ശബരിമല: ദർശനത്തിനെത്തുന്നവരെ വട്ടം കറക്കി മൊബൈൽ കമ്പനികൾ. നെറ്റ്വർക്ക് സേവനത്തിൽ ഞൊടിയിട വേഗം വാഗ്ദാനം ചെയ്യുന്ന ജിയോ അടക്കമുള്ള സ്വകാര്യ കമ്പനികളുടെ ഉപഭോക്താക്കളും നെറ്റ്വർക്ക് സംവിധാനത്തിലെ തകരാറുകൾ മൂലം സന്നിധാനത്ത് വലയുകയാണ്. ബി.എസ്.എൻ.എൽ മാത്രമാണ് അൽപമെങ്കിലും ഭേദപ്പെട്ട സേവനം ഉപഭോക്താക്കൾക്ക് നൽകുന്നത്.
ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികളുടെ ഉപഭോക്താക്കളായ തീർഥാടകരും സന്നിധാനത്ത് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുമായ ജീവനക്കാരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. കാൾ ചെയ്യുമ്പോൾ ബീപ് ശബ്ദം മാത്രമാണ് കേൾക്കാറ്. ഇന്‍റർനെറ്റ് വേഗം കുറവായതിനാൽ വാട്സ്ആപ് കാളുകളും പലപ്പോഴും ലഭ്യമാകുന്നില്ല. കാളുകൾ അടിക്കടി കട്ടാവും.
അതിവേഗ ഇന്‍റർനെറ്റും തടസ്സമില്ലാത്ത സേവനവും വാഗ്ദാനം ചെയ്യുന്ന മൊബൈൽ കമ്പനികൾ ശബരിമലയിൽ വേണ്ടത്ര മുന്നൊരുക്കം നടത്താത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. മുൻ വർഷങ്ങളിൽ തീർഥാടനകാലം ആരംഭിക്കും മുമ്പ് തന്നെ കമ്പനികളുടെ വിദഗ്ധർ എത്തി സംവിധാനങ്ങളുടെ വിതരണശേഷി ഉറപ്പാക്കിയിരുന്നു. എന്നാൽ, സന്നിധാനത്തേക്ക് പ്രതിദിനം ലക്ഷത്തോളം അടുത്ത് തീർഥാടകർ എത്തുന്ന സാഹചര്യം ഉടലെടുത്തിട്ടും സേവനം മെച്ചപ്പെടുത്താൻ കമ്പനികൾ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.