ശബരിമല: തീർഥാടനത്തിനായി ശബരിമലയിൽ എത്തുന്നവർക്ക് മുടക്കമില്ലാതെ കുടിവെള്ളം എത്തിച്ച് ജലവിതരണ വകുപ്പ്. പമ്പാ തീർഥം കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് മുടക്കമില്ലാതെ യഥേഷ്ടം കുടിവെള്ളം എത്തിക്കുന്നത്. പമ്പ മുതൽ സന്നിധാനം വരെ തീർഥാടന പാതയിൽ കുടിവെള്ള കിയോസ്കുകൾ സ്ഥാപിച്ചാണ് ശുദ്ധജലം എത്തിക്കുന്നത്. പമ്പ കെ.എസ്.ആർ.ടി.സി മുതൽ സന്നിധാനം വരെ 103 കിയോസ്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയുളള 270 ടാപ്പുകളിലൂടെ 24 മണിക്കൂറും മുടക്കമില്ലാതെ കുടിവെള്ളം തീർഥാടകർക്ക് ലഭിക്കും. ആവശ്യമെങ്കിൽ കൂടുതൽ കിയോസ്ക് സ്ഥാപിക്കാനും വാട്ടർ അതോറിട്ടി സജ്ജമാണ്. വാട്ടർ അതോറിട്ടിയുടെ പമ്പ, നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശരംകുത്തി എന്നീ അഞ്ച് ടാങ്കുകളിൽ നിന്നാണ് വെള്ളം എത്തുന്നത്.
പമ്പ ത്രിവേണിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ക്ലോറിനേഷൻ നടത്തി വിവിധ ടാങ്കുകളിൽ വെള്ളം എത്തുന്നു. ഈ വെള്ളം റിവേഴ്സ് ഓസ്മോസിസിലൂടെ ശുദ്ധീകരിച്ചാണ് കുടിവെള്ള ടാപ്പുകളിൽ എത്തുക. പമ്പയിൽ പുതുതായി സ്ഥാപിച്ച രണ്ട് ലക്ഷത്തിന്റെ സ്റ്റീൽ ടാങ്ക് ഉൾപ്പടെ 6.1 ലക്ഷം ലിറ്റർ സംഭരണ ശേഷിയാണുള്ളത്. നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ രണ്ട് ലക്ഷം വീതവും ശരംകുത്തിയിൽ ആറ് ലക്ഷം ലിറ്ററും സംഭരണ ശേഷിയുള്ള ടാങ്കുകളാണുള്ളത്. കൂടാതെ, ദേവസ്വം ബോർഡിന്റെ 40, 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള രണ്ട് ടാങ്കുകളിലും വെള്ളം എത്തിക്കുന്നു. ടാങ്കുകളിൽ വെള്ളം കുറയുന്നതിനനുസരിച്ച് പമ്പിങ് നടത്താൻ 24 മണിക്കൂറും ജീവനക്കാരുമുണ്ട്.
ഇത്തരത്തിൽ വിവിധ സ്ഥലങ്ങളിൽ എത്തുന്ന വെള്ളം വിവിധ സ്ഥലങ്ങളിലായി സഥാപിച്ചിരിക്കുന്ന ഒമ്പത് റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകളിൽ ശുദ്ധികരിച്ചാണ് കുടിവെള്ളമാക്കി മാറ്റുന്നത്. പമ്പ കെ.എസ്.ആർ.ടി.സിയിൽ മണിക്കൂറിൽ 2,000 ലിറ്റർ ശുദ്ധികരിക്കാനുള്ള പ്ലാന്റാണുള്ളത്. ത്രിവേണി, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ മണിക്കൂറിൽ 5,000 ലിറ്ററും നീലിമല ടോപ്പ്, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളിൽ മണിക്കൂറിൽ 2,000 ലിറ്ററും ശുദ്ധീകരിക്കാനാകും. നീലിമല ബോട്ടത്തിൽ 1,000 ലിറ്ററും അപ്പാച്ചിമേട്ടിൽ 3,000 ലിറ്ററും ഓരോ മണിക്കൂറിൽ കുടിവെള്ളമാക്കി മാറ്റും. ഇത്തരത്തിൽ ആകെ 29,000 ലിറ്റർ ജലം ഒരുമണിക്കൂറിൽ കുടിവെള്ളമാക്കി മാറ്റിയാണ് തീർഥാടകരുടെ ദാഹം അകറ്റുന്നത്.
103 കുടിവെള്ള കിയോസ്കുകൾക്ക് പുറമെ ആറിടങ്ങളിൽ ചൂട്, തണുപ്പ്, സാധാരണ വെള്ളംനൽകുന്ന വാട്ടർ ഡിസ്പെൻസറുകളുമുണ്ട്. പൊലീസ് കൺട്രോൾ റൂം, ആഞ്ജനേയ ഓഡിറ്റോറിയത്തിന് സമീപം, നീലിമല ബോട്ടം, അപ്പാച്ചിമേട്, മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങളിലാണ് വാട്ടർ ഡിസ്പെൻസറുകൾ. 1.3 കോടി ലിറ്റർ വെള്ളം പ്രതിദിനം പമ്പ് ചെയ്യാനുള്ള സംവിധാനമാണ് ത്രിവേണിയിലുള്ളത്. പ്രെഷർ ഫിൽട്ടർ സംവിധാനം ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. നിശ്ചിത ഇടവേളകളിൽ ഫിൽട്ടർ സംവിധാനത്തിൽ അടിയുന്ന ചെളിയും നീക്കം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.