നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ശബരിമല ഇൻഫർമേഷൻ സെൻറർ ബോർഡ് പ്രസിഡന്‍റ് അഡ്വ. പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടെർമിനലിന്‍റെ (ടി -1) പ്രവേശന ഭാഗത്താണ് കൗണ്ടർ. ശബരിമല തീർഥാടകർക്ക് 24 മണിക്കൂർ സേവനം ലഭ്യമാകുന്ന രീതിയിലാണ് സെന്‍റർ പ്രവർത്തനം. ഇവിടത്തെ കൗണ്ടർ വഴി അപ്പം, അരവണ പ്രസാദം എന്നിവ ഡിജിറ്റലായി ബുക്ക് ചെയ്യാം.
സൗത്ത് ഇന്ത്യൻ ബാങ്കുമായി (എസ്.ഐ.ബി) സഹകരിച്ചാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ ബുക്ക് ചെയ്ത രസീതുമായി ശബരിമല മാളികപ്പുറം നടക്കടുത്തുള്ള എസ്.ഐ.ബി കൗണ്ടറിൽ ചെന്നാൽ പ്രസാദം ലഭ്യമാകും. അന്നദാനത്തിനും മറ്റുമുള്ള സംഭാവനകളും ക്യു.ആർ കോഡും ഡിജിറ്റൽ കാർഡും വഴി സിയാലിലെ ഈ കൗണ്ടർ വഴി നടത്താം. വഴിപാടുകൾക്കുള്ള ഇ-കാണിക്ക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വിമാനത്താവളത്തിൽ തീർഥാടകർക്കായി ഇടത്താവളം ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് വിശ്രമിക്കാനും മറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ഇടത്താവളത്തിനുള്ളിൽതന്നെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ, സമീപത്തായി പ്രീ പെയ്ഡ് ടാക്സി കൗണ്ടർ, കുറഞ്ഞ ചെലവിൽ 0484 എയ്റോ ലോഞ്ചിൽ താമസസൗകര്യം എന്നിവയും ലഭ്യമാണ്. വിമാനത്താവളത്തിൽനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ സ്പെഷൽ സർവിസ് ദിവസവും രാത്രി എട്ടിനുണ്ട്.
സിയാൽ എയർപോർട്ട് ഡയറക്ടർ മനു.ജി, സി.എഫ്.ഒ സജി ഡാനിയേൽ, ജനറൽ മാനേജർ രാജേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, സുന്ദരേശൻ, സൗത്ത് ഇന്ത്യൻ ബാങ്ക്
ബ്രാഞ്ച് ബാങ്കിങ് ജോയന്‍റ് ജനറൽ മാനേജർ കൃഷ്ണകുമാർ, ഡിജിറ്റൽ ആന്‍ഡ് ടെക്നോളജി ഡെപ്യൂട്ടി ജനറൽ മാനേജർ റോബി ജോർജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.