിയുടെ നിയന്ത്രണം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് കൈമാറി. 12 മണിക്കൂറിലധികം കാത്തുനിന്ന് ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറ്റുന്നതില്‍ പൊലീസ് സേനയ്ക്ക് വന്ന വീഴ്ചയാണ് ഇന്ത്യൻ റിസർവ് ബറ്റാലിയനെ ചുമതല ഏല്‍പ്പിക്കാന്‍ ഇടയാക്കിയത്.

മുൻ കാലങ്ങളില്‍ മിനിട്ടിൽ 90 പേർ വരെ പടി കയറിരുന്നു. ഈ മണ്ഡലകാലത്ത് ചുമതലയേറ്റ ആദ്യ രണ്ട് ബാച്ചുകളും മിനിറ്റില്‍ 65 മുതല്‍ 70 തീര്‍ത്ഥാടകരെ വരെ പടി കയറ്റിവിടുമായിരുന്നു. എന്നാല്‍, മൂന്നാം ബാച്ച് എത്തിയതോടെ തിരക്കുള്ള ദിവസങ്ങളില്‍ പോലും മിനിറ്റില്‍ പടി കയറുന്നവരുടെ എണ്ണം 40 മുതല്‍ 50 വരെയായി കുറഞ്ഞിരുന്നു. ഇതോടെ മരക്കൂട്ടം മുതല്‍ വലിയനടപ്പന്തല്‍വരെയുള്ള ഭാഗത്ത് ഭക്തരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെ ഉത്തരവ് പ്രകാരം പമ്പ സ്റ്റേഷൻ ഓഫിസർ ആയിരുന്ന സുദര്‍ശന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പതിനെട്ടാം പടിയുടെ ചുമതല റിസർവ് ബറ്റാലിയന് കൈമാറാൻ തിരുമാനിച്ചത്.

Tags:    
News Summary - Crowd management at Sabarimala: Major shake-up in police top brass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.