ഇടുക്കി: മകരവിളക്കിന് മുന്നോടിയായി പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ മേഖലകളിൽ സുരക്ഷ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ. പാതയോരത്തെ അടിക്കാടുകൾ വെട്ടിത്തെളിച്ചും ഉണങ്ങിയ പുല്ലിന് തീയിട്ടും തടസ്സം നീക്കി. ബാരിക്കേഡുകളുടെ നിർമാണം വ്യാഴാഴ്ച പൂർത്തിയാകും.
സത്രം മേഖലയിൽ ആൾമറയില്ലാത്ത കിണറുകളുള്ളതായി അഗ്നിരക്ഷ വിഭാഗം അറിയിച്ചതിനെത്തുടർന്ന് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കിണറുകൾക്ക് അടിയന്തരമായി മറയുണ്ടാക്കാൻ നിർദേശം നൽകി. ജലവകുപ്പ് പുല്ലുമേട് മുതൽ കോഴിക്കാനം വരെ 14 പോയന്റിൽ കുടിവെള്ള ടാങ്കുകൾ സജ്ജീകരിച്ചു.
പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിൽ ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കാൻ 16 മേഖലകളിലായി 1400ഓളം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. വന്യജീവി ശല്യം നേരിടുന്ന ഭാഗങ്ങളിൽ സ്പെഷൽ ആർ.ആർ.ടി സ്ക്വാഡുകളെയും എലിഫന്റ് സ്ക്വാഡിനെയും നിയോഗിച്ചു. മെഡിക്കൽ സംവിധാനങ്ങളും സജ്ജമായി.
കെ.എസ്.ആർ.ടി.സി കുമളി ഡിപ്പോയിൽനിന്ന് വള്ളക്കടവ്, കോഴിക്കാനം റൂട്ടിൽ 65 ബസ് സർവിസ് നടത്തും. രാവിലെ ആറ് മുതൽ ഉച്ചക്ക് ഒന്നുവരെയാണ് സർവിസ്. സത്രം, വള്ളക്കടവ്, നാലാം മൈൽ പ്രവേശനപാതകൾ വഴി രാവിലെ എട്ട് മുതൽ ഭക്തരെ കടത്തിവിടും. ഉച്ചക്ക് രണ്ടിന് ശേഷം ആരെയും കടത്തിവിടില്ല.
മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർ നാലാംമൈൽ വഴിയാണ് തിരികെയിറങ്ങേണ്ടത്. ഉച്ചക്ക് 12 വരെ കമ്പത്തുനിന്ന് കുമളി വഴി ഭക്തരെ കടത്തിവിടും. ഒരുമണിവരെയാണ് കുമളിയിൽനിന്ന് പുല്ലുമേട്ടിലേക്കുള്ള അയ്യപ്പഭക്തരുടെ വാഹനങ്ങൾ കടത്തിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.