ശബരിമല: തീർഥാടക തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തും -ദേവസ്വം ബോർഡ്

ശബരിമല: മകരവിളക്കിനോട് അനുബന്ധിച്ച തീർഥാടക തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത്. ഹൈകോടതിയുടെ നിർദ്ദേശം പരിഗണിച്ചും പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുമായുള്ള കൂടിയാലോചനക്ക് ശേഷവുമാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 9 മുതൽ വെർച്ച്വൽ ക്യൂ ബുക്കിങ് 50000 ആയും തത്സമയ ബുക്കിങ് 5000 ആയും നിജപ്പെടുത്തും. ജനുവരി 13ന് 50000 ആയും മകരവിളക്ക് ദിവസമായ ജനുവരി 14ന് 40000 ആയും മകരവിളക്ക് കഴിഞ്ഞ് അടുത്ത ദിവസമായ 15ന് 60000 ആയും നിയന്ത്രിച്ചിട്ടുണ്ട്. ജനുവരി 9 മുതൽ തത്സമയ ബുക്കിങ് സംവിധാനം നിലക്കലിലേക്ക് മാറ്റും. ദർശനം നടത്തി തിരിച്ചിറങ്ങുന്നവരും ബുക്കിങ്ങിന് നിൽക്കുന്നവരും ചേർന്നുള്ള തിരക്ക് ഒഴിവാക്കാനാണ് ഈ ക്രമീകരണമെന്ന് ദേവസ്വം പ്രസിഡൻ്റ് പറഞ്ഞു.

ജനുവരി 10 മുതൽ സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങൾ മലയിറങ്ങാതെ മകരവിളക്ക് ദർശിക്കുന്നതിന് സന്നിധാനത്ത് തങ്ങാൻ സാധ്യതയുണ്ട്. മകരവിളക്ക് ദർശിച്ച ശേഷം ഇവർ കൂട്ടത്തോടെ പമ്പയിലേക്ക് എത്താനും സാധ്യതയുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വരുന്ന അയ്യപ്പഭക്തരും മലയിറങ്ങുന്നവരും ചേർന്ന് തിരക്ക് രൂക്ഷമാകാതിരിക്കാൻ ജനുവരി 15 മുതൽ ഉച്ചതിരിഞ്ഞ് 3 മുതൽ വൈകുന്നേരം 5 വരെയുള്ള സ്ലോട്ടുകളിൽ ബുക്ക് ചെയ്ത അയ്യപ്പഭക്തർ വൈകുന്നേരം 6ന് ശേഷം എത്തണം.

വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇത് സംബന്ധിച്ച് മെസേജ് നൽകിയിട്ടുണ്ട്. തത്സമയ ബുക്കിങ് 15 മുതൽ 11 മണിക്ക് ശേഷമേ ഉണ്ടാകൂ എന്നും സുരക്ഷിതവും സുഗമവുമായ അയ്യപ്പദർശനം എല്ലാവർക്കും സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും ദേവസ്വം പ്രസിഡൻ്റ് വ്യക്തമാക്കി.

Tags:    
News Summary - Sabarimala: Arrangements to be made to manage pilgrim rush - Devaswom Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.