ശബരിമല: ശബരീശ ദർശനത്തിനെത്തുന്ന തീർഥാടകർക്ക് പുതുവത്സര സമ്മാനമായി സൗജന്യ വൈ-ഫൈ സംവിധാനമൊരുക്കി ദേവസ്വം ബോർഡ്. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളിൽ പുതുവത്സര ദിനമായ തിങ്കളാഴ്ച മുതൽ ഭക്തർക്ക് സൗജന്യ വൈ-ഫൈ സംവിധാനം ലഭ്യമാകും. തിരുവിതാംകൂർ ദേവസ്വം ബോർഡും ബി.എസ്.എൻ.എല്ലും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.
വലിയ നടപ്പന്തൽ, അക്കോമഡേഷൻ ഓഫിസ് പരിസര, അപ്പം-അരവണ കൗണ്ടർ, നെയ്യഭിഷേക കൗണ്ടർ, അന്നദാന മണ്ഡപം, മാളികപ്പുറത്തെ രണ്ട് നടപ്പന്തലുകൾ, പാണ്ടിത്താവളത്തെ ബി.എസ്.എൻ.എൽ എക്സ്ചേഞ്ച്, ജ്യോതിനഗറിലെ ബി.എസ്.എൻ.എൽ സെന്റർ, മരക്കൂട്ടം, മരക്കൂട്ടം മുതൽ ശരംകുത്തി വരെയുള്ള ആറ് ക്യൂ കോംപ്ലക്സുകൾ തുടങ്ങിയ ഭാഗങ്ങളിലാണ് 100 എം.ബി.പി.എസ് വേഗത്തിലുള്ള സൗജന്യ വൈ-ഫൈ ലഭ്യമാവുക.
ഒരു മൊബൈൽ നമ്പറിൽനിന്ന് ആദ്യ അരമണിക്കൂർ വൈ-ഫൈ സൗജന്യമായിരിക്കും. തുടർന്ന് ഒരു ജി.ബിക്ക് ഒമ്പതുരൂപ നൽകണം. ബി.എസ്.എൻ.എൽ വൈ-ഫൈ അല്ലെങ്കിൽ ബി.എസ്.എൻ.എൽ പി.എം വാണി എന്ന വൈ-ഫൈ യൂസർ ഐഡിയിൽ കയറി കണക്ട് എന്ന് ക്ലിക്ക് ചെയ്യുമ്പോൾ വെബ്പേജ് തുറന്നുവരും. അതിൽ 10 അക്ക മൊബൈൽ നമ്പർ നൽകുമ്പോൾ ആറക്ക പിൻ എസ്.എം.എസായി ലഭിക്കും.
അതുപയോഗിച്ച് വൈ-ഫൈ കണക്ട് ആക്കാം. ഈ സീസണിൽതന്നെ പമ്പയിലും നിലക്കലുംകൂടി വൈ-ഫൈ സൗകര്യമൊരുക്കുമെന്നും അടുത്ത സീസണിൽ ഇടത്താവളങ്ങളിലും വൈ-ഫൈ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.