എരുമേലി: തീർഥാടനകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, എരുമേലിയിൽ തീർഥാടകരുടെ എണ്ണത്തിൽ കുറവ്. മകരവിളക്ക് ദർശിക്കാനെത്തിയവരെ എരുമേലിയിൽ പൊലീസ് തടഞ്ഞത് ശനിയാഴ്ച വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
പ്രതീക്ഷിച്ചതിലും കൂടുതൽ ഭക്തർ എത്തിയതോടെയാണ് പൊലീസ് എരുമേലിയിലടക്കം പല സ്ഥലങ്ങളിലും തീർഥാടകരെ തടഞ്ഞത്. ഇത്തരത്തിൽ മകരവിളക്ക് ദർശിക്കാനാകാതെ നൂറുകണക്കിന് ഭക്തരാണ് എരുമേലിയിൽ കുടുങ്ങിയത്. ഇവരെ രാത്രിയോടെയാണ് സന്നിധാനത്തേക്ക് കടത്തിവിട്ടത്. ആയിരക്കണക്കിന് ഭക്തരായിരുന്നു എരുമേലിയിലേക്ക് എത്തിക്കൊണ്ടിരുന്നത്. തീർഥാടനകാലം അവസാനിക്കുന്നതോടെ തിരക്കൊഴിയും. അതിനിടെ, മാലിന്യങ്ങൾ നിറഞ്ഞ എരുമേലിയിൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
രണ്ടുമാസത്തിലേറെ നീണ്ട മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് ലക്ഷക്കണക്കിന് തീർഥാടകരാണ് എരുമേലിയിൽ വന്നുപോയത്. ഇതോടെ മാലിന്യങ്ങളും കുന്നുകൂടി. എരുമേലി ടൗണിലും പരിസര പ്രദേശങ്ങളിലും പൊടിശല്യവും രൂക്ഷമാണ്. വലിയ തോട്ടിലെ കടവുകളിൽ എണ്ണ, ഷാംപു ഉപയോഗിച്ചുള്ള തീർഥാടകരുടെ കുളി ജലമലിനീകരണത്തിനും കാരണമായി. എരുമേലിയിൽ കൊതുക് ശല്യവും രൂക്ഷമാണ്.
തീർഥാടനകാലം അവസാനിക്കുന്നതോടെ എരുമേലിയിലെ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യാൻ അധികാരികൾ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മുൻ വർഷങ്ങളിലേതുപോലെ പേരിന് മാത്രം ശുചീകരണ യജ്ഞം നടത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇവർ പറയുന്നു. തോടുകളിലും പരിസര പ്രദേശങ്ങളിലും ക്ലോറിനേഷൻ നടത്തണം. താത്ക്കാലിക കടകൾ പൊളിച്ചുനീക്കുമ്പോൾ മാലിന്യങ്ങൾ ഉപേക്ഷിച്ച് പോകാൻ സാധ്യതയുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.